എത്ര വെള്ളം കുടിക്കണം? പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. എല്ലാവരും അറിയേണ്ട കാര്യം തന്നെയാണ് ഇത്.
എല്ലാത്തരം പ്രായക്കാർക്കും അവശ്യം വേണ്ട ഒന്നാണ് ജലം. നമ്മുടെ ശരീരത്തിൻറെ 60 - 70% ജലാംശമാണ്. മസ്തിഷ്ക കോശങ്ങളിൽ 80 ന് മുകളിലാണ് ജലത്തിൻറെ തോത്. വെള്ളം കുടിക്കാതെ ഇരിക്കുകയാണെങ്കിൽ കാര്യമായ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകും. ശരീരത്തിൽ നിന്നും പുറം തള്ളേണ്ട വസ്തുക്കൾ കെട്ടിനിന്ന് വിഷബാധ വരെ ഉണ്ടാകും.
ജലപാനമില്ലാതെ രണ്ടോ മൂന്നോ ദിവസം പിടിച്ചുനിൽക്കാൻ നമുക്ക് ആകില്ല. ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ജലത്തിൻറെ ആവശ്യമുണ്ട്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ശ്വസനക്രിയക്കും ജലം അത്യന്താപേക്ഷിതമാണ്. അതുപോലെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വേണ്ടത്ര വെള്ളം ഉണ്ടെങ്കിൽ മാത്രമേ നടക്കൂ. മൂത്രാശയത്തിലും വൃക്കകളിലും ഒക്കെ കല്ല് വരുന്നത് വേണ്ടത്ര വെള്ളം കുടിക്കാത്തതിനാലാണ് എന്ന് ഏതൊരാൾക്കും ഇന്ന് അറിയാവുന്ന കാര്യമാണ്.
ശരീരത്തിന് ജലത്തിൻറെ ആവശ്യമുണ്ടെങ്കിൽ തൊണ്ടയിലും വായിലുമൊക്കെ വരൾച്ച അനുഭവപ്പെടും. ഇത് അനുഭവപ്പെടുന്നതിനു മുമ്പുതന്നെ വെള്ളം കുടിക്കലാണ് ഡീഹൈഡ്രേഷൻ പോലുള്ള അവസ്ഥകൾ ഉണ്ടാകാതിരിക്കാൻ നല്ലത്.
തണുത്ത കാലാവസ്ഥയിൽ ജീവിക്കുന്നവർ അവർ ഏതാണ്ട് 1.8 ലിറ്റർ വെള്ളം കുടിക്കണം എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. എന്നാൽ ഇന്ത്യ പോലുള്ള ചൂടുള്ള സ്ഥലങ്ങളിൽ രണ്ട് ലിറ്ററിൽ കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട്. കൂടുതൽ തടിയും ഭാരവുമുള്ള ആളുകൾ ആണെങ്കിൽ വെള്ളത്തിൻറെ അളവ് പിന്നെയും കൂട്ടണം.
ഭക്ഷണത്തിനു മുമ്പ് വെള്ളം കുടിക്കുകയാണെങ്കിൽ തടിയും ഭാരവും കുറയും. ഭക്ഷണത്തിനൊപ്പം ആണ് കുടിക്കുന്നത് എങ്കിൽ തൽസ്ഥിതി തുടരും. ഭക്ഷണത്തിനുശേഷം വെള്ളം കുടിക്കുകയാണെങ്കിൽ തടി കൂടുകയാണ് ചെയ്യുക. ആയുർവേദം ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും വെള്ളം കുടിക്കാൻ തോന്നുമ്പോൾ കുടിക്കുകയാണ് നല്ലത്. രാവിലെ എഴുന്നേറ്റാൽ പ്രഭാതഭക്ഷണത്തിനു മുമ്പ് ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുന്നത് ആമാശയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പറയപ്പെടുന്നു. ജപ്പാനിൽ ജലചികിത്സ എന്നൊരു ചികിത്സാ രീതി തന്നെയുണ്ട്. ജലചികിത്സ ആരോഗ്യസംരക്ഷണത്തിന് നല്ലതാണെന്നാണ് അതിനെ കുറിച്ചുള്ള പഠനം നടത്തിയിട്ടുള്ളവർ പറഞ്ഞിട്ടുള്ളത്.
മുതിർന്നവരെ പോലെ തന്നെ കുട്ടികൾക്കും ശരീരത്തിൽ ജലത്തിൻറെ ആവശ്യം ഉണ്ട്. ഭക്ഷണം കഴിക്കില്ലെന്ന പേരിൽ പല മാതാപിതാക്കളും കുട്ടികൾക്ക് ആവശ്യമായ വെള്ളം കൊടുക്കാറില്ല. ഇത് അവരുടെ ആരോഗ്യത്തിന് നല്ലതല്ല.
ജലം വേണ്ടത്ര പാനം ചെയ്തില്ലെങ്കിൽ അസിഡിറ്റി, മലബന്ധം, നെഞ്ചരിച്ചിൽ , വയറുവേദന തുടങ്ങിയ അസുഖങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ശരീരത്തിന് വേണ്ട പോഷകങ്ങൾ വലിച്ചെടുക്കണമെങ്കിൽ ജലം കൂടിയേതീരൂ. ശരീരത്തിൽ നിന്നും മാലിന്യങ്ങൾ പുറന്തള്ളാനും ജലം അത്യാവശ്യമാണ്.
വേണ്ടത്ര വെള്ളം കുടിച്ചില്ലെങ്കിൽ മാനസികാവസ്ഥയെ വരെ അത് ബാധിക്കും. മാനസികസമ്മർദ്ദത്തെ കുറയ്ക്കാനും വിഷാദരോഗത്തെ തുടക്കത്തിൽതന്നെ തടയാനും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ അളവിൽ ശരീരത്തിൽ ജലാംശം ഇല്ലെങ്കിൽ തളർച്ചയും ക്ഷീണവുമൊക്കെ അനുഭവപ്പെടും.
മുടിയുടെ വളർച്ചയിലും വെള്ളത്തിന് പങ്കുണ്ട്. ചർമ്മത്തിന് ആരോഗ്യം നിലനിർത്താൻ വേണ്ടുവോളം വെള്ളം കുടിചേ തീരൂ . മുഖക്കുരു പോലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം വേണ്ടത്ര ജലം ശരീരത്തിൽ ഇല്ലാത്തതാണ്.
കൂടുതൽ വെള്ളം കുടിക്കുന്നത് ആന്തരാവയവങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ പറഞ്ഞിരുന്നു. എന്നാൽ ആധുനിക വൈദ്യ ശാസ്ത്രം ഇതിനെ തള്ളിക്കളഞ്ഞതായിട്ടാണ് കാണുന്നത്. വെള്ളം കുടിച്ചാലല്ല കുടിക്കാതിരുന്നാലാണ് രോഗങ്ങൾ വരാൻ സാധ്യത എന്നാണ് വസ്തുത.