വിശപ്പും ദാഹവും ഒരുപോലെ മാറ്റുന്ന ഒരുപാടു ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണവസ്തുവാണ് തണ്ണിമത്തൻ. വേനല്‍ക്കാലങ്ങളിൽ ശരീരത്തിന് കുളിര്‍മയേകുന്നു. തണ്ണിമത്തൻറെ ചുവന്ന മാംസളമായ ഭാഗം കഴിച്ച് ബാക്കിയെല്ലാ ഭാഗങ്ങളും എറിഞ്ഞു കളയുന്നതാണ് പൊതുവേയുള്ള പതിവ്. തണ്ണിമത്തന്റെ മാംസളമായ ഭാഗം മാത്രമല്ല, തണ്ണിമത്തന്‍ കുരുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്. മാംസളമായ ഭാഗത്തേക്കാള്‍ കൂടുതല്‍ ആരോഗ്യകരമാണ് കുരുവെന്നു വേണം പറയാന്‍. കാരണം ഇതിൽ കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ, എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യവും മഗ്നീഷ്യവും ബിപി നിയന്ത്രിയ്ക്കാനും ഹൃദയാരോഗ്യത്തിനുമെല്ലാം ഉത്തമവുമാണ്.
തണ്ണിമത്തൻ ഇനി വീട്ടിൽ തന്നെ കൃഷി ചെയ്താലോ? എങ്ങനെ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ തണ്ണിമത്തൻ കുരു
തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഇൻസുലിൻ സംവേദനക്ഷമത നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ പ്രമേഹ രോഗികൾക്ക് തണ്ണിമത്തൻ വിത്തുകൾ നല്ലതാണെന്ന് പറയപ്പെടുന്നു. തണ്ണിമത്തന്‍ കുരു വറുത്ത് പൊടിച്ച് ഇത് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇത് പ്രമേഹത്തിന് പരിഹാരമാകും.
ഷുഗർ ലെവൽ കുറക്കുന്നതിന് പുറമെ വേറെയും പല ഗുണങ്ങളുണ്ട് തണ്ണിമത്തൻ കുരുവിന്
* രോഗപ്രതിരോധ സംവിധാനത്തിന് അത്യന്താപേക്ഷിതമായ ഒരു പ്രധാന പോഷകമാണ് സിങ്ക്. തണ്ണിമത്തൻ വിത്തുകളിൽ ഗ്ലോബുലിൻ, ആൽബുമിൻ എന്നീ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. തണ്ണിമത്തൻ വിത്തിൽ അമിനോ ആസിഡ് എൽ-അർജിനൈൻ അടങ്ങിയിട്ടുണ്ട്. ഗവേഷണമനുസരിച്ച്, എൽ-അർജിനൈൻ നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്നു.
* തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഏറെ ഗുണകരമാണ് തണ്ണിമത്തന്‍ കുരു കഴിക്കുന്നത്. തണ്ണിമത്തൻ വിത്തിൽ കലോറി കുറവാണ്, പോഷക സമ്പുഷ്ടവുമാണ്. വറുക്കുമ്പോൾ, അവ കൊറിക്കുവാനും ഉത്തമമാണ്, കൂടാതെ മറ്റ് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളുടെ സ്ഥാനത്ത് എളുപ്പത്തിൽ കഴിക്കുവാനും കഴിയും.
* തണ്ണിമത്തൻ വിത്തുകൾ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടം നൽകുന്നു - ഒരു വലിയ പിടി (4 ഗ്രാം) തണ്ണിമത്തൻ വിത്തുകൾ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ യഥാക്രമം 0.3, 1.1 ഗ്രാം നമുക്ക് നൽകുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ, ഈ കൊഴുപ്പുകൾ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഉപയോഗപ്രദമാണ്. ഇതിനാല്‍ തന്നെ ഹൃദയാരോഗ്യത്തിനും ഇത് ഗുണകരമാണ്. അവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.