എച്ച്1എൻ1, എച്ച്5എൻ1 എന്നിവ പക്ഷികളിൽ കണ്ടുവരുന്ന ഇൻഫ്ളുവെൻസ വൈറസാണ്. വ്യത്യസ്ത ജനിതക ഗ്രൂപ്പുകളിൽപ്പെടുന്ന ഈ ഇൻഫ്ളുവെൻസ വൈറസുകൾ മനുഷ്യരെ എളുപ്പത്തിൽ ബാധിക്കില്ല. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് ഇവ പകരുന്നത് അസാധാരണമാണ്. എന്നാൽ, ഇവ രണ്ടും അത്യന്തം അപകടകാരിയായ വൈറസുകളാണ്.
എച്ച്1എൻ1 വൈറസുകൾ പ്രതിരോധശേഷി കുറവുള്ളവരിലോ, ഗർഭിണികളിലോ, മറ്റ് രോഗാവസ്ഥയിലുള്ളവരിലോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമാകും. എന്നാൽ ഉയർന്ന മരണനിരക്കിന് സാധ്യതയുള്ളതാണ് എച്ച്5എൻ1. അവ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ സൂചിപ്പിക്കുന്നുണ്ട്.
പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ആദ്യം കാണില്ലെങ്കിലും ജനിതകമാറ്റങ്ങൾ സംഭവിച്ച് അത്യന്തം വിനാശകാരി ആകുവാനുള്ള ശേഷി ഈ വൈറസിനുണ്ട്. ഏവിയൻ ഇൻഫ്ളുവെൻസ ബാധിച്ച വ്യക്തിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളും തുടർന്ന് മരണംവരെ സംഭവിക്കാമെന്ന് ഡബ്ള്യുഎച്ച്ഒ പറയുന്നു.
മനുഷ്യരിൽ കാണുന്ന രോഗലക്ഷണങ്ങൾ
കണ്ണിന് അസ്വസ്ഥത അല്ലെങ്കിൽ കണ്ണിലെ ചുവപ്പ് ആയിരുന്നു ടെക്സസിൽ വൈറസ് ബാധിച്ച ആളിൽ കണ്ട ലക്ഷണങ്ങൾ. മനുഷ്യനിൽ എച്ച്5എൻ1 പകരുന്നതിനുള്ള സാധ്യതകൾ വളരെ കുറവാണ്. എന്നാൽ, വായുവിലൂടെയും സ്പർശനത്തിലൂടെയുമൊക്കെ വൈറസ് ശരീരത്തൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. പനി, ചുമ, ശരീരവേദന, ന്യൂമോണിയ, ശ്വാസതടസം എന്നിവയാണ് വൈറസ് ബാധിച്ച മനുഷ്യരിൽ കാണിക്കുന്ന രോഗലക്ഷണങ്ങൾ.