ബിപി കുറയുന്നതും കൂടുന്നതുമെല്ലാം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. തലകറക്കം, തളര്‍ച്ച എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ബിപി കുറയുന്നതുമൂലം ഉണ്ടാകാം. ബിപി ഗണ്യമായി കുറയുന്നത് ജീവന് അപകടമാണ്. പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയാണിത്. എന്നാൽ ബിപി നോർമലിൽ നിന്ന് കുറച്ച് കുറഞ്ഞ സന്ദർഭങ്ങളിൽ ചില കാര്യങ്ങൾ ചെയ്‌താൽ ബിപി നോർമലിലേയ്ക്ക് കൊണ്ടുവരാവുന്നതാണ്.
- ഡീഹൈഡ്രേഷൻ അതായത് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിൽ ബിപി കുറയാം. അതിനാല്‍ ബിപി ഉയര്‍ത്താൻ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. വെള്ളം മാത്രമല്ല, കരിക്കിൻ വെള്ളം, ഹെര്‍ബല്‍ ചായകള്‍ എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
- ഭക്ഷണത്തില്‍ അല്‍പം ഉപ്പ് കൂടുതലായി ചേര്‍ത്ത് കഴിച്ചാല്‍ ബിപി ഉയര്‍ത്താൻ നമുക്ക് സാധിക്കും. പക്ഷേ ഇത് ചെയ്യും മുമ്പ് ഡോക്ടറുമായി കൺസള്‍ട്ട് ചെയ്യുന്നത് നല്ലതാണ്. പ്രത്യേകിച്ച് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കൂടി ഉള്ളവരാണെങ്കില്‍.
- കിടക്കുമ്പോൾ കാലുകള്‍ അല്‍പനേരം പൊക്കി വയ്ക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുന്നതിന് സഹായകമാണ്. ഇത് ബിപി കുറയുന്നത് മൂലം ഉണ്ടാകുന്ന തളര്‍ച്ച, തലകറക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കും.
- ചായയും കാപ്പിയും കുടിക്കുന്നത് ബിപി കൂട്ടാൻ സഹായിക്കും. എന്നാല്‍ ദിവസത്തില്‍ അളവിലധികം കാപ്പിയോ ചായയോ കുടിക്കുന്നത് നല്ലതല്ല.
- യോഗ, ബ്രീത്തിംഗ് എക്സര്‍സൈസ് എന്നിവ മുടങ്ങാതെ ചെയ്യുന്നതും ബിപി പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായകമാണ്. വ്യായാമവും പതിവായി ചെയ്യുന്നത് ഏറെ നല്ലതാണ്.
- ചില ഭക്ഷണങ്ങളോ പാനീയങ്ങളോ ബിപി ഉയര്‍ത്തുന്നതിന് നമ്മെ സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസ് അത്തരത്തിലൊരു വിഭവമാണ്. ബേസില്‍ ടീയും അങ്ങനെ കഴിക്കാവുന്നതാണ്. ബിപി കുറവായിട്ടുള്ളവര്‍ ദിവസത്തില്‍ നാല് നേരം ഭക്ഷണം എന്നത് വിട്ട് ആറ് നേരമോ അതിലധികമോ ആക്കി, ചെറിയ അളവില്‍ കഴിക്കുന്നതും നല്ലതാണ്.
- ദിവസവും ആവശ്യമായത്ര ഉറക്കവും ഉറപ്പിക്കണം. അല്ലാത്തപക്ഷം വീണ്ടും ബിപി അനുബന്ധമായ പ്രശ്നങ്ങള്‍ നേരിടാം.