മാതാപിതാക്കളോട് പരുഷമായി പെരുമാറുന്നത് കൗമാരപ്രായത്തിലുള്ള കുട്ടികളിൽ സാധാരണയാണ്. എന്നാൽ ഇതിനു പിന്നിൽ പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട്. കൗമാരക്കാരായ കുട്ടികളെ കൈകാര്യം ചെയ്യാൻ പല മാതാപിതാക്കളും നല്ലവണ്ണം പാടുപെടുന്നുണ്ട്. പലപ്പോഴും അവർ കുട്ടികളോട് പരുഷമായും പെരുമാറുകയും പരുഷമായ മറുപടികള്‍ നല്‍കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളിലെ ഗെയിമിംഗ് അഡിക്ഷന്‍, എങ്ങനെ തിരിച്ചറിയാം ?
ചുരുക്കത്തിൽ പലപ്പോഴും രക്ഷിതാക്കള്‍ ഈ പ്രായത്തിലുള്ള കുട്ടികളുടെ പെരുമാറ്റം മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും വളരെയധികം പ്രയാസപ്പെടുന്നു. തർക്കങ്ങൾക്കിടയിൽ കുട്ടികളെ ശിക്ഷിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയേയുള്ളൂ. ഇത്തരം സ്വഭാവരീതികൾ പ്രകടിപ്പിക്കുന്ന കുട്ടികളോട് ആദ്യം കാര്യങ്ങള്‍ ക്ഷമയോടെ പറഞ്ഞു മനസിലാകാന്‍ ശ്രമിക്കുക. സ്‌കൂളിലോ ട്യൂഷനിലോ മറ്റെവിടെയെങ്കിലുമോ വെച്ച് ആരെങ്കിലും അവരെ ഭീഷണിപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യുന്നുണ്ടോ എന്ന് നിങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. അത്തരം അനുഭവങ്ങൾ നേരിടുന്ന കുട്ടികള്‍ അവരുടെ വികാരങ്ങള്‍ ആരോടും പങ്കുവയ്ക്കാന്‍ കഴിയാതെ കടുത്ത ഏകാന്തത അനുഭവിക്കുകയും അതിന്റെ ഫലമായി അവരുടെ പെരുമാറ്റം പ്രകോപനപരമായി മാറുകയും ചെയ്തേക്കാം.
പല കുട്ടികളും തങ്ങളെ മറ്റാരുമായും താരതമ്യം ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. എന്നിരുന്നാലും, പല മാതാപിതാക്കളും അധ്യാപകരും കുട്ടികളെ പരസ്പരം താരതമ്യം ചെയ്യാറുണ്ട്. ഇത് അവരുടെ സ്വഭാവത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. സ്വയം വിലകുറച്ചു കാണാനും മറ്റുള്ളവരോട് പ്രകോപിതരായി പ്രതികരിക്കാനും ഇത് കാരണമാകും.
കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നാലും അവരുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കും. ഉദാഹരണത്തിന്, നിങ്ങള്‍ പറയുന്ന കാര്യം അവര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ അവര്‍ നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. അത്തരമൊരു സാഹചര്യത്തില്‍ അവരോട് ക്ഷമയോടെയും സ്‌നേഹത്തോടെയും സംസാരിക്കുകയും കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യണം.
തങ്ങളുടെ ചുറ്റിലും കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ കുട്ടികളെ സ്വാധീനിക്കും. ടിവിയിലും മൊബൈലിലും അക്രമാസക്തമായ ദൃശ്യങ്ങള്‍ പതിവായി കാണുന്നത് അവരുടെ സ്വഭാവത്തില്‍ ദോഷകരമായ സ്വാധീനം ചെലുത്തും. അതിനാല്‍, ഇത്തരം കാര്യങ്ങള്‍ അവരുടെ സ്വകാര്യതയെ ബാധിക്കാതെ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്.
കുട്ടികളെ വ്യായാമ ശീലത്തിലേക്ക് നയിക്കുന്നത് നല്ലതാണ്. ആരോഗ്യം മോശമാണെങ്കിൽ അവരുടെ പെരുമാറ്റം അതിനനുസരിച്ച് മോശമാവുകയും അവർ പ്രകോപിതരാവുകയും ചെയ്യാനിടയുണ്ട്. കൃത്യമായ വ്യായാമത്തോടൊപ്പം പോഷകസമൃദ്ധമായ ഭക്ഷണവും ഉറപ്പാക്കുന്നത് കൗമാരാക്കാരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.
കൗമാരപ്രായത്തില്‍ കുട്ടികള്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളാണ് നേരിടുക. നേരിട്ടുള്ള ആശയവിനിമയത്തിന്റെ കാര്യത്തില്‍ വളരെ പിന്നോട്ടാണ് ഇന്നത്തെ തലമുറ. അതിനാല്‍ പലപ്പോഴും ഈ കുട്ടികള്‍ മാനസിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് അറിയുന്നതിനും സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതായി ഒരു പഠനം പറയുന്നു.