നമ്മുടെയെല്ലാം ആരോഗ്യം നിലനിർത്തണമെങ്കിൽ പോഷകഗുണങ്ങളുടെ ഭക്ഷണത്തോടൊപ്പം ആവശ്യത്തിനുള്ള വ്യായാമവും അനിവാര്യമാണ്. ഇല്ലെങ്കിൽ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്. എന്നാൽ അമിതമായ വ്യായാമം അപകടമുണ്ടാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇന്ന് പ്രായഭേദമെന്യ പ്രായമായവരിലും ചെറുപ്പക്കാരിലും ഹൃദയാഘാതം ഉണ്ടാകുന്നു. ഹൃദയാഘാതം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കൃത്യമായ വ്യായാമവും ജീവിത ശൈലിയും പിന്തുടർന്നിട്ടും നിരവധി പേർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നിലുള്ള കാരണത്തെ കുറിച്ച് നോക്കാം.
അമിത വ്യായാമം ഹൃദയാഘാത സാധ്യത കൂട്ടുവാൻ സാധ്യതകൾ ഏറെയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. വ്യായാമം കൂടുതൽ ചെയ്‌താൽ ശരീരത്തിന് നല്ലതാണെന്ന് വിചാരിക്കുന്നത് തെറ്റാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായ വ്യായാമത്തിൽ ഏർപ്പെടരുതെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 30നും 40നും ഇടയിൽ പ്രായമുള്ള ആളുകൾ ശാരീരകമായി യാതൊരു പ്രവർത്തനങ്ങളും ചെയ്യാതെ ഇരുന്നിട്ട് പെട്ടെന്ന് അധിക വ്യായാമം ചെയ്യുന്നത് ദോഷം ചെയ്യും. വേഗത്തിൽ ഫിറ്റാകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്തരത്തിൽ കഠിനമായ വ്യായാമം ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കണമെന്നും വിദഗ്ധർ പറയുന്നു. ഏതെങ്കിലും വ്യായാമം ചെയ്യുമ്പോൾ ഛർദ്ദി, തലകറക്കം എന്നിവ അനുഭവപ്പെട്ടാൽ ആ വ്യായാമം അപ്പോൾ തന്നെ നിർത്തേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: Heart health: ആരോഗ്യകരമായ ഹൃദയത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കാം
രക്തസമ്മർദ്ദം കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഹൃദയപേശികളെ ശക്തിപ്പെടുത്താനുമെല്ലാം വ്യായാമം ആവശ്യമാണ്. പക്ഷെ ദീർഘനേരം തീവ്രമായ വർക്ക്ഔട്ടിൽ ഏർപ്പെടുന്നത് ആരോഗ്യത്തിന് നല്ലതല്ല. കഠിനമായ വ്യായാമം ഹൃദയാഘാതം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. അഭിജിത് പറഞ്ഞു.
അമിതവ്യായാമം ഹൃദയത്തിൽ ചെലുത്തുന്ന ആയാസമാണ് പ്രധാനം. കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ, പേശികൾക്ക് ഓക്സിജനും പോഷകങ്ങളും നൽകുന്നതിന് ഹൃദയം കൂടുതൽ രക്തം പമ്പ് ചെയ്യുന്നു. ഇത് വ്യായാമത്തോടുള്ള ഒരു സാധാരണ പ്രതികരണമാണ്. ഇത് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. എന്നിരുന്നാലും, വ്യായാമം അമിതമാകുമ്പോൾ ഹൃദയം അമിതമായി അധ്വാനിക്കുകയും ക്ഷീണിക്കുകയും ചെയ്യും. ഇത് അപകടസാധ്യത വർദ്ധിപ്പിക്കും.
അമിതമായി വ്യായാമം ചെയ്യുന്നത് കാലക്രമേണ ഹൃദയപേശികളെ ദുർബലപ്പെടുത്തുകയും ഫലപ്രദമായി പമ്പ് ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നു. വേഗത്തിലുള്ള നടത്തം, ജോഗിംഗ്, സൈക്ലിംഗ്, ആഴ്ചയിൽ രണ്ട് മണിക്കൂർ നീന്തൽ എന്നിവ ഉൾപ്പെടുന്ന മിതമായ വ്യായാമങ്ങളാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് വിദഗ്ധർ പറയുന്നു.