ശ്രദ്ധിക്കാതിരുന്നാൽ സ്‌ട്രോക്കിനും ഹൃദ്രോഗത്തിനും മറ്റും കാരണമാകുന്ന ഉയർന്ന രക്തസമ്മർദ്ദം ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ഈ അസുഖത്തിന് പ്രത്യേകിച്ച് യാതൊരു ലക്ഷണങ്ങളും ഇല്ലാത്തതിനാൽ വൈകിയാണ് പലരും രക്തസമ്മർദ്ദം ഉണ്ടെന്നറിയുന്നത്. രക്തസമ്മർദ്ദം പരിശോധിക്കേണ്ടതിൻറെ ബോധവൽക്കരണം യുവകളടക്കം എല്ലാവരിലും നടത്തേണ്ടത് ആവശ്യമാണ്. പതിവായി രക്തസമ്മർദ്ദം പരിശോധിക്കേണ്ടതിൻറെ ആവശ്യകതകൾ എന്തൊക്കെയെന്ന് അറിയാം.
രക്തസമ്മർദ്ദം നിരന്തരമായി പരിശോധിക്കേണ്ടതിൻ്റെ ആവശ്യം വ്യക്തിഗത ആരോഗ്യ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. സാധാരണ രക്തസമ്മർദ്ദം ഉള്ളവർക്ക് വാർഷിക പരിശോധനകൾ മാത്രം മതിയാകും. എന്നാൽ രക്തതാതി സമ്മർദ്ദം, അമിതവണ്ണം, പ്രമേഹം, അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ കണ്ടെത്തിയിട്ടുള്ള ഫാമിലി ഹിസ്റ്ററി ഉള്ളവർ, എന്നിവർ ഇടയ്ക്കിടെ പരിശോധന നടത്തുന്നതാവും നല്ലത്.
പതിവായി രക്തസമ്മർദ്ദം പരിശോധിക്കുന്നതിൻ്റെ ഗുണങ്ങളറിയാം
രക്താതിസമ്മർദ്ദം നേരത്തെ കണ്ടുപിടിക്കുന്നതിനും, ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം, തുടങ്ങിയവയുടെ സങ്കീർണ്ണതകൾ തടയുന്നതിനും സ്ഥിരമായുള്ള ബി.പി പരിശോധനകൾ സഹായിക്കുന്നു.
രക്തസമ്മർദ്ദം പരിശോധിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അപകടസാധ്യതകൾ വിലയിരുത്തുവാനും, അതിന് അനുസൃതമായി ചികിത്സാപദ്ധതികൾ ക്രമീകരിക്കുവാനും, രക്തസമ്മർദ്ദ നിയന്ത്രണത്തിന് അനുസരിച്ചുള്ള രീതിയിൽ മാറ്റങ്ങൾ നിർദ്ദേശിക്കാൻ ആരോഗ്യവിദഗ്ധരെ സഹായിക്കുകയും ചെയ്യുന്നു
വീട്ടിൽ തന്നെ ബി.പി നിരീക്ഷിക്കുന്നത് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗമാണ്. മികച്ച ഫാർമസിയിൽ നിന്നും ഉള്ള ബിപി മോണിറ്റർ വാങ്ങാവുന്നതാണ്. അതിൻ്റെ കൃത്യത ഉറപ്പുവരുത്തുക, അതുപോലെ ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കുക.
പരിശോധന നടത്തുമ്പോൾ സിസ്റ്റോളിക്, ഡയസ്റ്റോളിക് റീഡിങുകൾ രേഖപ്പെടുത്തുക. എല്ലാ ദിവസവും ഒരേ സമയം തന്നെ രക്തസമ്മർദ്ദം അളക്കുകയും റീഡിങുകൾ കൃത്യമായി രേഖപ്പെടുത്തി വെയ്ക്കുകയും ചെയ്യുക. ചെക്കപ്പ് സമയത്ത് വിദഗ്ധരുമായി ഈ റീഡിങ്ങുകൾ പങ്കുവെയ്ക്കുക. ഇത്തരത്തിൽ പതിവായി രക്ത സമ്മർദ്ദം പരിശോധിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതകൾ കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിനും സാധിക്കും.