തൃശ്ശൂർ: പഴയന്നൂർ ബ്ലോക്ക് പരിധിയിൽ കാർഷിക മേഖലയിൽ പുത്തൻ ഉണർവ്വ് നൽകുന്നതിനായി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിക്ക് 2 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. കടുത്ത ചൂടും കാലാവസ്ഥയിലെ വ്യതിയാനങ്ങളും കാരണം ജലസമ്പത്ത് വെല്ലുവിളി നേരിടുന്ന അവസരത്തിൽ ചെടികൾക്കാവശ്യമുള്ള കൃത്യമായ അളവിലുള്ള വെള്ളം മൈക്രോ ഇറിഗേഷൻ (ഡ്രിപ്പ് ) സംവിധാനത്തിലൂടെ കാർഷിക മേഖലയിലെ കൂടുതൽ കർഷകർക്ക് ലഭ്യമാക്കുക എന്ന ഉദ്ധ്യേശത്തോടെയാണ് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
ഒരു ചെടിക്ക് വേണ്ട വെള്ളത്തിൻ്റെ അളവ് നിർണ്ണയിച്ച് കൃത്യമായ ഇടവേളകളിൽ ആവശ്യമായ വെള്ളം മാത്രം ചെടിയുടെ ചുവട്ടിൽ എത്തിക്കുന്ന ജലസേചന രീതിയാണ് ഡ്രിപ്പ് ഇറിഗേഷൻ അഥവ കണികാ ജലസേചനം. ഒരു സ്രോതസ്സിൽ നിന്നും വെള്ളമെടുത്ത് ഡ്രിപ്പ് രീതിയിലൂടെ ഒരു വാർഡിലേയൊ, ഒന്നിലധികം വാർഡുകളിലെ കർഷകരുടെ കൃഷിയിടങ്ങളിൽ എത്തിക്കുന്നതിനാണ് സാമൂഹ്യ കണിക ജലസേചന പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരത്തിൽ ആദ്യത്തേത് ചിറ്റൂർ മണ്ഡലത്തിലാണ്. തൃശ്ശൂർ ജില്ലയിൽ ആദ്യമായാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. ജലവിഭവ വകുപ്പ്, കൃഷി വകുപ്പ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5 കല്ലേപ്പാടത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
2 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘടത്തിലൂടെ 74 ഏക്കർ സ്ഥലത്തെ വിളകളെയാണ് (പ്രധാനമായും) ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ കൂടുതൽ കൃഷിയിടങ്ങളും കർഷകരേയും ഉൾപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കേരള ഇറിഗേഷൻ ഇൻഫ്രോസ്ട്രക്ചർ ഡെവലവ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) നെയാണ് പദ്ധതി നടപ്പിലാക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ച് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആറ്റൂരിൽ നിർമ്മിക്കുന്ന കാർഷിക കെട്ടിട സമുച്ചയത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. പദ്ധതി യാഥാർത്യമാക്കുന്നതോടെ കർഷകർക്ക് കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ച് കൂടുതൽ സ്ഥലത്ത് കാർഷിക ഉത്പ്പാദനം നടത്താൻ സാധിക്കും. പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 9 ശനിയാഴ്ച രാവിലെ 9.30 ന് പഴയന്നൂർ കല്ലേപ്പാടത്ത് നടക്കും.