കുതിച്ചുയരുന്ന തക്കാളി വില പിടിച്ചുകെട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ സബ്സിഡി നിരക്കിൽ തക്കാളി വിൽക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനെ തുടർന്ന് ഡൽഹി, ലക്നൗ, പട്ന തുടങ്ങിയ നഗരങ്ങളിൽ 90 രൂപ നിരക്കിൽ തക്കാളി ലഭിക്കും. എന്നാൽ ഒരാൾക്ക് 2 കിലോ തക്കാളി മാത്രമാണ് വാങ്ങാൻ സാധിക്കുക.
കൂടുതൽ വാർത്തകൾ: ബർഗറിൽ നിന്നും തക്കാളി ഔട്ട്; മക്ഡൊണാൾസ് വിഭവങ്ങളിൽ തക്കാളി ഉണ്ടാകില്ല
നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഡൽഹിയിൽ സബ്സിഡി നിരക്കിൽ തക്കാളി വിൽക്കുന്നത്. ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് തക്കാളി സംഭരിക്കുന്നത്. ഇതിനായി നാഫെഡ്, എൻസിസിഎഫ് എന്നീ കാർഷിക വിപണന ഏജൻസികളോട് തക്കാളി സംഭരണം ഉടൻ ആരംഭിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. സബ്സിഡി നിരക്കിൽ വിൽക്കുമ്പോഴുണ്ടാകുന്ന നഷ്ടം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്യുക.
ഡൽഹി എൻസിആർ മേഖലകളിൽ റീട്ടെയിൽ ഔട്ടലെറ്റുകൾ വഴി തക്കാളി വിതരണം ചെയ്യും. നോയിഡയിലെ വിവിധ പ്രദേശങ്ങളിൽ വാനുകൾ വഴി കുറഞ്ഞ വിലയ്ക്ക് തക്കാളി വിൽക്കാനാണ് തീരുമാനം. ലക്നൗ, കാൺപൂർ എന്നിവിടങ്ങളിൽ ഉടൻ വിൽപന ആരംഭിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 224 രൂപ വരെ തക്കാളിയ്ക്ക് വില ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇടപെട്ടത്.
ആദ്യദിനം വിൽപനയ്ക്കായി എത്തിച്ചത് 17,000 കിലോ തക്കാളിയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ തക്കാളി ഉൽപാദിപ്പിക്കുന്നത് ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. കനത്ത മഴമൂലം കൃഷിനാശം സംഭവിച്ചതോടെ കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള തക്കാളി വരവ് കുറഞ്ഞു. ദീർഘനാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കാത്തതും കൃത്യസമയത്ത് മാർക്കറ്റുകളിൽ എത്തിക്കാൻ സാധിക്കാത്തതും തക്കാളി വില കൂടാനുള്ള മറ്റ് കാരണങ്ങളാണ്.