1. ഓണത്തോടനുബന്ധിച്ച് 2 മാസത്തെ ക്ഷേമപെൻഷൻ അനുവദിക്കാനൊരുങ്ങി ധനവകുപ്പ്. സാമൂഹിക സുരക്ഷാ പെൻഷൻ വിഭാഗത്തിൽ 1,550 കോടി രൂപയും, ക്ഷേമനിധി ബോർഡ് പെൻഷൻ വിഭാഗത്തിൽ 212 കോടി രൂപ ഉൾപ്പെടെ 1762 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതമാണ് പെൻഷൻ ലഭിക്കുക. ഈമാസം 23നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് തീരുമാനം. സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലാണ് തുക എത്തുക. ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി തുക ലഭിക്കും.
കൂടുതൽ വാർത്തകൾ: ജനന-മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാർ നിർബന്ധം
2. തക്കാളി വില കുതിച്ചുയരുന്നതിനിടയിൽ ചെന്നൈ നിവാസികൾ ചായ കുടിയ്ക്കുന്ന തിരക്കിലാണ്. കൊളത്തൂരിലെ ചായക്കടയിലാണ് 12 രൂപയുടെ ചായയ്ക്ക് 1 കിലോ തക്കാളി സൗജന്യമായി നൽകിയത്. കർശന നിയന്ത്രണങ്ങളോടെയാണ് കഴിഞ്ഞ 3 ദിവസം കടയിൽ ചായയും ഒപ്പം തക്കാളിയും വിറ്റത്. പ്രതിദിനം 100 പേർക്ക് 300 കിലോ തക്കാളി വീതം വിതരണം ചെയ്തു. ഭൂരിഭാഗവും സ്ത്രീകളാണ് ചായ കുടിച്ച് തക്കാളി വാങ്ങാൻ എത്തിയത്. ഒരാൾക്ക് ഒരുതവണ മാത്രം തക്കാളി നൽകും. ആദ്യം എത്തുന്ന 100 പേർക്ക് ടോക്കൺ നൽകിയാണ് തക്കാളി വിറ്റത്.
3. സൗദി അറേബ്യയിലെ അൽബാഹയിൽ 15-ാംമത് അന്താരാഷ്ട്ര തേൻ ഉത്സവത്തിന് തുടക്കം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 120 സ്റ്റാളുകൾ മേളയിൽ അണിനിരക്കുന്നുണ്ട്. പ്രാദേശിക ഉൽപന്നങ്ങളെയും തേനീച്ച കർഷകരെയും പ്രോത്സാഹിപ്പിക്കുക വഴി അവരുടെ വരുമാനം ഉയർത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. 40 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ തേനീച്ച കർഷകർക്കായി അന്താരാഷ്ട്ര ഏഷ്യൻ സമ്മേളനവും നടക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ തേൻ ഉൽപാദിപ്പിക്കുന്ന മേഖലയാണ് അൽബാഹ.