1. സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 203.9 കോടി രൂപ അനുവദിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടിയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടിയും അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക ലഭിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക അനുവദിച്ചത്. നേരത്തെ 2 തവണയായി 380 കോടി രൂപയും നൽകിയിരുന്നു. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ കുടിശിക 763 കോടി രൂപയാണ്.
കൂടുതൽ വാർത്തകൾ: PM Kisan; പതിനാറാം ഗഡു ഈ മാസം കിട്ടും! തീയതി അറിയാം..
2. കോഴിക്കോട് മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ 'പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും' പദ്ധതിയ്ക്ക് തുടക്കമായി. ഗുണഭോക്താക്കൾ സ്വയം പര്യാപ്തത കൈവരിച്ച് സുരക്ഷിത പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ നിർവഹിച്ചു. സർക്കാർ അംഗീകൃത എച്ച്ഡിപിഇ ചട്ടിയിൽ പോട്ടിങ് മിശ്രിതവും ഹൈബ്രിഡ് തൈകളും 75 ശതമാനം സബ്സിഡിയിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. വളവും ഹൈബ്രിഡ് പച്ചക്കറി തൈകളും ഗുണഭോക്താക്കൾക്ക് നൽകും. കാർഷിക കർമ്മസേന വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
3. തുടർച്ചയായ വിലയിടിവിൽ ഇടുക്കിയിലെ കുരുമുളക് കർഷകർ വലയുന്നു. വിളവെടുപ്പ് സീസണിൽപോലും 1 കിലോഗ്രാമിന് 500 രൂപ വരെ താഴ്ന്നു. 3 മാസത്തിനിടെ 110 രൂപയുടെ ഇടിവ്. 2014ൽ 1 കിലോ കുരുമുളകിന് 710 രൂപ വരെ വില ലഭിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം ഉദ്പാദനത്തിൽ കുറവ് വന്നെങ്കിലും കുരുമുളക് സംഭരിച്ചുവച്ച കർഷകർക്ക് വിലയിടിവ് കനത്ത ആഘാതമായി. കൂടാതെ വിദേശ കുരുമുളകിന്റെ ഇറക്കുമതിയും കേരളത്തിലെ കുരുമുളക് കർഷകരെ സാരമായി ബാധിച്ചു. വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നാണ് രാജ്യത്ത് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്.
4. റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്‌സറികളില്‍ നിന്നും കപ്പ് തൈകള്‍ വിതരണം ചെയ്യുന്നു. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍നിന്നും കാഞ്ഞികുളം, മഞ്ചേരി, ഉളിക്കല്‍ ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍നിന്നും അംഗീകൃത റബ്ബറിനങ്ങളായ RRII 105, 430, 414 എന്നിവയുടെ കപ്പുതൈകളാണ് നൽകുന്നത്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ ഓഫീസിലോ നഴ്‌സറിയിലോ അപേക്ഷ നല്‍കണം. അപേക്ഷാഫോം റബ്ബര്‍ബോര്‍ഡിന്റെ ഓഫീസുകളിലും, www.rubberboard.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - റബ്ബര്‍ബോര്‍ഡ് കോള്‍സെന്റർ (04812576622), മുക്കട സെന്‍ട്രല്‍ നഴ്‌സറി (8848880279).