1. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷികവികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച രീതിയിൽ മുന്നേറുന്നു. ബ്ലോക്ക് പരിധിയിലുള്ള 5 പഞ്ചായത്തുകളും കൃഷി ഭവനുകളുടെ സഹായത്തോടെ സജീവമായി കാർഷിക രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. കോട്ടുവള്ളി ഗ്രാമപഞ്ചായത്താണ് നിലവിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ഇറക്കിയിരിക്കുന്നത്, 35 ഹെക്റ്ററിലാണ് ഇവിടെ കൃഷി ആരംഭിച്ചിരിക്കുന്നത്. പൊക്കാളിയാണ് 30 ഹെക്റ്ററിൽ കൃഷി ചെയ്യുന്നത്. അഞ്ച് ഹെക്റ്ററിൽ പച്ചക്കറിക്കൃഷിയും ആരംഭിച്ചിട്ടുണ്ട്. കൈതാരം, കോട്ടുവള്ളി, തത്തപ്പിള്ളി പ്രദേശങ്ങളിലാണ് കൂടുതലായും കൃഷി ആരംഭിച്ചിരിക്കുന്നത്.
2. പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്ക് ആരോഗ്യമേളയിൽ, ഏകാരോഗ്യപദ്ധതി ബ്ലോക്ക് തല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള നിര്‍വഹിച്ചു. ആരോഗ്യ രംഗത്ത് കേരളം വലിയ മാതൃകയാണെന്നും സമയബന്ധിതമായ ഇടപെടലുകള്‍ കൊണ്ടാണ് കേരളം രോഗത്തെ പ്രതിരോധിക്കുന്നതെന്നും, ഏകാരോഗ്യം പദ്ധതിയുടെ പ്രധാന ഉദ്ദേശം ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നതാണെന്നും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. ബി. രാജീവ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. അംജിത് ഏകാരോഗ്യപദ്ധതിയെ കുറിച്ച് വിശദീകരണം നല്‍കി.
3. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർപോർട്ടുകളിൽ ഹെൽപ് ഡെസ്‌ക് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടുകളിലാണ് ഹെൽപ് ഡെസ്‌ക് ആരംഭിക്കുന്നത്. വിദേശത്ത് നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെൽപ് ഡെസ്‌ക് ആരംഭിക്കുന്നത്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി. മങ്കിപോക്‌സ് സംബന്ധിച്ച് എയർപോർട്ടുകളിൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അനൗൺസ്മെന്റ് നടത്തും. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ളവർ പനിയോടൊപ്പം ശരീരത്തിൽ തടുപ്പുകൾ, അല്ലെങ്കിൽ കുമിളകൾ, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എയർപോർട്ട് ഹെൽപ് ഡെസ്‌കിനെ സമീപിക്കണമെന്നും മന്ത്രി അറിയിച്ചു. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
4. ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഇനി ഞാനൊഴുകട്ടെ' പദ്ധതി വഴി കേരളം വീണ്ടെടുത്തത് 45,736 കിലോമീറ്റർ നീർച്ചാലുകൾ. 412 കിലോമീറ്റർ ദൂരം പുഴയുടെ സ്വാഭാവിക ഒഴുക്കും വീണ്ടെടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകൾ, നീർച്ചാലുകൾ തുടങ്ങിയവയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുന്നതിനായി നടപ്പാക്കിയ പ്രവർത്തനങ്ങളിലൂടെയാണ് ജലസ്രോതസ്സുകൾ വീണ്ടെടുക്കാനായത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ദൂരം നീർച്ചാലുകൾ മാലിന്യമുക്തമാക്കിയിട്ടുള്ളത്. പ്രാദേശികാടിസ്ഥാനത്തിൽ നീർച്ചാലുകൾ വീണ്ടെടുക്കുന്നതിനുള്ള പ്രത്യേക ഉദ്യമമായാണ് 'ഇനി ഞാനൊഴുകട്ടെ' കാമ്പയിൻ ആരംഭിച്ചത്. കാലവർഷത്തിൽ കോട്ടയം, ആലപ്പുഴ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ അതിതീവ്ര മഴ പെയ്ത സാഹചര്യത്തിൽ വെള്ളക്കെട്ടിന്റെ രൂക്ഷത കുറയ്ക്കാൻ ഇത് സഹായകമായി. ഹരിതകേരളം മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് മുഖ്യ പങ്ക് വഹിക്കുന്നത്. ജനപ്രതിനിധികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, പ്രദേശവാസികൾ തുടങ്ങിയവരുടെ പിന്തുണയും ഉറപ്പാക്കുന്നുണ്ട്.
5. മരുന്ന് ലഭ്യത ഉറപ്പാക്കാൻ കാരുണ്യ ഫാർമസികളിൽ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാരുണ്യ ഫാർമസികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രത്യേക ജീവനക്കാരെ K.M.S.C.L നിയോഗിച്ചു. ആദ്യ ഘട്ടമായി 9 മെഡിക്കൽ കോളേജുകളിലെ കാരുണ്യ ഫാർമസികളിലാണ് പ്രത്യേക ജീവനക്കാരെ നിയോഗിച്ചത്. ഡോക്ടർമാർ പുതുതായി എഴുതുന്ന ബ്രാൻഡഡ് മരുന്നുകൾ തിരിച്ചറിയാനും പുതിയ മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനുമാണ് ഇവരെ പ്രത്യേകമായി നിയോഗിച്ചത്. പേവിഷബാധയ്ക്കെതിരായ 16,000 വയൽ ആൻ്റി റാബിസ് ഇമ്മിണോഗ്ലോബുലിൻ ലഭ്യമാക്കിയിട്ടുണ്ട്. 44,000 വയൽ ആൻ്റി റാബിസ് ഇമ്മിണോഗ്ലോബുലിൻ അടുത്തയാഴ്ചയെത്തും. ഇതുകൂടാതെ 20,000 വയൽ ആൻ്റി റാബിസ് ഇമ്മിണോഗ്ലോബുലിൻ അധികമായി വാങ്ങും. നായ്ക്കളിൽ നിന്നും പൂച്ചകളിൽ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്സിൻ എടുക്കുന്നതിനായി ആശുപത്രികളിൽ വരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിലും ഇനിയും കൂടാൻ സാധ്യതയുള്ളതിലുമാണ് അധികമായി വാക്സിൻ ശേഖരിക്കുന്നത്.
6. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് കൃഷിഭവനുകളില്‍ ഇന്റ്വേണ്‍ഷിപ്പിന് അവസരം ഒരുക്കുന്നു. സംസ്ഥാനത്തെ കാര്‍ഷിക സാഹചര്യം അടുത്തറിയാനും വിള ആസൂത്രണം, കൃഷി, വിപണനം, വ്യാപനം, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നേരിട്ടുള്ള അനുഭവം നേടാനും ഇതിലൂടെ സാധിക്കും. കര്‍ഷകരുമായും കാര്‍ഷിക, അനുബന്ധ മേഖലകളിലെ പ്രവര്‍ത്തകരുമായും സംവദിക്കാന്‍ യുവാക്കള്‍ക്ക് മികച്ച അവസരം നല്‍കുവാന്‍ ഉദ്ദേശിച്ചാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കൃഷിയില്‍ V.H.S.C സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും കൃഷി/ഓര്‍ഗാനിക് ഫാമിംഗില്‍ ഡിപ്ലോമ ഉള്ളവര്‍ക്കും ഇന്റ്വേണ്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 01.08.2022 പ്രകാരം 18 മുതൽ 41 വയസ്സിനിടയില്‍ പ്രായമുളളവരായിരിക്കണം അപേക്ഷകര്‍. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.keralagriculture.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി പദ്ധതിക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷാഫോറവും സര്‍ട്ടിഫിക്കറ്റുകളും അഭിമുഖ സമയത്ത് സമര്‍പ്പിക്കേണ്ടതാണ്. ഇന്റേണ്‍ഷിപ്പിന്റെ കാലാവധി 180 ദിവസമാണ്, വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
7. സംസ്ഥാനത്ത് നാല് വര്‍ഷം കൊണ്ട് സമ്പൂര്‍ണ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പാക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത, വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം. കൂടാതെ അത്യാധുനിക സൗകര്യങ്ങളുള്ള മാലിന്യ പ്ലാന്റുകളും സ്ഥാപിക്കുമെന്നും കൃത്യമായ വിവര ശേഖരണവും ജിഐഎസ് മാപ്പിങ്ങും നടത്തി മാലിന്യ നിര്‍മാര്‍ജനം കൂടുതല്‍ ശാസ്ത്രീയവും കാര്യക്ഷമവുമായി നടത്തുമെന്നും മന്ത്രി പറഞ്ഞു. ശുചിത്വ മിഷന്റെ 'എന്റെ നഗരം ശുചിത്വ നഗരം' പദ്ധതിയുടെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച ഏകദിന മേഖലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
8. കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ് യൂണിറ്റില്‍ ഈ മാസം 26-ന് ‘കാല്‍ സെൻ്ററിലും അര സെന്റിലും നിര്‍മ്മിച്ചിട്ടുളള ഹൈടെക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും’ എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. ഗ്രോബാഗ് കൃഷി, തിരിനന സംവിധാനം തയ്യാറാക്കല്‍, 35 മുതല്‍ 45 ചെടികള്‍ വരെ നടാവുന്ന മള്‍ട്ടിടയര്‍ ഗ്രോബാഗ് സെറ്റിംഗ്, 30 മുതല്‍ 35 ചെടികള്‍ വരെ നടാവുന്നതും വെര്‍മി വാഷും, വെര്‍മി കംമ്പോസ്റ്റും ലഭ്യമാക്കുന്നതുമായ മള്‍ട്ടി ടയര്‍ ഗ്രോബാഗ്, പോട്ടിംഗ് മിശ്രിതം ഉണ്ടാക്കല്‍, വിത്ത് പരിപാലനം, ഹൈടെക്ക് രീതിയില്‍ നഴ്‌സറി ചെടികള്‍ ഉണ്ടാക്കുന്ന വിധം, വളപ്രയോഗം, രോഗകീടനിയന്ത്രണം, മണ്ണുപരിപാലനം വിവിധ വിളകളുടെ പരിപാലനം, ജൈവ-ജീവാണു വളങ്ങളുടേയും/കീടനാശിനികളുടേയും ഉപയോഗം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുളളവര്‍ 9 0 3 7 0 3 3 5 4 7 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
9. ഇരുപതാമത് അഗ്രി ഇൻഡക്സ് 2022ന് ഇന്ന് സമാപനം. കാർഷികമേഖലയിലെ യന്ത്രവത്കരണത്തിൽ അന്തർദേശീയ നിലവാരത്തിലേക്ക് ഇന്ത്യയേയും എത്തിക്കുന്ന AGRIINTEX 2022, കോയമ്പത്തൂരിലെ കൊഡീസ്സിയ ട്രേഡ് ഫെയർ കോംപ്ലെക്സിൽ ജൂലൈ 15ന് കാർഷിക ക്ഷേമ വകുപ്പ് മന്ത്രി എംആർകെ പനീർസെൽവമാണ് ഉദ്ഘാടനം ചെയ്ത് കാർഷിക മേളയ്ക്ക് തുടക്കമിട്ടത്. കൃഷിയുടെ നൂതന സാങ്കേതിക വിദ്യകൾ, ഹോർട്ടികൾച്ചർ, ഡയറി ഫാമിംഗ്, ഭക്ഷ്യ സംസ്കരണ സാങ്കേതികവിദ്യകൾ എന്നിവയുടെ മികച്ച പ്രദർശനമാണ് ഇവിടെ നടന്നത്. തമിഴ്നാട്ടിലെ തെരഞ്ഞെടുത്ത നിരവധി തരം നാടൻ വിത്തുകൾ വിൽക്കാൻ തമിഴ്നാട് കാർഷിക സർവ്വകലാശാല മുതൽ മറ്റ് പല കമ്പനികളും ഇവിടെ ഉണ്ടായിരുന്നു. പ്രദർശനത്തിൽ കൃഷി ജാഗരണും പങ്കാളികളായി.
10. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന ഗുരുഗ്രാം ആസ്ഥാനമായുള്ള ആയുർവേദ സ്റ്റാർട്ടപ്പ് ബ്രാൻഡായ നീം ആയുവിൽ തുക നിക്ഷേപിച്ചു. തുകയുടെ കാര്യം വ്യക്തമാക്കിയിട്ടില്ല. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഒരു സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തുന്നത്. നീം അയുവിൻ്റെ ബ്രാൻഡ് അംബാസഡറും മന്ദാനയായിരിക്കും.
11. സംസ്ഥാനത്ത് തുടരുന്ന മഴയിൽ 9 ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകൾ മണ്ണിടിച്ചിൽ ഭീതികളിലാണ്. പൂനൂർ പുഴ കര കവിഞ്ഞതിനാൽ താമരശ്ശേരി ഭാഗത്ത് പുഴയോരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂരിലെ ഇടവിട്ടുള്ള മഴയിൽ വീടുകൾ തകർന്നു. പാലക്കാട് മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ : പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന: മണ്ണും ജലവും സംരക്ഷിക്കാൻ പദ്ധതികൾ