- വൈഗ കാർഷിക പ്രദർശന മേളയ്ക്ക് തുടക്കം
സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈഗ (VAIGA - Value Addition for Income Generation in Agriculture) കാർഷിക പ്രദർശന വിപണന മേളയ്ക്ക് തുടക്കം കുറിച്ചു. വൈഗ കാർഷിക പ്രദർശന മേളയുടെ ഏഴാം പതിപ്പിനാണ് ഇന്ന് തുടക്കമായത്. ഫെബ്രുവരി 11 മുതൽ 16 വരെ തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് മൈതാനത്ത് വച്ചാണ് ഇത്തവണത്തെ വൈഗ കാർഷിക പ്രദർശന മേള നടക്കുന്നത്. ഇന്ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വൈഗ കാർഷികമേള ഉദ്ഘാടനം ചെയ്യും. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, എ.കെ ശശീന്ദ്രൻ, ജി. ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ വി.വി രാജേഷ്, എം.പി മാർ, എം.എൽ.എ മാർ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വനിതാ കർഷകരുടെ വിജയഗാഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ 'കാർഷിക വഴിയിലെ പെൺചുവടുകൾ' എന്ന പുസ്തകം ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർദ്ധനവ്, സംസ്‌കരണം, വിപണനം എന്നിവയിലൂടെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുക, സംരംഭകരെ കാർഷികമേഖലയിലേക്ക് ആകർഷിക്കുക എന്നിവയാണ് മേളയുടെ പ്രധാന ലക്ഷ്യങ്ങൾ. കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും മൂല്യവർദ്ധിത ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന 250-ഓളം സ്റ്റാളുകൾ മേളയിലുണ്ട്. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെയും, കാർഷിക സർവ്വകലാശാല, നബാർഡ്, കേന്ദ്ര ഗവേഷണ കേന്ദ്രങ്ങൾ, കാർഷികോത്പാദന സംഘടനകൾ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ കാർഷിക പ്രദർശനങ്ങളും മേളയിൽ ഉൾപ്പെടും. വിപണന സാധ്യതകൾ, സ്മാർട്ട് ഫാമിംഗ്, നിർമിത ബുദ്ധി തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന സെമിനാറുകളും വൈവിധ്യമാർന്ന രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും, വ്യത്യസ്തങ്ങളായ കലാസന്ധ്യകളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
കാർഷിക സംരംഭകർക്ക് പ്രായോഗിക നിർദ്ദേശങ്ങളും വായ്പാ സഹായത്തിനുള്ള പ്രോജക്ട് റിപ്പോർട്ടുകളും തയ്യാറാക്കി നൽകുന്ന ഡി.പി.ആർ. ക്ലിനിക്ക് വൈഗ മേളയുടെ പ്രധാന പ്രത്യേകതയാണ്. കാർഷിക സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന കർഷകർ, നിക്ഷേപകർ, സംരംഭകർ എന്നിവർക്ക് പ്രായോഗിക മാർഗനിർദ്ദേശവും സാങ്കേതിക പിന്തുണയും നൽകുന്നതാണ് ഡി.പി.ആർ. ക്ലിനിക്കിന്റെ ലക്ഷ്യം. കൂടാതെ, കർഷകരെയും വിപണിയെയും നേരിട്ട് ബന്ധിപ്പിക്കുന്നതിനായി ബിസിനസ് ടു ബിസിനസ് മീറ്റും സംഘടിപ്പിക്കും.
- കർഷക തൊഴിലാളികളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2025 അദ്ധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾ കേരളത്തിനകത്തുള്ള സർക്കാർ / എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. 2025 വർഷത്തെ Degree, P.G, Professional Degree, Professional P.G., T.T.C., I.T.I., Polytechnic, General Nursing, B.Ed, Medical Diploma തുടങ്ങിയ കോഴ്‌സുകൾ ആദ്യ ചാൻസിൽ തന്നെ പാസായ വിദ്യാർത്ഥികൾക്കാണ് ധനസഹായം നൽകുന്നത്. 2025 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെ ലഭ്യമായ റിസൾട്ടുകളാണ് അപേക്ഷയുടെ അടിസ്ഥാനം (കലണ്ടർ ഇയർ). വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ഫെബ്രുവരി 16-ാം തീയതി വൈകുന്നേരം 5 മാണി വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.agriworkersfund.org, ഫോൺ: 0471-2729175.
- റേഷന്‍ കാര്‍ഡ് തരം മാറ്റാന്‍ അവസരം
വയനാട്: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റാന്‍ അവസരം. അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി സേവനങ്ങള്‍ മുഖേന ഫെബ്രുവരി 13 വരെ അപേക്ഷ സമർപ്പിക്കാം. വരുമാന സര്‍ട്ടിഫിക്കറ്റ്; സ്വന്തമായി വീടുള്ളവര്‍- വീടിന്റെ വിസ്തീര്‍ണ്ണം കാണിക്കുന്ന സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍ ലിസ്റ്റിലുള്‍പ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ്; സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ വീട് ലഭിച്ചവര്‍- സാക്ഷ്യപത്രം; സ്ഥലം, വീട് ഇല്ലാത്തവര്‍- വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം; രോഗാവസ്ഥ / ഭിന്നശേഷിയുള്ളവര്‍- മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; കുന്നിന്‍ ചെരുവില്‍ 100 മീറ്റര്‍ ചുറ്റളവില്‍ കുടിവെള്ളം, വൈദ്യുതി, ശുചിമുറിയില്ലാത്ത കുടുംബം, ആയിരം സ്‌ക്വയര്‍ ഫീറ്റ് വീട്, 25000 രൂപയ്ക്ക് മുകളില്‍ വരുമാനം, നാല് ചക്രവാഹനം, ഒരേക്കര്‍ സ്ഥലം എന്നിവയില്ലാത്ത എസ്.സി / എസ്.ടി വിഭാഗത്തിലെ കുടുംബങ്ങള്‍ക്കും അനുവദനീയമായ മുന്‍ഗണന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ - 04936 255 222 ( വൈത്തിരി) 04936 220213 (സുല്‍ത്താന്‍ ബത്തേരി ) 04935 240252 (മാനന്തവാടി)
- മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു
സംസ്ഥാന ഫിഷറീസ് വകുപ്പിനു കീഴിലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിരമിക്കല്‍ ആനുകൂല്യ വിതരണം നടത്തി. ആലുങ്ങല്‍ ബീച്ച് ഗവ. എല്‍പി സ്‌കൂളില്‍ വച്ചു സംഘടിപ്പിച്ച പരിപാടി മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പരപ്പനങ്ങാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുബൈദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മണ്ഡലത്തിലെ ഗുണഭോക്താക്കള്‍ക്കാണ് തുക വിതരണം ചെയ്തത്. ചടങ്ങിനോടനുബന്ധിച്ച് മത്സ്യ ബോര്‍ഡ് നടപ്പിലാക്കിവരുന്ന തനത് പദ്ധതികളുടെ ആനുകൂല്യങ്ങളും വിതരണം ചെയ്തു. പരിപാടിയില്‍ ഫിഷറീസ് വകുപ്പിന്റെ തീരോന്നതി ആന്റി ഡ്രഗ് ക്യാമ്പയിന്‍ 2026-ന്റെ ഭാഗമായി എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗം സംബന്ധിച്ചുള്ള വിഷയത്തില്‍ ക്ലാസെടുത്തു.