1. കർഷകർക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിന് ജനസേവകേന്ദ്രങ്ങളുടെ പ്രവർത്തന മാതൃകയിൽ ആശ്രയകേന്ദ്രങ്ങളുമായി സംസ്ഥാന കൃഷിവകുപ്പ്. കൃഷിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങളും മറ്റ് സേവനങ്ങളും കർഷകർക്ക് വേഗത്തിൽ ലഭ്യമാകുവാൻ ആശ്രയ കേന്ദ്രങ്ങൾ സഹായകരമാകും. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കൃഷിവകുപ്പ് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായത്തിൽ എഐഎംഎസ് പോർട്ടലിലൂടെ കർഷകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇതോടൊപ്പം കതിർ പോർട്ടലിലൂടെയും കൃഷി വകുപ്പിന്റെ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കൃഷിവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാക്കുകയാണ് ആശ്രയ കാർഷിക സേവന കേന്ദ്രങ്ങളുടെ ലക്ഷ്യം. കൃഷിവകുപ്പ് നേരിട്ടാണ് ആശ്രയകേന്ദ്രങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഓൺലൈൻ വഴിയുള്ള സേവനങ്ങൾക്കൊപ്പം വിളകളുമായി ബന്ധപ്പെട്ട സേവനങ്ങൾ, കൃഷിനാശം, വിളപരിപാലനം തുടങ്ങീ കൃഷിയിടത്തിൽ നേരിട്ടെത്തിയുള്ള സേവനങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നു.
നിലവിൽ പ്രവർത്തിച്ചുവരുന്ന സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങൾ, കൃഷിശ്രീ സെന്ററുകൾ, അഗ്രോ സർവീസ് സെന്ററുകൾ, കാർഷിക കർമസേനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലായിരിക്കും ആദ്യ ഘട്ടത്തിൽ 'ആശ്രയ' ഡിജിറ്റൽ കർഷക സേവന കേന്ദ്രങ്ങൾ ആരംഭിക്കുക. കാർഷിക പ്രാധാന്യമുള്ളതും ചെറുകിട നാമമാത്ര കർഷകർ കൂടുതലുള്ളതുമായ പ്രദേശം കണ്ടെത്തി പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതി പിന്നീട് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഓരോ കൃഷിഭവൻ പരിധിയിലും ഒരു കർഷക സേവന കേന്ദ്രമെന്നതാണ് ലക്ഷ്യം.
കർഷകന് സേവന കേന്ദ്രങ്ങൾ വഴി നൽകുന്ന സേവനങ്ങൾക്ക് അക്ഷയ സെന്ററുകൾക്ക് സമാനമായ ഫീസ് നിരക്ക് ഈടാക്കുന്നതാണ്. കൃഷിയിടത്തിലെത്തി നടത്തുന്ന സേവനങ്ങൾക്കും പുതിയ സേവനങ്ങൾക്കും നിരക്ക് പ്രാദേശികമായി നിശ്ചയിച്ചു നൽകും.
കൃഷിഭവൻ പരിധിയിൽ ലഭ്യമായിട്ടുള്ള AIMS രജിസ്ട്രേഷൻ, നെല്ല് / പച്ചത്തേങ്ങ / കൊപ്ര സംഭരണ രജിസ്ട്രേഷൻ, SMAM രജിസ്ട്രേഷൻ ഉൾപ്പെടെ ഇതര സാങ്കേതിക സേവനങ്ങളും കർഷകർക്ക് ഈ കേന്ദ്രം വഴി ലഭ്യമാക്കും. ഇങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും കർഷകർക്ക് ലഭ്യമാക്കുവാൻ ആവശ്യമായ പ്രധാന സേവനകേന്ദ്രമായി പ്രവർത്തിച്ച് കർഷകരുടെ ഒരു 'വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ' ആയാണ് ആശ്രയ പ്രവർത്തിക്കുക.
2. കാർഷികമേഖലയ്ക്ക് 2765 കോടി രൂപയുടെ ലോകബാങ്ക് സഹായം ലഭിക്കുന്നതിനുള്ള അന്തിമാനുമതി ലഭിച്ചതായി കൃഷിമന്ത്രി ശ്രീ. പി.പ്രസാദ്. ഇതിൽ 500 കോടി രൂപയും നെൽകൃഷി മേഖലയ്ക്കായി നീക്കിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം മങ്കൊമ്പിന്റെ പുതിയ ഓഫീസ് കെട്ടിടം കളര്‍കോട് അഗ്രി കോപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കീട രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് പുതിയ ഓഫീസിൽ നടക്കുക. ബയോ ഇൻപുട്ട് ലാബ്, പ്ലാൻറ് ഹെൽത്ത് ക്ലിനിക്ക് തുടങ്ങിയ സജ്ജീകരണങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
3. സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുക. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണ മഴയ്ക്കാണ് സാധ്യത. എന്നാൽ ബുധനാഴ്ചയോടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപം ന്യൂനമർദം എത്തിച്ചേരുമെന്നും ഇതിന്റെ ഫലമായി വ്യാഴാഴ്‌ച മുതൽ ശക്തമായ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ഇതിന്റെയടിസ്ഥാനത്തിൽ വ്യാഴാഴ്‌ച എട്ട് ജില്ലകളിലും വെള്ളിയാഴ്‌ച ഒൻപത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരള തീരത്തും വെള്ളിയാഴ്‌ച ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.