- വയനാട്ടിൽ നെൽകൃഷി വികസനത്തിന്, 2 ദശാംശം 82 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. സുസ്ഥിര നെൽകൃഷി വികസനത്തിനായി 2 ദശാംശം 0 3 കോടി രൂപയും, തരിശ് നെൽകൃഷിക്ക് 32 ലക്ഷവും, പ്രത്യേകയിനം നെല്ലിനങ്ങളുടെ കൃഷിക്ക് 23 ലക്ഷവും ചെലവഴിക്കും. കൂടാതെ, ഒരുപ്പു- ഇരിപ്പു നെൽകൃഷിക്ക് 4 ദശാംശം 9 ലക്ഷം രൂപയും, പാടശേഖരങ്ങളിൽ ഓപ്പറേഷണൽ സപ്പോർട്ടിനായി 18 ദശാംശം 7 2 ലക്ഷം രൂപയും നൽകും. കൃഷിഭവനുകൾ മുഖേന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
- കേന്ദ്ര സർക്കാറിന്റെ ഒരു ജില്ല ഒരു ഉൽപന്നം പദ്ധതിയിൽ കാസർഗോഡിന്റെ ഉൽപന്നമായി ചക്കയെ അംഗീകരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം. നേരത്തേ കല്ലുമ്മക്കായ ആയിരുന്നു ജില്ലക്ക് അനുവദിച്ചിരുന്നത്. എന്നാൽ, ജില്ലയുടെ വളരെ ചെറിയ പ്രദേശത്ത് മാത്രം കണ്ടുവരുന്ന കല്ലുമ്മക്കായയെക്കാൾ ചക്കക്ക് കൂടുതൽ വരുമാന സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഓരോ ജില്ലയിലും ഒരു ഉൽപന്നത്തെ കണ്ടെത്തി അവയെ വിപുലപ്പെടുത്തി കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് കേന്ദ്ര സർക്കാർ പദ്ധതി. ഏറ്റവും കൂടുതൽ പാഴായിപോകുന്ന ചക്കയിൽനിന്ന് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ പറഞ്ഞു.
- കേരള കർഷകസംഘം പല്ലാരിമംഗലം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരെയും കൃഷി ഓഫീസറെയും ആദരിച്ചു. കൂവള്ളൂർ എൽപി സ്‌കൂളിൽ നടന്ന ചടങ്ങിൽ വിവിധ കാർഷിക മേഖലയിലെ 11 കർഷകരെയും പല്ലാരിമംഗലം കൃഷി ഓഫീസറായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇ.എം മനോജിനെയുമാണ് ആദരിച്ചത്. കർഷക സംഘം സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി.കെ സോമൻ പൊന്നാടയണിയിച്ചു.
- ഓണത്തിന് പച്ചക്കറികളും പൂക്കളും ഉൽപ്പാദിപ്പിക്കുന്നതിനുള്ള ‘പൊന്നോത്തോട്ട’ പദ്ധതിയിൽ കൈകോർത്ത് ആലപ്പുഴ നഗരസഭയിലെ ഒമ്പത് സ്കൂളുകൾ കൂടി. ഓണക്കാലത്ത്, വിഷരഹിതമായ പച്ചക്കറികളും പൂക്കളും, മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനായി ആലപ്പുഴ നഗരസഭ ഈ മാസം തുടക്കത്തിൽ ആരംഭിച്ച പദ്ധതിയാണ് പൊന്നോണത്തോട്ടം. സ്കൂളുകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ വൈവിധ്യമാർന്ന പച്ചക്കറികളും ഒപ്പം ജമന്തിപ്പൂക്കളും വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭയുടെ 12 വിദ്യാലയങ്ങളുടെ സഹകരണത്തോടെയാണ് പൊന്നോണത്തോട്ടത്തിന് തുടക്കമായത്. വിദ്യാലയങ്ങൾക്ക് പുറമെ, പൊതുസ്ഥലങ്ങളിലും കൃഷി വ്യാപകമാക്കുന്നുണ്ട്. ഏറ്റവും മികച്ച കൃഷിയും വിളവെടുപ്പും നടത്തുന്ന വിദ്യാലയത്തിനും, പൊതുഇടത്തിനും നഗരസഭയുടെ വക സമ്മാനമുണ്ടാകും.
- ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയില്‍ നടപ്പാക്കുന്ന പിന്നാമ്പുറ കരിമീന്‍, വരാല്‍ വിത്ത് ഉത്പാദന യൂണിറ്റ് പദ്ധതിയിലേക്ക് മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ യൂണിറ്റിനും 3 ലക്ഷം രൂപയാണ് ചെലവ്. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് യൂണിറ്റ് തുകയുടെ 40 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷകള്‍ ജില്ലയിലെ മത്സ്യഭവനുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ജൂലൈ 30വരെ അപേക്ഷ സമര്‍പ്പിക്കുക. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ 0477- 2252814 അല്ലെങ്കിൽ 0477 2251103.
- സംസ്ഥാന സര്‍ക്കാര്‍ 2022-23 സാമ്പത്തിക വര്‍ഷം സംരഭക വര്‍ഷമായി ആചരിക്കുകയും, സംസ്ഥാനത്താകെ പുതിയതായി ഒരു ലക്ഷം സംരംഭം ആരംഭിക്കുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി, എറണാകുളം പല്ലാരിമംഗലം പഞ്ചായത്തില്‍ ലോണ്‍, ലൈസന്‍സ് മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് ചടങ്ങിന് അധ്യക്ഷനായി. കോതമംഗലം വ്യവസായ വകുപ്പ് ഓഫീസര്‍ ജിയോ ജോസ്, കേരള ബാങ്ക് അടിവാട് ശാഖാ മാനേജര്‍ ജോര്‍ജ്ജ് ജോസഫ്, കവളങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി കെ മധുസൂദനന്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
- പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തേനിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്ന വിഷയത്തില്‍, മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജൂലൈ 29ന് രാവിലെ 10 മണി മുതല്‍ ആഗസ്റ്റ് 1ന് വൈകുന്നേരം 4 മണി വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങൾക്ക് ജൂലൈ 27ന് നാല് മണിക്ക് മുമ്പായി 9447801351 അല്ലെങ്കിൽ 8078572094 എന്ന നമ്പരില്‍ ബന്ധപ്പെടുക.
- ഓണത്തിന് വിഷരഹിത പച്ചക്കറികൾ അടുക്കളയിലെത്തിക്കാൻ കൃഷി വകുപ്പ് നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ കൃഷിയിറക്കിയത് 2, 200 ഹെക്ടറിൽ. കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, ബീൻസ്, പടവലം, പയർ, പാവൽ, മത്തൻ, കുമ്പളം, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവയാണ് പ്രധാന ഇനങ്ങൾ. പദ്ധതിയുടെ ഭാഗമായി 1 ലക്ഷത്തി 80,000 പച്ചക്കറി വിത്തുകളും ആറു ലക്ഷം തൈകളും കൃഷി വകുപ്പ് വിതരണം ചെയ്തിരുന്നു. ഓണനാളുകളിൽ ജില്ലയിൽ നിന്ന് 25 ടൺ പച്ചക്കറി വിപണിയിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പ്. വിഷരഹിത പച്ചക്കറി എത്തിക്കുക എന്നതിനൊപ്പം യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കയർ ഉല്പന്നങ്ങൾക്ക് വിപണിയൊരുക്കാൻ കുടുംബശ്രീയുടെ 500 കയർ ആന്റ് ക്രാഫ്റ്റ് സ്റ്റോറുകൾ
- മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്. സംസ്ഥാന ഫിഷറീസ് വകുപ്പ് എല്ലാ വർഷവും നടപ്പാക്കുന്ന തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി 'അറിവ്' എന്ന പേരിൽ ബോധവത്ക്കരണം സംഘടിപ്പിക്കുന്നു. ആധുനിക മത്സ്യബന്ധന രീതി, മത്സ്യബന്ധന ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ, മത്സ്യ സംഭരണം, കടൽ സുരക്ഷ, നിയമവശങ്ങൾ, വിവിധ ആനുകൂല്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ക്ഷേമ പ്രവർത്തനങ്ങൾ, സർക്കാർ പദ്ധതികൾ, വിദ്യാഭ്യാസം, പാർപ്പിട പദ്ധതികൾ തുടങ്ങിയവയിൽ, വ്യാപകമായ പ്രചരണം നൽകുകയാണ് 'അറിവ്' ലക്ഷ്യമിടുന്നത്. ചെല്ലാനം, എളങ്കുന്നപ്പുഴ, പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഓരോ ക്യാമ്പിലും കുറഞ്ഞത് 200 മത്സ്യത്തൊഴിലാളികളെയെങ്കിലും പങ്കെടുപ്പിക്കാനാണ് ഫിഷറീസ് വകുപ്പിൻ്റെ തീരുമാനം.
- രാജ്യത്തുടനീളമുള്ള വള പരിപാലന സംരംഭങ്ങളെ പിന്തുണക്കുന്നതിനുള്ള ND DB MRIDA ലിമിറ്റഡിന് തുടക്കം കുറിച്ച്, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരമേഖല മന്ത്രി പർഷോത്തം രൂപാല. ദേശീയ ക്ഷീര വികസന ബോർഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി കമ്പനിയാണ് NDDB MRIDA ലിമിറ്റഡ്. സ്ലറി, ചാണകം തുടങ്ങിയവയുടെ വിൽപ്പനയിൽ നിന്ന് ക്ഷീരകർഷകർക്ക് അധിക വരുമാനമുണ്ടാക്കുന്നതിനുള്ള സാധ്യതകൾ NDDB MRIDA ലിമിറ്റഡിലൂടെ ഒരുക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. പ്രമുഖ മാധ്യമപ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ, കൃഷി ജാഗരൺ ആൻഡ് അഗ്രികൾച്ചർ വേൾഡ് സ്ഥാപകനും, എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിന് കേന്ദ്ര മന്ത്രി പർഷോത്തം രൂപാല, കാർഷിക മേഖലയിലെ മഹത്തായ സംഭാവനകൾക്ക് അഭിനന്ദനമറിയിച്ചു.
- കേരളത്തിൽ വിവിധ ജില്ലകളിൽ നേരിയ തോതിൽ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ പൊതുവേ അന്തരീക്ഷം മേഘാവൃതമായി കാണപ്പെടും. 29-ാം തീയതി വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 30ന് ഇടുക്കി ജില്ലയും യെല്ലോ അലർട്ടിലാണ്. നിലവിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ മഴ സജീവമായി തുടരുന്നു. എന്നാൽ, കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.