ശുദ്ധജല വിതരണത്തിനായി പത്തനംതിട്ട ജില്ലയില്‍ 2947 കോടി രൂപ അനുവദിക്കപ്പെട്ടതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വികസന ക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തിയ തിരുവല്ല എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവല്ല മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കുടുംബങ്ങള്‍ക്കും പൈപ്പില്‍ ശുദ്ധജലം എത്തിക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിനായി ജലജീവന്‍ മിഷന്‍ പദ്ധതി വളരെ ഗൗരവത്തോടെയാണു നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 60 വര്‍ഷം കൊണ്ട് 17 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭിച്ചിടത്തു നിന്ന് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 36 ലക്ഷം ആയി ഉയര്‍ത്താന്‍ സാധിച്ചു. ഇനി വരാന്‍ പോകുന്ന രണ്ട് വര്‍ഷം കൊണ്ട് അത് വീണ്ടും ഉയര്‍ത്തും. തിരുവല്ല മണ്ഡലത്തില്‍ ജലജീവന്‍ മിഷനുവേണ്ടി 304 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 154 കോടി കിഫ്ബിയിലൂടെയും 48 കോടി അമൃത് സ്‌കീമിലൂടെയും 140 കോടി നബാര്‍ഡ് സ്‌കീമിലൂടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ ജലസേചനം, കുടിവെള്ളം, ജലവിതരണം എന്നിവയില്‍ ജില്ലയില്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി ജലസേചന പദ്ധതികളും നദി സംരക്ഷണ പരിപാടികളും നടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ സാധ്യമാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. കോവിഡ് വ്യാപിച്ച സമയത്ത് ആരോഗ്യരംഗത്തെ നെറ്റ് വര്‍ക്ക് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനായി. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞ് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കി.
ആരോഗ്യ രംഗത്തും സുരക്ഷാ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഈ സര്‍ക്കാരിനായി. വ്യവസായ സംരംഭ സംസ്‌കാരത്തിലൂടെ വ്യവസായരംഗത്തും മാറ്റം സൃഷ്ടിക്കാനായി. കേന്ദ്രത്തില്‍ നിന്ന് ഏറ്റെടുത്ത പൊതു മേഖല സ്ഥാപനത്തെ ലാഭത്തിലാക്കി. വ്യവസായ സംരഭകത്വ മിഷന്‍ സ്ഥാപിച്ചു. ഒരു ലക്ഷം സംരംഭങ്ങള്‍ ലക്ഷ്യം വച്ചയിടത്ത് ഒന്നേ മുക്കാല്‍ ലക്ഷം സംരംഭം ആരംഭിച്ചു. പതിനൊന്നായിരം കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. നാല് ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായതിലൂടെ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി. നാടിന്റെ പുരോഗതി ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും സര്‍ക്കാരണെന്ന ബോധ്യം ഈ സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ പുരോഗതിയിലെ ഏറ്റവും കാതലായ മാറ്റം പൊതു വിദ്യഭ്യാസ രംഗത്ത് ഉണ്ടായ മാറ്റമാണ്. വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള നിലപാടുകള്‍ ആണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സ്‌കൂളുകളിലെ അടിസ്ഥാന സാഹചര്യങ്ങള്‍ വികസിപ്പിച്ചു അക്കാദമിക് നിലവാരം മെച്ചപ്പെടുത്തി. ക്ലാസ് മുറികളില്‍ ഡിജിറ്റല്‍ സൗകര്യം, കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസര സ്വാതന്ത്ര്യത്തെ പ്രയോജനപ്പെടുത്താനുള്ള സാഹചര്യം ഒരുക്കി. ഉന്നത വിദ്യഭ്യാസ പുരോഗതിക്കും ഊന്നല്‍ നല്‍കി. സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. അതിനായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് ഊന്നല്‍ നല്‍കി. ഓരോ പ്രദേശത്തെയും സാധ്യതകള്‍ മനസിലാക്കി ടൂറിസം രംഗത്തും മാറ്റമുണ്ടായി. ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങള്‍ നേട്ടങ്ങളായി. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ നേട്ടം ഈ രാജ്യത്തിനു നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു.
നവകേരള സദസ്സ് കേരളത്തിന് പുത്തന്‍ ഉണര്‍വാണ്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന സര്‍ക്കാര്‍ ആദ്യമായാണ്. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ആരംഭിച്ച് തിരുവല്ലയില്‍ എത്തി നില്‍ക്കുമ്പോള്‍ ജനങ്ങള്‍ ആവേശത്തോടെയാണ് നവകേരള സദസിനെ സ്വീകരിച്ചിരിക്കുന്നത്. നാടിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടു ഫയല്‍ തീര്‍പ്പാക്കലിലൂടെയും താലൂക്ക് തല അദാലത്തുകളിലൂടെയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി. റീജണല്‍ റിവ്യൂ മീറ്റിങ്ങുകളും നടത്തി. തുടര്‍ന്ന് നവകേരള സദസ് എന്ന ആശയം വരുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന സദസിലെ ജനങ്ങളുമായി സംവദിക്കാനും നിവേദനങ്ങള്‍ ഉള്‍കൊള്ളുവാനും കഴിയുന്ന ഒരു സംവിധാനം ഒരുക്കുന്നത് ജനാധിപത്യത്തിലെ ഒരു തുറന്ന സമീപനമായാണ് ജനങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: തിരഞ്ഞെടുപ്പിൽ മത്സരിക്കാമോ? 'ലക്പതി ദീദി' പദ്ധതിയുടെ ഗുണഭോക്താവിനോട് പ്രധാനമന്ത്രി