ഏഴാം ശമ്പള കമ്മിഷനിൽ നിന്നും ഏറ്റവും പുതിയതായി വരുന്ന വാർത്ത എന്തെന്നാൽ കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരുന്ന കുടിശ്ശിക തുക ലഭിക്കാൻ സാധ്യതയില്ലെന്നാണ്. അതായത്, ക്ഷാമബത്ത അഥവാ Dearness Allowance (DA) ലെ കുടിശ്ശികയ്ക്കായി കാത്തിരിക്കുന്ന ജീവനക്കാർക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞ 18 മാസങ്ങളായി ജീവനക്കാരുടെ ഡിഎ കുടിശ്ശിക മുടങ്ങിക്കിടക്കുകയാണ്. എന്നാൽ, ഇത്തവണ കേന്ദ്രസർക്കാർ ഇതിൽ തീരുമാനമെടുക്കുമെന്നും ഉടനെ തന്നെ ജീവനക്കാർക്ക് ആശ്വാസ വാർത്ത ലഭിക്കുമെന്നും സൂചനകളുണ്ടായിരുന്നു.
എന്നാൽ, ഡിഎ കുടിശ്ശിക നിലവിലെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് ഏറ്റവും പുതിയ വിവരം. അതായത് സർക്കാർ ഇത് സംബന്ധിച്ച് തീരുമാനത്തിൽ എത്തിയിട്ടില്ല.
2020 ജനുവരി മുതൽ 2021 ജൂൺ വരെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ കുടിശ്ശിക നൽകിയിട്ടില്ല. ഇതിൽ എന്നാൽ സർക്കാർ തീരുമാനം കൈക്കൊള്ളാതെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എങ്കിലും, ഹോളി പ്രമാണിച്ച് മാർച്ച് മാസത്തിന് മുൻപ് തന്നെ ഡിഎയിൽ വർധവ് ഉണ്ടാകുമെന്നും ഇത് ജീവനക്കാർക്കുള്ള ബമ്പർ ഹോളി സമ്മാനമാണെന്നും വാർത്തകളുണ്ട്.
കേന്ദ്ര ബജറ്റും ക്ഷാമബത്ത കുടിശ്ശികയും (Central Budget And Dearness Allowance Arrears)
ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ വിശദമാക്കുന്നത്
കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയിലും തളർച്ച ബാധിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ ക്ഷാമബത്ത നിർത്തിവക്കേണ്ടി വന്നുവെന്നാണ്.
ജീവനക്കാർക്ക് നൽകേണ്ട കുടിശ്ശിക തുക നിർധനരേയും ആവശ്യമുള്ളവരേയും സഹായിക്കുന്നതിനായി വിനിയോഗിക്കാൻ സർക്കാർ തീരുമാനിച്ചതായും പ്രസ്താവനയിൽ പറയുന്നു. ഇതിന് പുറമെ, കൊവിഡ് കാലത്ത് സർക്കാർ മന്ത്രിമാരുടെയും എംപിമാരുടെയും വേതനം കുറച്ചിരുന്നു. എങ്കിലും, കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിലോ ഡിഎയിലോ മാറ്റം വരുത്തിയിരുന്നില്ല.
ക്ഷാമബത്തയിലെ കുടിശ്ശിക കണക്ക് (Reports Of DA Arrears)
സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് മെച്ചപ്പെടുത്തുന്നതിനായി നൽകുന്ന പണമാണ് ഡിയർനസ് അലവൻസ് അഥവാ ക്ഷാമബത്ത (Dearness allowance).
ലെവൽ-1 ജീവനക്കാർക്ക് 11,880 രൂപ മുതൽ 37,554 രൂപ വരെയാണ് 18 മാസമായി മുടങ്ങിക്കിടക്കുന്നത്. ലെവൽ-13 ജീവനക്കാർക്ക് 1,23,100 രൂപ മുതൽ 2,15,90 വരെയും ലെവൽ-14 ജീവനക്കാർക്ക് 1,44,200 രൂപ മുതൽ 2,18,200 രൂപ വരെയുമാണെന്ന് കണക്കുകൾ പറയുന്നു. അതേ സമയം, കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിരമിച്ച് പെൻഷൻ വാങ്ങുന്നവർക്കും ക്ഷാമബത്ത 34 ശതമാനം വർധനവിൽ ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ മുന്നറിയിപ്പ്! ഇങ്ങനെ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിലെ മുഴുവൻ പണവും നഷ്‌ടപ്പെട്ടേക്കാം
ക്ഷാമബത്തയില കുടിശ്ശിക തുക തൽക്കാലം ലഭിച്ചില്ലെങ്കിലും ശമ്പള വർധനവ് ഉണ്ടാകുമെന്നത് ആശ്വാസകരമാണ്. കൂടാതെ, ജീവനക്കാരുടെ ഫിറ്റ്‌മെന്റ് ഫാക്‌ടർ (Fitment Factor) വർധിപ്പിക്കുന്ന കാര്യവും കേന്ദ്ര സർക്കാർ പരിഗണനയിലാണെന്ന് മാധ്യമ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.