1. 2023-24 വർഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും പാതയിൽ തിരിച്ചെത്തിയെന്ന് സാമ്പത്തിക സർവെയിൽ വ്യക്തമാണെന്നും കോവിഡ്, ഓഖി തുടങ്ങിയ മഹാമാരികളെ ധീരമായി അതിജീവിക്കാൻ കേരളത്തിന് സാധിച്ചതായും നിയമസഭയിൽ മന്ത്രി വ്യക്തമാക്കി. കെഎൻ ബാലഗോപാൽ ധനമന്ത്രിയായ ശേഷമുള്ള മൂന്നാമത്തെ ബജറ്റും രണ്ടാമത്തെ സമ്പൂർണ്ണ ബജറ്റുമാണിത്. രാവിലെ 9 മണിയ്ക്ക് ബജറ്റ് അവതരണം ആരംഭിച്ചു. വിലക്കയറ്റം നേരിടാൻ 2,000 കോടി രൂപ അനുവദിച്ചതായി ആദ്യ പ്രഖ്യാപനം. മേക്ക് ഇൻ ഇന്ത്യ പദ്ധതി വിപുലീകരണം, പലിശ രഹിത വായ്പ, റിങ് റോഡ് പദ്ധതി നവീകരണം എന്നിവയ്ക്ക് ബജറ്റിൽ പ്രത്യേക പരിഗണന. ആരോഗ്യ മേഖലയ്ക്ക് 2,828 കോടി, പേവിഷ വാക്സിന്റ തദ്ദേശീയ വികസനത്തിന് 5 കോടി, മെൻസ്ട്രൽ കപ്പ് ഉപയോഗത്തിന്റെ ബോധവൽക്കരണ പദ്ധതിക്ക് 10 കോടി, അതിദാരിദ്രം തുടച്ചുനീക്കാൻ 80 കോടി തുടങ്ങിയവയാണ് ബജറ്റിലെ മറ്റുചില പ്രധാന പ്രഖ്യാപനങ്ങൾ.
കൂടുതൽ വാർത്തകൾ: നീല, വെള്ള റേഷൻ കാർഡുകൾക്ക് 10 കിലോ സ്പെഷൽ അരി..കൂടുതൽ വാർത്തകൾ
2. സംസ്ഥാന ബജറ്റിൽ കാർഷിക മേഖലയുടെ ഉത്തേജനത്തിനായി നിരവധി പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. കാർഷിക മേഖലയ്ക്കായി 971 കോടി രൂപ വകയിരുത്തയതായി ധനമന്ത്രി നിയമസഭയിൽ അറിയിച്ചു. കൂടാതെ റബ്ബർ സബ്സിഡിക്ക് 600 കോടി, നെൽകൃഷി വികസനത്തിന് 95 കോടി, മത്സ്യബന്ധന മേഖലയ്ക്ക് 321 കോടി, കാർഷിക കർമസേനയ്ക്ക് 8 കോടി, സ്മാർട്ട് കൃഷി ഭവനുകൾക്ക് 10 കോടി, വന്യജീവി ആക്രമണം തടയാൻ 50 കോടി, കശുവണ്ടി വികസനത്തിന് 2.2 കോടി, കയർ വ്യവസായത്തിന് 117 കോടി , വിള ഇൻഷുറൻസിന് 30 കോടി. ഇതിനെല്ലാം പുറമെ, നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽ നിന്ന് 34 രൂപയാക്കി വർധിപ്പിക്കുകയും ചെയ്തു.
3. സൗജന്യ റേഷന്‍ നിര്‍ത്തലാക്കി കേന്ദ്രസർക്കാർ. കൊവിഡ് കാലത്ത് സംസ്ഥാനത്തിന് അനുവദിച്ച് സൗജന്യ റേഷൻ നിർത്തലാക്കുകയും സംസ്ഥാന സർക്കാരിന്റെ റേഷൻ വെട്ടിക്കുറയ്ക്കുകയും ചെയ്തു. നിലവിൽ 2 കിലോ പുഴുക്കലരിയും 1 കിലോ വീതം പച്ചരിയും കുത്തരിയുമാണ് ലഭിക്കുന്നത്. സൗജന്യ റേഷൻ നിർത്തലാക്കിയതോടെ കൂടുതൽ പ്രതിസന്ധി നേരിടുന്നത് തോട്ടം തൊഴിലാളികളാണ്. തൊഴിൽ ദിനങ്ങൾ കുറച്ചതോടെ ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ സൗജന്യ അരിയായിരുന്നു ഇവരുടെ ഏക ആശ്വാസം. ഇക്കാര്യത്തിൽ അടിയന്തരമായി സർക്കാർ ഇടപെടൽ ആവശ്യപ്പെടുകയാണ് മൂന്നാറിലെ തോട്ടം തൊഴിലാളികൾ.
4. കർഷകരെ ദ്രോഹിക്കുന്ന നയം കേന്ദ്ര സർക്കാർ തിരുത്തണമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക മേഖലയെ കേന്ദ്ര സർക്കാർ കൈയ്യൊഴിയുന്ന അവസ്ഥ കേന്ദ്ര ബജറ്റിൽ പ്രതിഫലിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ കാർഷിക മേഖലയുടെ വളർച്ച പിന്നോട്ടാണെന്ന് സാമ്പത്തിക സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെന്നും, കാർഷിക മേഖലയുടെ പുരോഗതിക്കായി പ്രതീക്ഷിച്ച പദ്ധതികൾ ബജറ്റിൽ ഉണ്ടായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5. സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുക്കലരി വിതരണം പ്രതിസന്ധിയിൽ. ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിച്ചപ്പോൾ ഗുണഭോക്താക്കൾക്ക് ലഭിച്ചത് പച്ചരി മാത്രം. ഇതോടെ കൂടുതൽ പേരും പച്ചരി വാങ്ങാതെ മടങ്ങി. ചില ജില്ലകളിൽ പിങ്ക്, മഞ്ഞ കാർഡുകൾക്ക് വിഹിതത്തിന്റെ 20 ശതമാനം പുഴുക്കലരി ലഭിച്ചു. ഫോർട്ടിഫൈഡ് ചെയ്ത അരി ഇതുവരെ വിതരണത്തിന് എത്തിയിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു.
6. 2021-22 വര്‍ഷത്തെ മികച്ച കര്‍ഷകര്‍ക്കുള്ള ജില്ലാതല പുരസ്‌കാര വിതരണം നാളെ മലപ്പുറത്ത് നടക്കും. മികച്ച ക്ഷീരകര്‍ഷകനായി ഷൗക്കത്തലി പന്തലിങ്ങല്‍, മികച്ച സമ്മിശ്ര കര്‍ഷകനായി മാത്യൂ പുത്തന്‍പുരക്കല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്ഷീരകര്‍ഷകന് 20,000 രൂപയും, മികച്ച സമ്മിശ്ര കര്‍ഷകന് 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് നല്‍കുക. പരിപാടിയോട് അനുബന്ധിച്ച് മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് സെമിനാറുകളും നടക്കും.
7. വയനാട്ടിലെ ഭക്ഷ്യ സംസ്‌ക്കരണ സംരംഭകര്‍ക്ക് മൂലധന സബ്‌സിഡി നൽകുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ ചേർന്ന് സ്ഥിരമൂലധന സബ്‌സിഡിയും, സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തന മൂലധന വായ്പയിന്മേല്‍ പലിശ സബ്‌സിഡിയും നല്‍കും. ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് കമ്പനി, ചാരിറ്റബിള്‍ സൊസൈറ്റി, സഹകരണ സംഘം തുടങ്ങിയവയാണ് ഗ്രൂപ്പ് സംരംഭങ്ങള്‍. കുടുംബശ്രീ വ്യക്തിഗത സംരംഭത്തിന് 40,000 രൂപ റിവോള്‍വിഗ് ഫണ്ടും അനുവദിക്കും. കരകൗശല തൊഴിലാളികള്‍ക്ക് ആവശ്യമായ കേന്ദ്ര സര്‍ക്കാരിന്റെ തിരിച്ചറിയല്‍ കാർഡ് ജില്ലാ വ്യവസായ കേന്ദ്രം എടുത്തു നല്‍കും.
8. ഒഡിഷയിൽ ജില്ലാ തല കൃഷി മഹോത്സവത്തിനും ഫാം മെഷിനറി മേളയ്ക്കും തുടക്കമായി. District Administrator and Department of Agriculture and Farmers Empowerment ആണ് പരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്. ട്രാക്ടറുകൾ, കാമ്പയിൻ ഹാർവെസ്റ്റർ തുടങ്ങി നിരവധി കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും പ്രദർശിപ്പിക്കുന്ന മേള കർഷകർക്ക് ഏറെ പ്രയോജനം ചെയ്യും. കൃഷി ജാഗരൺ മാധ്യമ പങ്കാളിയാകുന്ന പരിപാടി ഈ മാസം 5-ാം തിയതി സമാപിക്കും.
9. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മൊബൈൽ ടെസ്റ്റിംഗ് ലാബ് ഒരുക്കി ദുബൈ. ദുബൈ ഗ്ലോബൽ വില്ലേജിലെ എല്ലാ ഭക്ഷ്യസ്ഥാപനങ്ങളിലും ലാബിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. ആധുനിക സംവിധാനങ്ങളോടെയാണ് ലാബിന്റെ പ്രവർത്തനം. എമിറേറ്റിലെ എല്ലാ പരിപാടികളിൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് ലാബ് പരിശോധന നടത്തുന്നത്. എമിറേറ്റ്സ് ഇന്റർനാഷനൽ അക്രഡിറ്റേഷൻ ലഭിച്ച ആദ്യ ലബോറട്ടറിയാണ് മൊബൈൽ ടെസ്റ്റിംഗ് ലാബ്.
10. കേരളത്തിലെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശ്രീലങ്കൻ തീരത്തേക്ക് പ്രവേശിച്ച തീവ്ര ന്യൂനമർദം മൂലമാണ് മഴ തുടരുന്നത്. ന്യൂനമർദം ഉടൻ തന്നെ മാന്നാർ കടലിടുക്കിലേക്ക് പ്രവേശിക്കുമെന്നാണ് നിഗമനം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കുളച്ചൽ മുതൽ തെക്ക് ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.