വിള അധിഷ്ഠിത കൃഷിയിൽ നിന്ന് വ്യത്യസ്തമായി വിളയിടം അധിഷ്ഠിതമായ കാർഷിക പ്ലാനാണ് സര്‍ക്കാർ തയ്യാറാക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ.
വിളയിടങ്ങൾക്ക് അനുകൂലമായ വിധത്തിലുള്ള പ്ലാനാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തില്‍ ആവിഷ്‌കരിച്ച പൊലിമ പുതുക്കാടിന്റെ ഉദ്ഘാടനം നിർവഹിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വിളയ്ക്ക് പകരം വൈവിധ്യങ്ങളായിട്ടുള്ള വിളകള്‍ കൊണ്ട് കൃഷിയിടങ്ങളെ സമ്പന്നമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ദുരന്തമോ പ്രകൃതിക്ഷോഭമോ ഒരു വിളയെ മാത്രം ആക്രമിക്കപ്പെടുന്നത് തടഞ്ഞ് വർഷം മുഴുവൻ കൃഷി ചെയ്യാൻ കഴിയുന്ന വിധം വിളയിടാവുന്ന മാസ്റ്റർ പ്ലാൻ ആണ് സർക്കാർ തയ്യാറാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഭാസങ്ങള്‍ കൃഷി ഉള്‍പ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കൂടി മറികടക്കാനുള്ള കാര്‍ഷിക പ്ലാൻ വേണം. കാർഷിക മേഖലയിൽ എല്ലാവരെയും പങ്കാളിയാക്കി വ്യവസായത്തിന് തുല്യമായി ഉയർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെ സംസ്ഥാനത്ത് ഇതുവരെ രൂപീകരിച്ച 25,400 ലേറെ വരുന്ന കൃഷിക്കൂട്ടങ്ങളിലൂടെ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇടപെടലുകളാണ് നടക്കുന്നത്.
കാർഷിക മേഖലയിൽ സ്വയം പര്യാപ്തമാകുന്നതിന് ഒപ്പം തന്നെ ഭക്ഷ്യയോഗ്യമായത് കഴിക്കാനാകും എന്നതും പ്രധാനമാണ്. ശുദ്ധമായ ഭക്ഷണം തീൻമേശകളിൽ വിളമ്പാൻ നമ്മുടെ അടുക്കളകൾക്ക് കരുത്ത് പകരുക എന്ന വലിയ ലക്ഷ്യം കൂടിയാണ് ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നിരവധി പദ്ധതികളെ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ 40000ല്‍ പരം സ്ത്രീകളെ കൃഷിയിലേയ്ക്ക് നയിക്കുന്ന പദ്ധതിയാണ് 'പൊലിമ പുതുക്കാട്'. രണ്ടായിരത്തിലധികം വരുന്ന കുടുംബശ്രീ യൂണിറ്റുകളില്‍ കൃഷി വ്യാപിപ്പിച്ച് വിഷരഹിത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഒരു ലക്ഷം പച്ചക്കറി തൈകളും വിത്തുകളുമാണ് നടുന്നത്. തക്കാളി, ക്യാബേജ്, വെണ്ട, വഴുതന, മുളക്, കോളിഫ്‌ലവര്‍ തുടങ്ങിയ പച്ചക്കറികളാണ് നടുക. ജനുവരിയില്‍ വിളവെടുപ്പ് നടത്താവുന്ന തരത്തിലാണ് ഒന്നാം ഘട്ടം വിഭാവനം ചെയ്തിട്ടുള്ളത്. ത്രിതല പഞ്ചായത്തുകള്‍, കൃഷിവകുപ്പ്, കുടുംബശ്രീ, സഹകരണ ബാങ്ക് എന്നീ ഫണ്ടുകളാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.
മറ്റത്തൂർ ഗ്രാമപഞ്ചായത്ത്, കോടാലി ജംഗ്ഷനിൽ നിർമ്മിച്ച ടാക്സി സ്റ്റാന്റ് ചടങ്ങിൽ മന്ത്രി നാടിന് സമർപ്പിച്ചു. കോടാലി ഗ്രൗണ്ടിൽ നടന്ന ചടങ്ങില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ രാധാകൃഷ്ണൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി എസ് ബൈജു, അശ്വതി വിബി, അജിത സുധാകരൻ, എൻ മനോജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി എസ് പ്രിൻസ്, സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഡോ.എസ് സ്വപ്ന, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ നിർമ്മൽ എസ് സി, വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറികൾക്ക് പോഷകമായി വീട്ടിൽ തന്നെ ഉണ്ടാക്കാം വിവിധ ജൈവ വളങ്ങൾ