എറണാകുളം: കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ സംഭരിക്കാനും സംസ്കരിക്കാനും വിപണനം ചെയ്യാനും പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വാരപ്പെട്ടിയിൽ. ഗ്രീൻ കോതമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്.പി.ഒ) കൃഷിയിടാധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടിയിൽ പഴം-പച്ചക്കറി സംസ്ക്കരണ കേന്ദ്രം ആരംഭിച്ചു. ആന്റണി ജോൺ എം.എൽ.എയാണ് ഉദ്ഘാടനം നിർവഹിച്ചത്.
കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി യഥാർത്ഥ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഫാം പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 4.32 ലക്ഷം രൂപയാണ് സാമ്പത്തിക സഹായം ലഭ്യമാക്കിയിരിക്കുന്നത്.
കപ്പ, ചക്ക, ഏത്തക്ക, പൈനാപ്പിൾ തുടങ്ങിയ വിവിധ പഴവർഗ്ഗങ്ങളും പച്ചക്കറികളും ന്യായവിലക്ക് കർഷകരിൽ നിന്ന് സംഭരിച്ച് ലാഭമെടുക്കതെ സംസ്കരണ കേന്ദ്രം വഴി ഉപഭോക്താക്കൾക്ക് നൽകും. അതിനൊപ്പം സംഭരിക്കുന്ന ഉത്പന്നങ്ങൾ സംസ്കരിച്ച് ഉണങ്ങിയും ഡ്രൈ ഫ്രൂട്ടായും വിൽപ്പനക്ക് ഒരുക്കിയിട്ടുണ്ട്.
കോതമംഗലം കൃഷി ബ്ലോക്കിലെ ഓരോ പഞ്ചായത്തിൽ നിന്നും കൃഷിയിടാധിഷ്ഠിത പദ്ധതിയിൽ ഉൾപ്പെടുന്ന പത്ത് കർഷകരെ വീതം ഉൾപ്പെടുത്തിയാണ് എഫ്.പിഒ രൂപീകരിച്ചിട്ടുള്ളത്. കൃഷി ഭവനകളുടെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ കർഷകരുടെ മേൽനോട്ടത്തിലാണ് സംസ്ക്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം. കർഷകർ ഉത്പാദിക്കുന്ന എല്ലാ കാർഷിക വിളകളും എഫ്.പി.ഒ വഴി വിറ്റഴിച്ച് കർഷകരെ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.