Updated on: 3 February, 2024 9:29 PM IST
സുഗന്ധവ്യഞ്ജനങ്ങളും ഔഷധ സസ്യങ്ങളും സംബന്ധിച്ച യോഗം കൊച്ചിയിൽ നടന്നു

തിരുവനന്തപുരം:  കോഡെക്‌സ് കമ്മിറ്റി ഓൺ സ്പൈസസ് ആൻ്റ് കളിനറി ഹെർബ്‌സിൻ്റെ (സി സി എസ് സി എച്ച്) ഏഴാമത് സെഷൻ 2024 ജനുവരി 29 മുതൽ 2024 ഫെബ്രുവരി 2 വരെ കൊച്ചിയിൽ നടന്നു. കോവിഡ് -19 മഹാമാരിക്ക് ശേഷം, ഈ കമ്മിറ്റിയുടെ നേരിട്ട് നടത്തിയ ആദ്യ സെഷനായിരുന്നു ഇത്. 31 രാജ്യങ്ങളിൽ നിന്നുള്ള 109 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

ഏഴാമത് സി സി എസ് സി എച്ച് സമ്മേളനത്തിൽ (CCSCH7) മികച്ച ഫലങ്ങൾ കൈവരിക്കാനായി. ഈ സെഷനിൽ, 5 സുഗന്ധവ്യഞ്ജനങ്ങൾ, അതായത് ചെറിയ ഏലം, മഞ്ഞൾ, ജൂനിപ്പെർബെറി, സർവ്വസുഗന്ധി, തക്കോലം എന്നിവയുടെ ഗുണനിലവാര മാനദണ്ഡങ്ങൾ അന്തിമമാക്കി.

സി സി എസ് സി എച്ച്, ഈ അഞ്ച് മാനദണ്ഡങ്ങൾ കോഡെക്‌സ് എലിമെൻറ്റാറിയെസ് കമ്മീഷനിലേക്ക് (CAC) കൈമാറി. ഇവ അന്തിമ എട്ടാം ഘട്ടത്തിൽ പൂർണ്ണമായ കോഡെക്‌സ് മാനദണ്ഡങ്ങളായി അംഗീകരിക്കാൻ ശുപാർശ ചെയ്തു.

ഈ കമ്മറ്റിയിൽ ആദ്യമായി, സുഗന്ധവ്യഞ്ജനങ്ങളുടെ തരംതിരിക്കൽ തന്ത്രം വിജയകരമായി നടപ്പിലാക്കി. ഈ രീതിയിൽ, ഫലങ്ങളിൽ നിന്നും ചെറു മാംസള ഫലങ്ങളിൽ (berry) നിന്നും ഉരുത്തിരിഞ്ഞ സുഗന്ധവ്യഞ്ജനങ്ങൾ (3 സുഗന്ധവ്യഞ്ജനങ്ങൾ അതായത്-ജൂനിപ്പെർബെറി, സർവ്വസുഗന്ധി, തക്കോലം എന്നിവ ഉൾക്കൊള്ളുന്നു) എന്ന വിഭാഗത്തിന്റെ മാനദണ്ഡം കമ്മിറ്റി, അന്തിമമാക്കി.

വനിലയുടെ നിലവാര മാനദണ്ഡത്തിന്റെ കരട് അഞ്ചാം ഘട്ടത്തിലേക്ക് പുരോഗമിച്ചു. കമ്മിറ്റിയുടെ അടുത്ത സെഷനിൽ ചർച്ചയ്ക്ക് എടുക്കുന്നതിന് മുമ്പ് ഈ കരട്, അംഗരാജ്യങ്ങൾ ഒരുതവണ കൂടി പരിശോധനയ്ക്ക് വിധേയമാക്കും.

ഉണക്കിയ മല്ലിയരി, വലിയ ഏലം, മധുരമുള്ള മർജോറം, കറുവാപ്പട്ട എന്നിവയുടെ കോഡെക്‌സ് മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. കമ്മിറ്റി അതിന്റെ ഇനിയുള്ള പതിപ്പുകളിൽ ഈ നാല് സുഗന്ധവ്യഞ്ജനങ്ങളുടെ കരട് മാനദണ്ഡങ്ങൾ ചർച്ച ചെയ്യും.

സി സി എസ് സി എച്ച് -ൻ്റെ ഏഴാം സമ്മേളനത്തിൽ ആദ്യമായി ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ വലിയൊരു പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. സമിതിയുടെ അടുത്ത യോഗം 18 മാസത്തിന് ശേഷം നടക്കും.

ഇടക്കാല കാലയളവിൽ, വിവിധ രാജ്യങ്ങളുടെ അധ്യക്ഷതയിൽ ഇലക്‌ട്രോണിക് വർക്കിംഗ് ഗ്രൂപ്പുകൾ (ഇഡബ്ല്യുജികൾ) ശാസ്‌ത്രാധിഷ്‌ഠിത തെളിവുകളെ ആശ്രയിച്ച് മാനദണ്ഡങ്ങൾ വികസിപ്പിക്കാൻ വിവിധ രാഷ്ട്രങ്ങളുമായുള്ള ഇടപെടൽ തുടരും.

എഫ്എഒയും ഡബ്ല്യുഎച്ച്ഒയും സംയുക്തമായി സ്ഥാപിച്ച അന്തർദേശീയ സ്ഥാപനമായ കോഡെക്‌സ് എലിമെൻറ്റാറിയെസ് കമ്മീഷനിൽ (സിഎസി), 194-ലധികം രാജ്യങ്ങൾക്ക് അംഗത്വമുണ്ട്. ഇത് റോം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. മനുഷ്യൻ ഉപയോഗിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുന്ന മാനദണ്ഡങ്ങൾ രൂപപ്പെടുത്തുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ചുമതല.

വിവിധ അംഗ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന സി സി എസ് സി എച്ച് ഉൾപ്പെടെയുള്ള വിവിധ കോഡെക്സ് കമ്മിറ്റികൾ വഴിയാണ് സിഎസി, അതിൻ്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.

2013-ൽ കോഡെക്‌സ് എലിമെൻറ്റാറിയെസ് കമ്മീഷൻ (സിഎസി)ക്ക് കീഴിലുള്ള ഉൽപ്പന്ന കമ്മിറ്റികളിൽ ഒന്നായി കോഡെക്‌സ് കമ്മിറ്റി ഓൺ സ്‌പൈസസ് ആൻഡ് കളിനറി ഹെർബ്‌സ് (CCSCH) സ്ഥാപിതമായി. ഈ അഭിമാനകരമായ കമ്മിറ്റിക്ക് തുടക്കം മുതൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു. സെക്രട്ടേറിയറ്റ് സംഘടനയായി വർത്തിക്കുന്ന സ്‌പൈസസ് ബോർഡ് ഇന്ത്യയാണ് പ്രസ്തുത കമ്മിറ്റിയുടെ യോഗങ്ങൾ സംഘടിപ്പിക്കുന്നത്.

ഭക്ഷ്യ സുരക്ഷയും ഉപഭോക്തൃ സംരക്ഷണവും സംബന്ധിച്ച വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള അന്താരാഷ്ട്ര റഫറൻസ് പോയിന്റുകളായി, സി എ സി യുടെ മാനദണ്ഡങ്ങൾ ഡബ്ലിയു ടി ഓ (WTO) അംഗീകരിച്ചിട്ടുണ്ട്. സി എ സി യുടെ കീഴിലുള്ള സി സി എസ് സി എച്ച് ഉൾപ്പെടെയുള്ള കമ്മിറ്റികൾ വികസിപ്പിച്ചെടുത്ത മാനദണ്ഡങ്ങളെ സി എ സി അംഗ രാജ്യങ്ങൾ അവരുടെ ഇഷ്ടപ്രകാരം ദേശീയ മാനദണ്ഡങ്ങൾ രൂപീകരിക്കാൻ റഫറൻസ് ആയി സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. സി എ സി യുടെ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള ഭക്ഷ്യ മാനദണ്ഡങ്ങൾ സമന്വയിപ്പിക്കുന്നതിനും ഭക്ഷണത്തിൽ ന്യായമായ ആഗോള വ്യാപാരം സുഗമമാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ആഗോള ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഭക്ഷ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കുന്നു.

English Summary: A meeting on spices and medicinal plants was held in Kochi
Published on: 03 February 2024, 09:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now