1. പരമ്പരാഗത റബ്ബർ കൃഷി മേഖലകളിൽ 2025-ൽ വീണ്ടും നട്ടുപിടിപ്പിച്ചതോ പുതുതായി നട്ടുപിടിപ്പിച്ചതോ ആയ റബ്ബർ കർഷകരിൽ നിന്ന് ധനസഹായത്തിനായി റബ്ബർ ബോർഡ് അപേക്ഷകൾ ക്ഷണിക്കുന്നു. റബ്ബർ ബോർഡ് വെബ്‌സൈറ്റ് വഴി ആക്‌സസ് ചെയ്യാൻ കഴിയുന്ന 'സർവീസ് പ്ലസ്' വെബ് പോർട്ടൽ വഴി കർഷകർക്ക് 2025 ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. റബ്ബർ നട്ടുപിടിപ്പിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, നട്ടുപിടിപ്പിച്ച സ്ഥലത്തിന്റെ ഏകദേശ രേഖാചിത്രം, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് (ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട്), അംഗീകൃത നഴ്‌സറികളിൽ നിന്ന് വാങ്ങിയ നടീൽ വസ്തുക്കളുടെ തെളിവ് തുടങ്ങിയവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഹെക്ടറിന് 40,000 രൂപയാണ് സബ്‌സിഡി. റബ്ബർ ബോർഡിന്റെ വെബ്‌സൈറ്റായ www.rubberboard.gov.in-ൽ നിന്ന് വിശദാംശങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, കർഷകർക്ക് അടുത്തുള്ള റബ്ബർ ബോർഡ് റീജിയണൽ ഓഫീസുകൾ, ഫീൽഡ് സ്റ്റേഷനുകൾ, റബ്ബർ ബോർഡ് കോൾ സെന്റർ (ഫോൺ: 0481 - 2576622) എന്നിവയുമായി ബന്ധപ്പെടാവുന്നതാണ്.
2. പാലക്കാട് മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 'ആട് വളര്‍ത്തല്‍' എന്ന വിഷയത്തില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 13-ാം തീയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ 0491- 2815454 എന്ന ഫോൺ നമ്പറില്‍ പ്രവൃത്തി ദിവസങ്ങളില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0491 2815454 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് മഴയ്ക്ക് ശമനം. അടുത്ത 5 ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയില്ല. ഇന്ന് നേരിയതോ മിതമോ ആയ മഴയ്‌ക്ക് മാത്രം സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതിന്റെയടിസ്ഥാനത്തിൽ ഇന്ന് മുതൽ 14-ാം തീയതി വരെ നിലവില്‍, സംസ്ഥാനത്ത് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പുകളില്ല. അതേസമയം ആഗസ്റ്റ് 14-ാം തീയതി വരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങൾ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.