Updated on: 1 August, 2025 5:13 PM IST
കാർഷിക വാർത്തകൾ

1. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഓണം ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ചു ദിവസം നീളുന്ന ഫെയറുകളും സംഘടിപ്പിക്കും. നിയമസഭാ മണ്ഡലങ്ങളിൽ സപ്ലൈകോ പ്രധാന ഔട്ട്ലെറ്റിനോടനുബന്ധമായി ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ് ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലാ ഫെയറുകൾ ഉത്രാടം നാളായ സെപ്റ്റംബർ നാലു വരെ ഉണ്ടാകും. ആഗസ്ത് 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളിലൂടെ അരിയും ഭക്ഷ്യവസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഉൾപ്രദേശങ്ങളിലേക്കും എത്തിക്കുമെന്നും സെക്രട്ടേറിയറ്റ് പി. ആർ. ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

ഓണക്കാലത്ത് അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്‌സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ / പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും. എ.എ.വൈ. കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണിസഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകൾ നൽകുമെന്നും ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വെളിച്ചെണ്ണയ്ക്ക് വില കൂടിയ സാഹചര്യത്തിൽ, സാധാരണക്കാർക്ക് മിതമായ വിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാൻ സപ്ലൈകോ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് പുതിയ ടെൻഡർ വിളിക്കുകയും വിതരണക്കാരുമായി ചർച്ച ചെയ്ത് വില സംബന്ധിച്ച ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സബ്‌സിഡിയായും നോൺ സബ്‌സിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അര ലിറ്റർ പായ്ക്കറ്റിന് 179 രൂപയിലും, സബ്‌സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും അധികരിക്കാതെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എം.ആർ.പി.യേക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭിക്കും. സൺഫ്ലവർ ഓയിൽ, പാം ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.

വൻപയർ, തുവരപ്പരിപ്പ് എന്നീ സബ്‌സിഡി ഇനങ്ങളുടെ വില കുറച്ചു. വൻപയറിന് 75 രൂപയിൽ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയിൽ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അരക്കിലോയിൽ നിന്നും ഒരു കിലോയായി വർദ്ധിപ്പിച്ചു. (കിലോയ്ക്ക് 115.5/- രൂപ അരക്കിലോയ്ക്ക് 57.50/- രൂപ) വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്‌സിഡി സാധനങ്ങളും ഇപ്പോൾ ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്. ഓണക്കാലത്ത് മുഴുവൻ സബ്‌സിഡി സാധനങ്ങളും തടസമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സേമിയ / പാലട പായസം മിക്‌സ് (200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട വടിയരി, മട്ട ഉണ്ടയരി എന്നിവ പുറത്തിറക്കും. അരി നേരിട്ട് തെരഞ്ഞെടുത്ത്, മില്ലുകൾ വഴി സംസ്‌കരിച്ച് പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് പുട്ടുപൊടിയും അപ്പം പൊടിയും ശബരി ബ്രാൻഡിൽ വിപണനം ചെയ്യാനും പദ്ധതിയുണ്ട്. പുതിയ ഉത്പന്നങ്ങൾ ആഗസ്റ്റ് 18 ന് സപ്ലൈകോ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. 32 മേജർ കമ്പനികളിൽ നിന്നുമായി 288 ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോടെ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണക്കാലത്ത് ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു.

സപ്ലൈകോയുടെ 3 പ്രധാന ഔട്ട് ലെറ്റുകൾ ഈ വർഷം സിഗ്‌നേച്ചർ മാർട്ട് എന്ന പേരിൽ പ്രീമിയം ഔട്ട്ലെറ്റുകൾ ആക്കി മാറ്റും. ഓണക്കാലത്ത് തലശ്ശേരി ഹൈപ്പർമാർക്കറ്റ്, സിഗ്‌നേച്ചർ മാർട്ട് ആക്കി മാറ്റിക്കൊണ്ടാണ് ഈ വലിയ മാറ്റത്തിന് തുടക്കമാവുക. സപ്ലൈകോയുടെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടയം ഹൈപ്പർ മാർക്കറ്റ്, എറണാകുളം ഹൈപ്പർമാർക്കറ്റ് എന്നിവയും സിഗ്‌നേച്ചർ മാർട്ടുകളായി നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ആധുനിക രീതിയിലുള്ള മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താവിന് നൽകുകയാണ് സിഗ്‌നേച്ചർ മാർട്ടിന്റെ ലക്ഷ്യം. കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വിൽപനയാണ് നടന്നത്. ഇത്തവണ 250 കോടിയിൽ കുറയാത്ത വിൽപനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവർക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കി.1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും, റസിഡൻസ് അസോസിയേഷനുകൾക്കും, ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് 2500രൂപയിലധികം സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്കായി ഒരു ലക്കി ഡ്രോ നടത്തും. ഒരു പവൻ സ്വർണ്ണനാണയമടക്കം വിവിധ സമ്മാനങ്ങൾ വിജയികൾക്ക് നൽകും. സംസ്ഥാനത്തെ 140 ഓണച്ചന്തകളിലും ഇത്തരം നറുക്കെടുപ്പുകൾ ദിവസേന നടത്തി വിജയികൾക്ക് വെളിച്ചെണ്ണയടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

റേഷൻ കടകൾ വഴി ഓണത്തിന് സ്‌പെഷ്യൽ അരി

ഓണത്തിന് പി.എച്ച്.എച്ച് (പിങ്ക്) കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. എൻ.പി.എസ് (നീല) കാർഡിന് നിലവിലുള്ള അരി വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും എൻ.പി.എൻ.എസ് (വെള്ള) കാർഡിന് ആകെ 15 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും ലഭ്യമാക്കും. എ.എ.വൈ (മഞ്ഞ) കാർഡിന് ഒരു കിലോ പഞ്ചസാര ലഭ്യമാക്കും. എല്ലാ വിഭാഗം റേഷൻകാർഡുകാർക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ പാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത എ.എ.വൈ. കാർഡുകൾക്ക് 2 ലിറ്റർ മണ്ണെണ്ണയും മറ്റ് വിഭാഗം കാർഡുകാർക്ക് ഒരു ലിറ്റർ മണ്ണെണ്ണയും രണ്ട് പാദത്തിലെയും ചേർത്ത് ആഗസ്റ്റ് മാസം അനുവദിച്ചിട്ടുണ്ട്. അർഹരായ 43,000 കുടുംബങ്ങൾക്ക് കൂടി ഓണത്തിന് മുമ്പ് മുൻഗണനാ കാർഡ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

2. തിരുവനന്തപുരം ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് 2025-2026 വർഷത്തിൽ സാമ്പത്തിക സഹായം നൽകുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ധനസഹായം നൽകുന്നത്. താൽപര്യമുള്ള കാവുടമസ്ഥർക്ക് കാവിൻ്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ഓഗസ്റ്റ് 31-ാം തീയതിയ്ക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. മുൻപ് കാവുസംരക്ഷണത്തിന് ധനസഹായം ലഭിച്ച ഉടമസ്ഥർ അപേക്ഷ സമർപ്പി‌ക്കേണ്ടതില്ല.

3. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും വരുംദിവസങ്ങളിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥവകുപ്പ് അറിയിച്ചു. അതേസമയം ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ നാളെ മുതൽ മഴ ശക്തി പ്രാപിക്കും. നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ലക്ഷദ്വീപ് തീരത്ത്‌ ഓ​ഗസ്റ്റ് നാലു വരെയും, കർണാടക തീരത്ത്‌ ഇന്നും നാളെയും, ഓ​ഗസ്റ്റ് നാലാം തീയതിയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary: Supplyco Onam Fair; Special rice and Financial assistance sacred groves: Applications invited.... more agricultural news
Published on: 01 August 2025, 05:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now