1. 2025-26 സാമ്പത്തിക വർഷം ഫിഷറീസ് വകുപ്പ് ബി.ഐ.എഫ്.എച്ച്.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത് ഫിംസ് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിച്ചിട്ടുള്ളതും ലൈഫ് ഭവന പദ്ധതി മുഖേനയോ, സർക്കാരിന്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ / പുനർനിർമ്മാണ പദ്ധതി മുഖേനയോ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിക്കാത്തതുമായ മത്സ്യത്തൊഴിലാളികൾക്കും, പെൻഷണർമാർക്കും അപേക്ഷിക്കാവുന്നതാണ്. വീടിന് എട്ട് വർഷത്തെയെങ്കിലും പഴക്കമുണ്ടാകണം. വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം ആഗസ്റ്റ് 30 നകം മത്സ്യഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി മത്സ്യഭവനിലോ 0477 2251103 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
2. പാലക്കാട് ജില്ലയിലെ മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍
'കാട വളർത്തൽ' എന്ന വിഷയത്തില്‍ ഓഗസ്റ്റ് 21-ാം തീയതി ഒരു ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയങ്ങളിൽ 0491 2815454 എന്ന ഫോൺ നമ്പറിലേക്ക് വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രാവിലെ 9.30 ന് മലമ്പുഴ പരിശീലന കേന്ദ്രത്തിലെത്തണം. പരിശീലനത്തിന് എത്തുന്നവർ ആധാര്‍ കാര്‍ഡിൻ്റെ കോപ്പി ഹാജരാക്കേണ്ടതാണ്.
3. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. ഇന്ന് മുതൽ അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് നേരിയതോ മിതമോ ആയ മഴയ്ക്ക് മാത്രം സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.