1. കർഷക സേവനങ്ങൾ ദ്രുതഗതിയിലും സുതാര്യമായും ഉപഭോക്താക്കളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം സെപ്റ്റംബർ 9-ാം തീയതി അങ്കമാലി സി എസ് എ ഹാളില്‍ കൃഷി മന്ത്രി പി പ്രസാദ് കാര്‍ഡ് നിർവഹിച്ചിരുന്നു. കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തങ്ങളുടെ തുടർച്ചയായി നാലാം നൂറ് ദിന പരിപാടിയോടനുബന്ധിച്ചാണ് തിരിച്ചറിയൽ കാർഡ് സംവിധാനം നിലവിൽ വരുന്നത്. സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന സംസ്ഥാനത്തെ കർഷകർക്ക് കൃഷി വകുപ്പിന്റെ കതിർ ആപ് മുഖേന രജിസ്‌ട്രേഷൻ പൂർത്തിയാക്കി കാർഡ് സ്വന്തമാക്കാവുന്നതാണ്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കാർഡ് കൈവശമുള്ള കർഷകർക്ക് വിവിധ സാമ്പത്തിക സഹായം, കാർഷിക വായ്‌പ തുടങ്ങിയവ ലഭിക്കും. വിവിധ ഉൽപ്പന്നങ്ങൾ സബ്സിഡി നിരക്കിൽ സ്വന്തമാക്കാനും ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ നഷ്‌ടപരിഹാരം തുടങ്ങിയവയ്‌ക്കും കാർഡ് അവസരമൊരുക്കും. കർഷകന് സമയബന്ധിതമായി സേവനങ്ങൾ നൽകുവാനും, ലഭിക്കുന്ന സേവനങ്ങൾ കർഷകർക്ക് ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക്: കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് സംവിധാനവുമായി കൃഷി വകുപ്പ്
2. കണ്ണൂർ കക്കാട് റോഡിൽ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 19, 20 തീയതികളിൽ 'ആട് വളർത്തൽ 'എന്ന വിഷയത്തിൽ ദ്വിദിന പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 18 ന് 4 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്ക് മാത്രമേ ക്ലാസിൽ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് 0497 2763473 എന്ന ഫോൺ നമ്പറിൽ വിളിച്ച് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
3. സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ ശക്തിപ്രാപിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
നാളെ എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട് ജില്ലയിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ തമിഴ്നാടിനും ലക്ഷദ്വീപിനും മുകളിലായാണ് ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നത്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.