ആധാറും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂൺ 30ന് അവസാനിക്കും. അതിനുശേഷം ലിങ്ക് ചെയ്തിട്ടില്ലാത്ത പാൻ കാർഡുകൾ പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു. പാൻ കാർഡുകൾ ലിങ്ക് ചെയ്യാൻ മാർച്ച് 31 വരെ സമയം അനുവദിച്ചിരുന്നു. ജൂൺ 30 വരെ 1,000 രൂപയാണ് പിഴ അടക്കേണ്ടത്.
കൂടുതൽ വാർത്തകൾ: ആധാർ സൗജന്യമായി പുതുക്കാം; സമയപരിധി ഉടൻ കഴിയും
കഴിഞ്ഞ മാർച്ച് 31 വരെ ആധാർ-പാൻ ലിങ്കിംഗ് സൗജന്യമായി ചെയ്യാൻ അവസരമുണ്ടായിരുന്നു. പാൻ കാർഡ് അസാധുവായാൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കില്ല. ഇനി ഒരുതവണ കൂടി സമയപരിധി നീട്ടണം എന്നില്ല. കൂടുതൽ പേരും ഈ സമയപരിധിക്കുള്ളിൽ പാൻ- ആധാർ ലിങ്കിംഗ് ചെയ്തു കാണും. ഇനി നാളെ ചെയ്യാം എന്ന് മാറ്റി വയ്ക്കണ്ട. ഇപ്പോൾ തന്നെ ആധാർ-പാൻ കാർഡ് ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാം.
ഇതിനായി ചെയ്യണ്ടത്..
1. ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക.
2. ലിങ്ക്-ആധാർ പാൻ സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക
3. ആധാർ കാർഡ് നമ്പർ, പാൻ നമ്പർ എന്നിവ നൽകുമ്പോൾ സ്റ്റാറ്റസ് അറിയാം
ലിങ്ക് ചെയ്തിട്ടില്ല എന്നാണെങ്കിൽ?
1. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.incometax.gov.in വഴിയാണ് പാനും ആധാറും ലിങ്ക് ചെയ്യേണ്ടത്.
2. www.incometax.gov.in സന്ദർശിക്കുക
3. ക്വിക്ക് ലിങ്ക്സിന് താഴെ ലിങ്ക് ആധാർ തെരഞ്ഞെടുക്കുക
4. പാൻ നമ്പർ, ആധാർ വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ കൃത്യമായി ടൈപ്പ് ചെയ്യുക
5. ഞാൻ എന്റെ ആധാർ വിവരങ്ങൾ സാധൂകരിക്കുന്നു എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക
6. തുടരുക ക്ലിക്ക് ചെയ്യുക
7. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി സബ്മിറ്റ് ചെയ്യുക
ശ്രദ്ധിക്കേണ്ട കാര്യം
ഇന്ത്യയിലെ പൗരന്മാർ അല്ലാത്തവർ, 80 വയസിന് മുകളിൽ പ്രായമുള്ളവർ, അസം, മേഘാലയ, ജമ്മു കശ്മീർ സ്വദേശികൾ, എൻആർഐകൾ എന്നിവർക്ക് ആധാർ കാർഡ്-പാൻ ലിങ്ക് ചെയ്യേണ്ട ആവശ്യമില്ല.
ആധാർ കാർഡ് പുതുക്കാം..
ഇതോടൊപ്പം ഒരുകാര്യം കൂടി ഓർമിപ്പിക്കാം. 10 വർഷത്തിന് മുമ്പെടുത്ത ആധാർ കാർഡുകൾ ജൂൺ 14 വരെ സൗജന്യമായി പുതുക്കാം. 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെയാണ് സമയം അനുവദിച്ചിരുന്നത്. myAadhaar പോർട്ടൽ വഴി മാത്രമാണ് സൗജന്യമായി കാർഡുകൾ പുതുക്കാൻ സാധിക്കുന്നത്. മറ്റ് സേവന കേന്ദ്രങ്ങളിൽ പോയാൽ 50 രൂപ ഫീസ് നൽകണം. പേര്, ജനന തീയതി തുടങ്ങിയ വിവരങ്ങൾ ഓൺലൈനായി ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യാം.
Image Credits: Indiatimes.com, CAclubindia