1. ആധാർ ഉപയോഗിച്ച് പണം പിൻവലിക്കാനും നിക്ഷേപിക്കാനും പുതിയ സംവിധാനം. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാർ നമ്പർ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. പണം പിൻവലിക്കൽ, നിക്ഷേപിക്കൽ, ബാലൻസ് പരിശോധിക്കൽ, മറ്റ് സേവനങ്ങൾ തുടങ്ങിയവ ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിലൂടെ ലഭ്യമാകും. ആധാർ നമ്പർ, ബാങ്ക് പേര്, എൻറോൾമെന്റ് സമയത്ത് നൽകിയ ബയോമെട്രിക്സ് തുടങ്ങിയ വിവരങ്ങൾ ഓൺലൈൻ ഇടപാട് നടത്താൻ ആവശ്യമാണ്. മൈക്രോ എടിഎം, എടിഎം കിയോസ്ക്, മൊബൈൽ എന്നിവ വഴി ഇടപാടുകൾ നടത്താൻ സാധിക്കും.
കൂടുതൽ വാർത്തകൾ: കേരളത്തിലേക്ക് കടത്തിയ 22 ടൺ തമിഴ്നാട് റേഷനരി പിടികൂടി..കൂടുതൽ കൃഷി വാർത്തകൾ
2. കൃഷിയിടങ്ങളിൽ വച്ച് തന്നെ ഉത്തരവിറക്കുന്ന ആദ്യ പരിപാടിയാണ് കൃഷിദർശനെന്ന് കൃഷിമന്ത്രി പി പ്രസാദ്. തിരുവനന്തപുരം നെടുമങ്ങാട് സംഘടിപ്പിച്ച കൃഷിദർശൻ പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരുടെ പ്രശനങ്ങൾ ഗൗരവമായി കണ്ട് പരിഹാരം കാണുമെന്നും, കൃഷിയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആസൂത്രണം നടത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ മാസം 28 വരെ കൃഷിദർശൻ പരിപാടി തുടരും. കാർഷിക സെമിനാർ, കാർഷിക അദാലത്ത്, കാർഷിക പ്രദർശനം, കൃഷിക്കൂട്ട സംഗമം, കാർഷിക വിജ്ഞാപന വ്യാപനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
3. നിയമസഭ ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെട്ട് മൂല്യവർദ്ധിത കൃഷി മിഷനും, കേരള അഗ്രിബിസിനസ് കമ്പനിയും. കാർഷികോത്പന്നങ്ങളുടെ മൂല്യ വർദ്ധന സാധ്യതകൾ യഥാർഥ്യമാക്കുകയാണ് 'മൂല്യവർദ്ധിത കൃഷി മിഷന്റെ പ്രധാന ലക്ഷ്യം. കാർഷിക വിപണന ശൃംഖലയിലെ ബിസിനസ് പദ്ധതികൾ, ആഗ്രോ പാർക്കുകൾ എന്നിവയുടെ നടത്തിപ്പിനാണ് കേരള അഗ്രിബിസിനസ് കമ്പനി രൂപീകരിക്കുന്നത്. സർക്കാർ, കർഷകർ, കർഷക ഗ്രൂപ്പുകൾ, പൊതു ജനങ്ങൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ എന്നിവരാണ് കമ്പനിയുടെ പങ്കാളികൾ.
4. പാല്‍ സബ്സിഡിയിനത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഇന്‍സെന്റീവ് കുടിശിക തുകയുടെ വിതരണം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇന്‍സെന്റീവ് വൈകാന്‍ കാരണമെന്ന് മന്ത്രി വ്യക്തമാക്കി. വെള്ളനാട് ബ്ലോക്കുതല ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് അതിദരിദ്ര വിഭാഗത്തിലെ കര്‍ഷകര്‍ക്ക് 95 ശതമാനം സബ്‌സിഡിയോടെ പശുക്കളെ വിതരണം ചെയ്യുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5. തിരുവനന്തപുരം ജില്ലയിലെ കൃഷിദർശൻ പരിപാടിക്ക് നെടുമങ്ങാട് തുടക്കം. 'നാടിന് നല്ലത് മഞ്ഞൾ കൃഷി' എന്ന സന്ദേശത്തോടെ സംഘടിപ്പിച്ച കാർഷിക പ്രദർശനം ഭക്ഷ്യമന്ത്രി ജിആർ അനിൽ ഉദ്‌ഘാടനം ചെയ്തു. ഉത്പാദന രംഗത്തെ മുന്നേറ്റം കേരളത്തിന്റെ ഭാവിക്ക് ഗുണകരമാകുമെന്നും കർഷകൻ്റെ വരുമാനം വർദ്ധിപ്പിക്കുന്ന കൃഷി അനിവാര്യമാണെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. ഈ മാസം 28ന് മേള സമാപിക്കും.
6. ജലാശയങ്ങൾ കേന്ദ്രീകരിച്ചുള്ള ഇറിഗേഷൻ ടൂറിസം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. തിരുവനന്തപുരം കാട്ടായിക്കോണം വാർഡിൽ നവീകരിച്ച പൂലൈക്കോണം ചിറ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യബന്ധന വകുപ്പ് നൽകിയ മത്സ്യകുഞ്ഞുങ്ങളെ മന്ത്രി ചിറയിൽ നിക്ഷേപിച്ചു. നഗരസഭയുമായി സഹകരിച്ച് പൂലൈക്കോണം ചിറയിൽ പെഡൽ ബോട്ടിങ് ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
7. ആറേക്കർ കൃഷിയിടത്തിൽ ചീര വിളവെടുപ്പ് നടത്തി കൊല്ലം പാലത്തറ FIH കോൺവെന്റിലെ കന്യാസ്ത്രീമാർ. കോൺവെന്റ് മദർ ജനറൽ സിസ്റ്റർ റസിയ മേരി, ഡോക്ടർ സൂസനയ്ക്ക് ചീര കൈമാറി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. കർഷകയായ ശോശാമ്മയുടെ മേൽനോട്ടത്തിലാണ് ചീര കൃഷി നടന്നത്. പൂർണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി നടത്തിയതെന്ന് ശോശാമ്മ പറഞ്ഞു.
8. അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി കോട്ടയം രാമപുരം ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിർവഹിച്ചു. ഒരാൾക്ക് അഞ്ച് എണ്ണം വീതം 1350 പേർക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്.
9. കോട്ടയം ജില്ലയിൽ കാർഷിക യന്ത്രപ്രവർത്തനത്തിൽ 20 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഓട്ടോ മൊബൈൽ എൻജിനീയറിംഗ്/ ഡീസൽ മെക്കാനിക്/ മെക്കാനിക് അഗ്രികൾച്ചർ മെഷിനറി/ മെക്കാനിക്കൽ സർവീസിംഗ് ആൻഡ് അഗ്രോ മെഷിനറി/ഫാം പവർ എൻജിനീയറിംഗ്/ മെക്കാനിക് ട്രാക്റ്റർ എന്നീ ട്രേഡുകളിൽ ഐടിഐ/ വിഎച്ച്എസ്ഇ എന്നീ യോഗ്യതയുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. 18നും 35 വയസിനും ഇടയിൽ പ്രായമുള്ള 20 പേർക്കാണ് പരിശീലനം നൽകുക. താത്പര്യമുള്ളവർ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം spokksasc1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാ ഫോമും വിവരങ്ങളും 8281200673 എന്ന വാട്സ് ആപ്പ് നമ്പറിലും ഇ-മെയിലിലും ലഭിക്കും.
10. പത്തനംതിട്ട തിരുവല്ലയിൽ പ്രകൃതികൃഷി പരിശീലന പരിപാടിയ്ക്ക് തുടക്കം. തിരുവല്ല മഞ്ഞാടി മാമന്‍ മത്തായി നഗര്‍ ഹാളില്‍ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം തിരുവല്ല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ് നിർവഹിച്ചു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പുളിക്കീഴ് ബ്ലോക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൃഷിയിലെ രോഗ കീട നിയന്ത്രണം, നാടന്‍ പശുപരിപാലനം, ജൈവ ഉത്പാദന ഉപാധികളുടെ നിര്‍മ്മാണ രീതികള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നടക്കുക.
11. ഇടുക്കിയിൽ മൃഗസംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. കാൽവരിമൗണ്ടിൽ ഈ മാസം 30 വരെ നടക്കുന്ന ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെയും ടൂറിസം ഫെസ്റ്റിന്റെയും ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം റിന്റാമോൾ വർഗീസ് സെമിനാർ ഉദ്ഘാടനം ചെയ്തു. വളർത്ത് മൃഗങ്ങളുടെ സംരക്ഷണത്തെ കുറിച്ചും, മൃഗങ്ങളുടെ പ്രത്യുൽപാദനപ്രക്രിയയിലുണ്ടാകുന്ന അണുബാധ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വെറ്റിനറി സർജൻ ഡോ. റോമിയോ സണ്ണി ക്ലാസ് എടുത്തു.
12. ഇടുക്കിയിൽ കേരള വനം-വന്യജീവി വകുപ്പ് ഒരുക്കിയ പ്രദർശന വിപണനശാല ശ്രദ്ധ നേടുന്നു. ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കാൽവരി മൗണ്ടിലാണ് വനം പ്രദർശന വിപണനശാല നടക്കുന്നത്. കാടിന്റെ ആവാസവ്യവസ്ഥയെ വിളിച്ചോതുന്ന രൂപങ്ങളും ചിത്രങ്ങളും സ്റ്റാളിൽ ക്രമീകരിച്ചിട്ടുണ്ട്.
13. മുട്ട കയറ്റുമതിയിൽ റെക്കോർഡ് നേട്ടം കൈവരിക്കാനൊരുങ്ങി ഇന്ത്യ. ഒമാനിലേക്കും ഖത്തറിലേക്കും മുട്ട കയറ്റുമതി ചെയ്ത് ഇന്ത്യ നേരത്തെയും റെക്കോർഡ് ഇട്ടിരുന്നു. എന്നാൽ ഇപ്പോൾ മലേഷ്യയിൽ നിന്നാണ് മുട്ടയ്ക്ക് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചിരിക്കുന്നത്. 2022ൽ ഡിസംബറിൽ ഏകദേശം 5 ദശലക്ഷം മുട്ടകൾ മലേഷ്യയിലേക്ക് ഇന്ത്യ അയച്ചിരുന്നു.
14. ഗോതമ്പ് കൃഷിയിൽ വൻവിജയം നേടി ഷാർജ. 400 ഹെക്ടറിലാണ് ഇത്തവണ ഷാർജ ഗോതമ്പ് കൃഷി നടത്തിയത്. ഷാർജയിലെ മലീഹയിൽ സജ്ജമാക്കിയ ഗോതമ്പ് പാടത്തെ വിളവെടുപ്പ് മാർച്ചിൽ നടത്തും. നേരത്തെ ദക്ഷിണ കൊറിയയുമായി സഹകരിച്ച് അരി, കിനോവ ധാന്യം എന്നിവയും മികച്ച രീതിയിൽ ഷാർജ ഉൽപാദിപ്പിച്ചിരുന്നു.
15. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഡഗാസ്കറിന് സമീപം രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തെക്കൻ കേരളത്തിൽ അധിക മഴ ലഭിക്കുമെന്നാണ് സൂചന. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.