പെരുമ്പാവൂർ: ആന പിണ്ഡത്തിൽ നിന്ന് ജൈവ വളവും മൃഗവി സർജ്ജ്യത്തിൽ നിന്ന് പാചക വാതകവും നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയായ അഭയാരണ്യം ശുചിത്വ പദ്ധതിയുടെ ഉത്ഘാടനം എൽദോസ് കുന്നപ്പിള്ളി എം എൽ എ നിർവ്വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപയും ശുചിത്വ മിഷന്റെ ഗോബർധൻ പദ്ധതിയിൽ 4 ലക്ഷം രൂപയുമുൾപ്പെടെ 19 ലക്ഷം രൂപയാണ് പദ്ധതി ചിലവ്.എറണാകുളം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ വനം വകുപ്പിന് കീഴിലുള്ള അഭയാരണ്യം ഇക്കോ ടൂറിസം സെൻ്ററിൽ സ്ഥാപിക്കുന്ന പദ്ധതി മാലിന്യ നിർമ്മാർജ്ജനത്തിന് ഇവിടെ അനിവാര്യവുമാണ്. പർവ്വതനിരയുടെ പനിനീരായൊഴുകുന്ന പെരിയാർ നദിയുടെ തീരത്തുള്ള 250 ഏക്കർ സ്ഥലത്താണ് അഭയാരണ്യം ഇക്കോ ടൂറിസം സെന്റർ സ്ഥിതി ചെയ്യുന്നത്
ഇവിടത്തെ പ്രധാന ആകർഷണം 6 ആനകളും 300 ൽ പരം മാനുകളുമാണ്. അഭയാരണ്യത്തിലെ കാടുകൾ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്.തിങ്ങി നിറഞ്ഞ മരങ്ങൾ ,നിറയെ ദേശാടന പക്ഷികൾ ,വിവിധ തരം സസ്യങ്ങൾ എല്ലാം മനോഹരങ്ങളാണ്. അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളി പെരിയാറിനു മറുകരയിലാണ്. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് കോടനാട് വർഷംതോറും എത്തുന്നത്. പിണ്ഡവും ,മൃഗ വിസർജ്യവും ശാസ്ത്രീയമായി സംസ്ക്കരിക്കുവാനും, ഇതിൽ നിന്ന് ജൈവവളവും പാചകഗ്യാസും ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് അഭയാരണ്യം ശുചിത്വ പദ്ധതി
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ .എം.പി. പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.സി.എഫ് സാജു കെ.എ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ കൃഷ്ണകുമാർ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സാബു പാത്തിക്കൽ , എഫ്.ഡി.എ കോർഡിനേറ്റർ വിനയൻ , വി. എസ് .എസ് പ്രസിഡന്റ് സുകുമാരൻ എം.എസ്, ജെസ്സി എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിള ഇൻഷുറൻസ് പദ്ധതിയിൽ ഇപ്പോൾ ചേരാം
#Perumbavoor #Abhayaranyam #sanitationproject #Organicmanure #Agriculture