സമൂഹത്തിൽ ഖാദി ഉത്പന്നങ്ങളുടെ സ്വീകാര്യത കൂടിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന തല വിഷു -റംസാൻ ഖാദിമേള കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാർത്തകൾ: നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യയുടെ ഉദ്ഘാടനം നടന്നു
ഉപഭോക്താക്കളുടെ താൽപര്യത്തിനനുസരിച്ചുള്ള വസ്ത്രങ്ങൾ തയ്യാറാക്കാൻ ഖാദി ബോർഡിന് സാധിക്കുന്നുണ്ട്. വിഷു, റംസാൻ പ്രമാണിച്ച് 30 ശതമാനം വരെ സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചു. 180 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഖാദി, കൈത്തറി, കയർ, മുള എന്നിവയുടെ വിപണനത്തിന് സർക്കാർ ഇ കൊമേഴ്‌സ് പദ്ധതി തുടങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ട്. സംരഭങ്ങളെ പരമാവധി പ്രോത്സാഹിപ്പിച്ച് ഒരു ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: പാരമ്പര്യത്തിലേക്ക് മടങ്ങാം; ഇന്ന് ദേശീയ കൈത്തറി ദിനം
സംസ്ഥാന സർക്കാറിന്റെ എന്റെ ഗ്രാമം പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന കൈരളി സ്വയം സഹായ ഗ്രൂപ്പിന്റെ ഉത്പന്നങ്ങളായ കൂവപ്പൊടി, ആയുർവേദിക് ഹെയർ ഓയിൽ, ബോഡി മസാജ് ഓയിൽ, ബേബി ഫുഡ് എന്നിവയും മന്ത്രി വിപണിയിലിറക്കി.
പുതിയ ഖാദി വസ്ത്രത്തിന്റെ ലോഞ്ചിംഗ് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. പുതിയ ഖാദി ഉത്പന്നങ്ങളായ കുഞ്ഞുടുപ്പ്, ഖാദി പാന്റ് എന്നിവ കണ്ണൂർ എഡിഎം കെ കെ ദിവാകരൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭന് നൽകി ആദ്യ വിൽപന നിർവഹിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ ഗുണഭോക്താക്കൾക്ക് ഓൺലൈൻ വഴി ലഭ്യമാക്കുന്നതിന് ഓൺലൈൻ വ്യാപാര ശൃംഖലയായ ഫ്‌ളിപ്കാർട്ടുമായി ധാരണാപത്രം ഒപ്പുവെച്ചു. ബോർഡ് സെക്രട്ടറി ഡോ. കെ രതീഷ് ഫ്‌ളിപ്കാർട്ട് ലീഡ് ഡോ. ദീപു തോമസ് എന്നിവരാണ് ഒപ്പുവച്ചത്.
രാമചന്ദ്രൻ കടന്നപ്പളളി എം എൽഎ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ഖാദി ബോർഡ് മെമ്പർ എസ് ശിവരാമൻ, ഖാദി ബോർഡ് ഫിനാൻഷ്യൽ അഡൈ്വസർ ഡി സദാനന്ദൻ, ഖാദി ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ പി സുരേശൻ, പികെസി ഡയറക്ടർ, ടി സി മാധവൻ നമ്പൂതിരി, കണ്ണൂർ ഖാദി പ്രോജക്ട് ഓഫീസർ ഐ കെ അജിത് കുമാർ എന്നിവർ സംസാരിച്ചു.