മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കളമശ്ശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ശുചിത്വത്തിനൊപ്പം കളമശ്ശേരി' പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പയിന്റെ ഭാഗമായി വൃത്തിയാക്കിയ ശേഷം ലഭ്യമായ സ്ഥലങ്ങളില്‍ എംഎല്‍എ ഫണ്ടും സിഎസ്ആറും ഉപയോഗിച്ച് ഓപ്പണ്‍ ജിമ്മുകളും ഓപ്പണ്‍ പാര്‍ക്കുകളും സ്ഥാപിക്കും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകളും ചെടികളും വച്ചുപിടിപ്പിക്കും. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നിരീക്ഷണം ശക്തമാക്കുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. മാലിന്യനിര്‍മാര്‍ജനത്തില്‍ ഹരിതകര്‍മ്മ സേന സ്തുത്യർഹമായ സേവനമാണ് കാഴ്ച്ചവയ്ക്കുന്നത്. മാലിന്യത്തിനെതിരെ കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കക്ഷിരാഷ്ട്രീയമില്ലാതെ ജനങ്ങള്‍ ഒറ്റക്കെട്ടായാണ് കളമശ്ശേരിയെ ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തില്‍ മാത്രം ഒതുക്കാതെ തുടര്‍ന്നും പരിപാലിക്കും. വൈവിധ്യമാര്‍ന്ന വൃക്ഷങ്ങളാല്‍ സമ്പുഷ്ടമായ മിയാവാക്കി വനങ്ങള്‍ മണ്ഡലത്തില്‍ യാഥാര്‍ത്ഥ്യമാക്കും. ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ആക്രി ശേഖരണത്തില്‍ വന്‍ ജനപങ്കാളിത്തമുണ്ടായെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ മാലിന്യം സംസ്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന ഉത്തമ ബോധ്യത്തോടുകൂടി മുന്നോട്ട് പോകണമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. രാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കും അതീതമായി വരും തലമുറയ്ക്കായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ത്രിദിന ജനകീയ ശുചീകരണ പരിപാടിയുടെ രണ്ടാം ദിനത്തില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരണ യജ്ഞം നടന്നത്. കളമശേരിയിലെ ചാക്കോളാസ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി പി രാജീവ് നേതൃത്വം നല്‍കി. തുടര്‍ന്ന് എന്‍.എ.ഡി റോഡ്, ഏലൂര്‍ നഗരസഭയിലെ പാതാളം, ആനവാതില്‍ റോഡ്, കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്ത് തിരുവാലൂര്‍, കരുമാലൂര്‍ പഞ്ചായത്ത് തട്ടാംപടി, കുന്നുകര എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു.
മണ്ഡലത്തിലെ ആറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന ക്യാമ്പയിനില്‍ തദ്ദേശസ്ഥാപനങ്ങൾ, എന്‍.എ.ഡി, ശുചിത്വ മിഷന്‍, ഹരിത കര്‍മ്മസേന, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധസേവ സംഘടനകള്‍, വ്യാപാരി വ്യവസായ സംഘടനകള്‍, റെസ്റ്ററന്റ് അസോസിയേഷനുകള്‍, പൗര സമൂഹ സംഘടനകള്‍ തുടങ്ങിയര്‍ പങ്കെടുത്തു.
കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.ഡി സുജില്‍, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, ജില്ലാ പഞ്ചായത്ത് പ്ലാനിങ് ബോര്‍ഡ് അംഗം ജമാല്‍ മണക്കാട്, മുന്‍ എം.എല്‍.എ എ.എം യൂസഫ്, എന്‍.എ.ഡി സി.ജി.എം ദിവാകര്‍ ജയന്ത് തുടങ്ങിയവർ പങ്കെടുത്തു.
ജനകീയ ശുചീകരണ പരിപാടിയുടെ മൂന്നാം ദിനമായ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍, വൃത്തിയാക്കി വീണ്ടെടുത്ത സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടും ചെടികള്‍ വച്ച് പിടിപ്പിച്ചും പരിസരം മോടി പിടിപ്പിക്കും.
ബന്ധപ്പെട്ട വാർത്തകൾ: എ.ഐ ക്യാമറകൾ പണി തുടങ്ങി; പിഴ ഇന്ന് രാവിലെ എട്ട് മുതൽ