ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബി.ഐ.എസ്) മാര്‍ക്കില്ലാതെ കുപ്പിവെള്ളം വില്‍ക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി നിര്‍ദേശിച്ചു.ചില കുപ്പിവെള്ള കമ്പനികള്‍ ബി.ഐ.എസ് സര്‍ട്ടിഫിക്കേഷനില്ലാതെയാണ് വെള്ളം വില്‍ക്കുന്നതെന്ന് പരാതി ഉയര്‍ന്നിരുന്നു. അതോടൊപ്പം ചില കമ്പനികള്‍ സര്‍ട്ടിഫിക്കേഷന്‍ എടുത്തശേഷം ലൈസന്‍സോ, രജിസ്‌ട്രേഷനോ ഇല്ലാതെയാണ് വെള്ളം വില്‍ക്കുന്നതെന്നും പരാതിയുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ കുപ്പിവെള്ളത്തിനും കാനുകളില്‍ വില്‍പ്പന നടത്തുന്ന കുടിവെള്ളത്തിനും ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര അതോറിറ്റി വ്യക്തമാക്കി.രാജ്യത്ത് ഭക്ഷ്യോത്പന്നങ്ങളുടെ നിർമാണത്തിനും സംഭരണത്തിനും വിതരണത്തിനും ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്‌ട്രേഷനോ നിർബന്ധമാണ്.കുപ്പിവെള്ളത്തിനും കാനുകളിൽ വിൽപ്പന നടത്തുന്ന കുടിവെള്ളത്തിനും ബി.ഐ.എസ്. സർട്ടിഫിക്കേഷനും വേണം. ഇത് കുപ്പികളിലും കാനുകളിലും ഉപയോഗിക്കുന്ന ലേബലിൽ വ്യക്തമാക്കണം. ബി.ഐ.എസ്. സർട്ടിഫിക്കേഷൻ ലഭിക്കുന്നത് ഭക്ഷ്യസുരക്ഷാ ലൈസൻസിനുള്ള മാനദണ്ഡമല്ലെന്നും രണ്ടു ലൈസൻസും നിർബന്ധമായി നേടണമെന്നും അതോറിറ്റി വ്യക്തമാക്കി.
കുപ്പിവെള്ളം മിനറൽ വാട്ടറാണോ അല്ലയോ എന്നതും വ്യക്തമാക്കണം. കുപ്പികളിൽ അത് സാധാരണ കുടിവെള്ളമാണോ പ്രകൃതിദത്ത ധാതുക്കൾ കലർന്ന കുടിവെള്ളമാണോയെന്നും നിർബന്ധമായി രേഖപ്പെടുത്തണം. ഉത്തരവിന്റെയടിസ്ഥാനത്തിൽ ഇക്കാര്യങ്ങൾ കർശനമായി പരിശോധിക്കാൻ കേന്ദ്രഅതോറിറ്റി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ക്രമക്കേട് കണ്ടെത്തുന്ന കമ്പനികൾക്കെതിരേ കർശന നടപടി സ്വീകരിക്കും.