പത്തനംതിട്ട: ജനങ്ങളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കുകയാണ് റവന്യൂ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കടമ്പനാട് വില്ലേജില്‍ 44 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ നിര്‍വഹണത്തിന്റെ ചുമതല പിഡബ്ല്യൂഡി കെട്ടിട വിഭാഗത്തിനാണ്. ജനങ്ങള്‍ക്ക് അതിവേഗത്തില്‍ സേവനം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ വില്ലേജ്, താലൂക്ക് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളായി മാറിക്കൊണ്ടിരിക്കുകയാണ്.
ഡിജിറ്റല്‍ യുഗത്തില്‍ പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സര്‍ക്കാരിന്റെ സേവനങ്ങള്‍ വേഗത്തിലെത്തിക്കുവാന്‍ ഓഫീസുകള്‍ സ്മാര്‍ട്ടാവുന്നതിലൂടെ സാധ്യമാകും. ഓരോ ജില്ലയിലും റവന്യൂവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും ജീവനക്കാരുടെയും പരാതികള്‍ക്ക് പരിഹാരം കാണുവാന്‍ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ എല്ലാ മാസവും യോഗം ചേരുന്നുണ്ട്.
അടൂര്‍ മണ്ഡലത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുനെന്നും ഏറക്കുറെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ഓഫീസുകളായി മാറിയിട്ടുമുണ്ട്. മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം നവീകരണത്തിനായി സര്‍ക്കാര്‍ മൂന്നു കോടി രൂപയും കടമ്പനാട് മിനി സ്റ്റേഡിയത്തിനായി ഒരുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി അന്താരാഷ്ട്ര നിലവാരത്തില്‍ കൊടുമണ്ണില്‍ നിര്‍മിച്ച സ്റ്റേഡിയം ഇതിനോടകം പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. മണ്ഡലത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, കായികം തുടങ്ങി സമസ്ത മേഖലകളിലും സമ്പൂര്‍ണമായ വികസനം ലക്ഷ്യം വച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, വാര്‍ഡ് അംഗം റ്റി. പ്രസന്നന്‍, പൊടിമോന്‍ കെ. മാത്യു, അടൂര്‍ തഹസീല്‍ദാര്‍ ജി. കെ പ്രദീപ്, അഡ്വ. എസ് മനോജ്, കെ.എസ് അരുണ്‍ മണ്ണടി, റെജി മാമ്മന്‍, അഡ്വ. ആര്‍. ഷണ്മുഖന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.