ആലപ്പുഴ: പോഷക സമൃധി മിഷൻ വഴി ഓരോ വർഷവും 25,000 കുടുംബങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. വീയപുരം പോട്ടകളയ്ക്കാട് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നെൽ കൃഷിയുമായി ബന്ധപെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിനായി മൂന്ന് പേരെ ഉൾപ്പെടുന്ന ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. നെൽ കൃഷി മുതൽ സംഭരണം വരെ നിലനിൽക്കുന്ന എല്ലാ കാര്യങ്ങളിലും നിലനിൽക്കുന്ന പ്രയാസങ്ങൾ, പ്രതിസന്ധികൾ, എവിടെയെല്ലാം ഇടപെടലുകൾ വേണം എന്നുള്ളതിനെ കുറിച്ച് ഇവർ റിപ്പോർട്ട് നൽകും. ഒക്ടോബർ 4ന് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും.
കാലാവസ്ഥയുടെ മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും കൃഷിയുടെ കാര്യത്തിൽ വിളവ് കുറഞ്ഞാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനുള്ള നടപടി സ്വീകരിക്കും. ഓരോ വർഷവും 25 ലക്ഷം കുടുംബങ്ങളിലേക്ക് പച്ചക്കറികൾ പഴവർഗങ്ങൾ, ഇലവർഗങ്ങൾ, മില്ലറ്റ്സ്, എന്നിവയെല്ലാം ഉൽപ്പാദിപ്പിക്കുന്നതിന് കുടുംബങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള പോഷകസമൃദ്ധി മിഷന് ഗവൺമെൻറ് രൂപം നൽകി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യ വികസനത്തിന് 2022-23 വര്‍ഷത്തെ ദേശീയ പുരസ്‌കാരം നേടിയ വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് വീയപുരം പഞ്ചായത്തിലെ 7, 8 വാർഡുകളിലായുള്ള പോട്ടകളയ്ക്കാട് പാടശേഖരത്തിൽ അടിസ്ഥാന സൗകര്യ വികസനങ്ങളും നീര്‍ച്ചാലുകളുടെ സംരക്ഷണവും നടത്തുന്നത്. 61.18 ഹെക്ടർ വിസ്തൃതിയുള്ള ഈ പാടശേഖരത്തിൽ വർഷകാലത്ത് മഴവെള്ളം കുത്തിയൊലിച്ച് മടവീഴ്ചയുണ്ടായി കൃഷിനാശം സംഭവിക്കുന്നതിനെ പ്രതിരോധിക്കുന്നതിനും പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടിയാണ് പോട്ടകളയ്ക്കാട് പാടശേഖരം വെള്ളക്കെട്ട് നിവാരണ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നബാര്‍ഡിന്റെ സഹായത്തോടെ 1.74 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടത്തുന്നത്.
പോട്ടകളയ്ക്കാട് പാടശേഖരത്തിന് സമീപം നടന്ന ചടങ്ങില്‍ തോമസ് കെ. തോമസ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ് ഫിലിപ്പ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്തംഗം എ. ശോഭ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഓമന, ബ്ലോക്ക് അംഗം പ്രസാദ് കുമാര്‍, വീയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ഡി. ശ്യാമള, മായ ജയചന്ദ്രന്‍, പഞ്ചായത്തംഗം ബി. സുമതി, ജില്ല മണ്ണ് സംരക്ഷണ ഓഫീസര്‍ എസ്. മഞ്ജു, കര്‍ഷക പ്രതിനിധികളായ ഗീവര്‍ഗീസ് ചാക്കോ, മാലാല്‍ മുളക്കശ്ശേരില്‍, കൃഷി ഓഫീസർ വിജി, പാടശേഖരം പ്രസിഡൻ്റ് രാഘവ വർമ്മ, പാടശേഖരം സെക്രട്ടറി ബിജു ദാമോദരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.