കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ വിജ്ഞാന വ്യാപന ശാക്തീകരണ പദ്ധതി 2021 - 22 ന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല അവാര്‍ഡ്ദാന ചടങ്ങ് തുറമുഖം - മ്യൂസിയം - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക സംസ്ഥാനമെന്ന നിലയില്‍ കൃഷിക്കും കര്‍ഷകര്‍ക്കും എന്നും പ്രാധാന്യം നല്‍കുന്ന കേരളം കാര്‍ഷിക രംഗത്ത് ഇനിയും സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ട്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചെവിക്കൊള്ളാതെ മുന്നോട്ടു പോകാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്ന് പറഞ്ഞ മന്ത്രി ഇന്ത്യന്‍ കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിക്കുകയും ചെയ്തു. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്നത് ഏറ്റവും മഹത്തരമായ രാഷ്ട്ര സേവനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പൂര്‍ണ ജൈവ കാര്‍ഷിക മണ്ഡലം അവാര്‍ഡ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ലക്ഷം രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ സ്വാഗതം പറഞ്ഞു. കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ്.കെ. അബൂബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ മുകുന്ദ് കുമാര്‍ ഐ.എ.എസ്. നിര്‍വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. പി. ശിവാനന്ദന്‍ പച്ചക്കറി കൃഷി അവാര്‍ഡ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.പി. ജമീല, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ പി. ആര്‍. രമാദേവി എന്നിവര്‍ ആശംസ അറിയിച്ചു. കോഴിക്കോട് കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എ. പുഷ്പ നന്ദി പറഞ്ഞു.