Updated on: 15 September, 2022 11:36 PM IST

1. കേരളത്തിൽ മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനം. പദ്ധതിയിലൂടെ കർഷകരുടെ വരുമാനവും കാർഷികോൽപാദനക്ഷമതയും വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. കാർഷിക ഉൽപന്നങ്ങൾ അടിസ്ഥാനമാക്കി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കുക, കാർഷിക ഉൽപന്നങ്ങൾക്കും മൂല്യവർധിത ഉൽപന്നങ്ങൾക്കും തദ്ദേശീയമായും ദേശീയമായും അന്തർദേശീയമായും വിപണന ശൃംഖല വികസിപ്പിച്ചെടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം മൂല്യവർധിത കൃഷി മിഷനിലൂടെ ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. മിഷൻ അധ്യക്ഷൻ മുഖ്യമന്ത്രിയും, കൃഷി, വ്യവസായ മന്ത്രിമാർ ഉപാധ്യക്ഷന്മാരും ആയിരിക്കും. ധനം, തദ്ദേശം, സഹകരണം, ജലവിഭവം, മൃഗ സംരക്ഷണം, ഫിഷറീസ്, വൈദ്യുതി, ഭക്ഷ്യ വകുപ്പ് വിഭാഗങ്ങളിലെ മന്ത്രിമാർ മിഷന്റെ അംഗങ്ങളാകും.

ബന്ധപ്പെട്ട വാർത്തകൾ: കൊപ്ര സംഭരണം നവംബർ 6 വരെ, തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ്; കൂടുതൽ കാർഷിക വാർത്തകൾ

2. കുടുംബശ്രീ ഓണച്ചന്തകള്‍ വഴി ഏറ്റവുമധികം ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചത് എറണാകുളം ജില്ലയിൽ. 2.9 കോടി രൂപയുടെ ഉൽപന്നങ്ങളാണ് വിൽപന നടത്തിയത്. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് സി.ഡി.എസുകളില്‍ നടത്തിയ ചന്തകളിൽ 43 ലക്ഷത്തിലധികം രൂപയുടെ ഉല്‍പന്നങ്ങളാണ് വിറ്റത്. ജില്ലാതലത്തില്‍ നാലും, സി.ഡി.എസ് തലത്തില്‍ 101 വിപണന മേളകളുമാണ് സംഘടിപ്പിച്ചത്. വൈപ്പിനിലെ പള്ളിപ്പുറം, ഞാറക്കല്‍ സി.ഡി.എസുകളിലാണ് ഏറ്റവുമധികം കച്ചവടം നടന്നത്. പള്ളിപ്പുറത്തെ വിപണിയില്‍ 19.23 ലക്ഷം രൂപയുടെയും, ഞാറക്കലില്‍ 13.19 ലക്ഷം രൂപയുടെയും ഉൽപന്നങ്ങൾ വിറ്റഴിച്ചു. മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് മേളകൾ നീണ്ടുനിന്നത്.

3. പച്ചക്കറി കൃഷിയ്ക്കായി വയനാട്ടിലെ കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും കൃഷി വകുപ്പിന്റെ ധനസഹായം. ക്ലസ്റ്റർ മുഖേന വാണിജ്യ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഒരു ഹെക്ടറിന് 20,000 രൂപയും, പന്തല്‍ കൃഷിക്കായി 25,000 രൂപയും ധനസഹായമായി നല്‍കും. കൃഷിക്കുള്ള ജലസേചന പമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നതിന് 50 ശതമാനം സബ്സിഡിയോടെ പരമാവധി 10,000 രൂപ, ശീതകാല പച്ചക്കറി കൃഷിക്കായി ഹെക്ടറൊന്നിന് 30,000 രൂപ, പരമ്പരാഗതയിനങ്ങളുടെ കൃഷിക്കായി 10,000 രൂപ എന്നിങ്ങനെ ലഭിക്കും. കൃഷിത്തോട്ടങ്ങളൊരുക്കുന്ന സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്തംബര്‍ 25നകം പ്രോജക്ട് സമർപ്പിക്കണം. മറ്റ് അപേക്ഷകർ അപേക്ഷയും അനുബന്ധരേഖകളും നിശ്ചിത സമയത്തിനകം അതാത് കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം.

4. കോവിഡ് കാലത്ത് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കിയതില്‍ കേരളം മാതൃകയെന്ന് ലോകാരോഗ്യ സംഘടന. 'കോവിഡ്‌ പകർച്ചവ്യാധി: ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ തെക്കു-കിഴക്കൻ ഏഷ്യൻ മേഖല നടപ്പാ‌ക്കിയ പദ്ധതികളും പാഠങ്ങളും' എന്ന പേരിൽ ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ്‌ പരാമർശം. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ പ്രവർത്തനവും റിപ്പോർട്ടിൽ വിലയിരുത്തിയിട്ടുണ്ട്. കൊവിഡ് കാലത്തെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ മൂലം സംസ്ഥാനത്ത് ഇപ്പോള്‍ 1953.34 മെട്രിക് ടണ്‍ ഓക്‌സിജന്റെ അധിക സംഭരണ ശേഷിയുണ്ടെന്നും ഓക്‌സിജന്‍ കിടക്കകള്‍ ഒറ്റവര്‍ഷം കൊണ്ട് ഇരട്ടിയിലധികമായി വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

5. കണ്ണൂരിൽ പേവിഷബാധയേറ്റ പശുവിന് ദയാവധം. ചിറ്റാരിപ്പറമ്പ് സ്വദേശിയുടെ പശുവിനാണ് വിഷബാധ സ്ഥിരീകരിച്ചത്. കാലിന് മുറിവേറ്റ പശുവിന് കുത്തിവയ്പ്പ് നൽകിയെങ്കിലും അക്രമാസക്തമായതോടെ ദയാവധം നടത്തുകയായിരുന്നു. പ്രദേശത്ത് പേവിഷബാധ തുടർച്ചയാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. പശുക്കളുമായി അടുത്ത് ഇടപഴകുന്നവർ വാക്സിനേഷന് വിധേയമാകണമെന്നാണ് നിർദേശം.

6. ജൈവകര്‍ഷകര്‍ക്കായി ആറാട്ടുപുഴയില്‍ ഭൂമിക ഇക്കോഷോപ്പ് തുറന്നു. കര്‍ഷകര്‍ക്ക് ഇക്കോഷോപ്പിലൂടെ ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും ഒരിടത്ത് ലഭ്യമാക്കുകയാണ് ഇക്കോഷോപ്പിന്റെ ലക്ഷ്യം. ഗുണമേന്മയുള്ള വിത്തുകള്‍, തൈകള്‍, ജൈവവളക്കൂട്ടുകള്‍, ജൈവ കീടനാശിനികള്‍, ലഘു കാര്‍ഷിക ഉപകരണങ്ങള്‍, കീടങ്ങളെ അകറ്റാനുള്ള വിവിധ തരം വലകള്‍, കെണികള്‍ എന്നിവയ്ക്ക് പുറമെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന ജൈവ പച്ചക്കറികളും, ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും തൈകളും, വിത്തുകളും ഇവിടെ നിന്നും ലഭിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇക്കോഷോപ്പ് കൗണ്ടര്‍ പ്രവര്‍ത്തിക്കും.

7. പത്തനംതിട്ടയിൽ പോഷക ഉൽപന്ന നിര്‍മാണ പരിശീലനം സംഘടിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ഈ മാസം 17ന് രാവിലെ 10 മണിയ്ക്ക് തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം നടക്കുക. പരിശീലനത്തിൽ പങ്കെടുക്കുന്നവര്‍ക്ക് നടീല്‍ വസ്തുക്കളും പച്ചക്കറി വിത്തുകളും നല്‍കും. രജിസ്‌ട്രേഷന്‍ അതേദിവസം രാവിലെ ഒമ്പത് മുതല്‍ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8078572094 എന്ന നമ്പറിൽ ബന്ധപ്പെടാം.

8. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങളുടെ വിഭാ​ഗത്തിൽ ഫിഷറീസ് വകുപ്പിന് ഒന്നാം സ്ഥാനം. 'ജീവൻ കാക്കാൻ തീരം ശുചിയാക്കാം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് നിശ്ചലദൃശ്യം ഒരുക്കിയത്. ഫിഷറീസ് വകുപ്പിന്റെ 'മാലിന്യമകന്ന കടലും, തീരവും എന്ന മുദ്രാവാക്യം' കൂടുതൽ പേരിലേക്കെത്തിക്കാൻ ഈ ഒന്നാം സ്ഥാനം വഴിയൊരുക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കരയിലെ ജീവൻ പോലെ തന്നെ കടലിലെ ജീവനും പ്രാധാന്യമുണ്ടെന്നും അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

9. കണ്ണൂരിലെ മത്സ്യത്തൊഴിലാളി വനിതകൾക്ക് സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുന്ന പരിശീലന പരിപാടിയ്ക്ക് ഇന്ന് സമാപനം. കേരള ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ ആണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ ഈ മാസം 12നാണ് പരിശീലനം ആരംഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറും സാഫ് ജില്ലാ നോഡൽ ഓഫീസറുമായ ശ്രീമതി ജുഗ്നു പരിപാടി ഉദ്ഘാടനം ചെയ്തു. മുപ്പതോളം വനിതകൾ പരിശീലനത്തിൽ പങ്കാളികളായി. എക്സാത് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിൽ മാനേജ്മെന്റ് ട്രെയിനിങും, അച്ചീവ്മെന്റ് മോട്ടിവേഷൻ ട്രെയിനിങുമാണ് വനിതകൾക്ക് നൽകുന്നത്.

10. ഫാർമർ ദി ജേർണലിസ്റ്റിന്റെ ഭാഗമായി വനിത കർഷകർക്ക് ഓൺലൈൻ പരിശീലനം നൽകി കൃഷി ജാഗരൺ. കാർഷിക മേഖലയിൽ നിന്നും മാധ്യമ പ്രവർത്തരെ വാർത്തെടുക്കാനുള്ള കൃഷി ജാഗരണിന്റെ പുത്തൻ ആശയമാണ് ഫാർമർ ദി ജേർണലിസ്റ്റ്. കൃഷി ജാഗരൺ ഡയറക്ടർ ഷൈനി ഡൊമിനിക്കിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി കർഷകർ ഫാർമർ ദി ജേർണലിസ്റ്റിലൂടെ പരിശീലനം നേടിക്കഴിഞ്ഞു. പരിശീലനത്തിന്റെ രണ്ടാം സെക്ഷനാണ് ഇത്തവണ നടന്നത്.

11. സൗദി അറേബ്യയിൽ ഇനി സമൃദ്ധിയുടെ മാതളക്കാലം. ഖസീം, അൽ-ജൗഫ്, അൽ-ബാഹ, അസീർ പ്രവിശ്യകളിലെ കൃഷിയിടങ്ങളിൽ 'റുമാൻ' എന്ന പേരിലാണ് മാതളം അറിയപ്പെടുന്നത്. 1,600ലധികം ഹെക്ടർ തോട്ടങ്ങളിലായി രണ്ട് ലക്ഷത്തിൽപരം മാതളച്ചെടികൾ വിളവെപ്പിന് തയ്യാറെടുക്കുന്നുവെന്നാണ് പരിസ്ഥിതി, ജല, കൃഷിമന്ത്രാലയത്തിന്റെ വിലയിരുത്തൽ. 30,000 ടൺ മാതളനാരങ്ങ സൗദി അറേബ്യ ഉൽപാദിപ്പിക്കുന്നുണ്ട്. ആഭ്യന്തര ഉപയോഗത്തിന്റെ 35 ശതമാനത്തോളമാണിത്.

12. കേരളത്തിൽ ഇന്ന് മുതൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

English Summary: Agriculture Department Funding for Vegetable Farming, more agriculture news
Published on: 15 September 2022, 04:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now