കൃഷിവകുപ്പിൽ ഇനി ഉദ്യോഗസ്ഥതല യോഗങ്ങളും കർഷകരുൾപ്പടെയുള്ളവർക്കുള്ള പരിശീലന പരിപാടികളും ഓൺലൈനായി സംഘടിപ്പിക്കും..ഓൺലൈൻ ആയി ഇനി കൃഷിയെക്കുറിച്ച് അറിവ് സമ്പാദിക്കാം. കൂടുതൽ കർഷകർക്ക് പുതിയ ആശയങ്ങൾ പകരാനും കർഷകർക്കിടയിലെ കാർഷിക അവബോധം വളർത്താനും ലക്ഷ്യമിട്ടാണ് പരിശീലനം ഓൺലൈൻ വഴിയാക്കുന്നത്. വീഡിയോ കോൺഫറൻസിന്റയും വിർച്വൽ ക്ലാസ് റൂമിന്റെയും ഉദ്ഘാടനം മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു. പരിശീലനം ഓൺലൈൻ വഴി ആക്കുന്നതോടെ കൂടുതൽ കാർഷിക വിദഗ്ധരെ ഉൾപ്പെടുത്തി പരിശീലനം നൽകാമെന്ന വിലയിരുത്തലിലാണ് കൃഷി വകുപ്പ്.
കൃഷി മന്ത്രി, കാർഷികോത്പാദന കമ്മീഷണർ, കൃഷി വകുപ്പ് സെക്രട്ടറി, കൃഷി ഡയറക്ടറേറ്റ്, 14 ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസുകൾ, എസ് എഫ് എ സി എന്നിവ ബന്ധിപ്പിച്ചു കൊണ്ടാണ് വീഡിയോ കോൺഫറൻസ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കർഷകർക്കുള്ള പരിശീലന പരിപാടികളും കൃഷി വകുപ്പിൽ ഉദ്യോഗസ്ഥ തല യോഗങ്ങളും ഓൺലൈനായി നടത്താനുള്ള സംവിധാനം നിലവിൽ വന്നു.