ഓണക്കാലത്ത് പഴം പച്ചക്കറികൾക്ക് ഉണ്ടാകുന്ന ഭീമമായ വിലക്കയറ്റത്തെ നിയന്ത്രിക്കുമെന്ന് കൃഷി വകുപ്പ്. അതിനായി പ്രാദേശികമായി ഉദ്പ്പാദിപ്പിക്കുന്ന പഴം, പച്ചക്കറികൾ എന്നിവ വിപണി വിലയേക്കാൾ ശതമാനത്തോളം വില കുറച്ച് ലഭ്യമാക്കുന്നതിനായി ഓണ വിപണികൾ സർക്കാർ സംഘടിപ്പിച്ചിരിക്കുകയാണ്, കൂടാതെ കർഷകർക്കും ഗുണകരമാകുന്ന നടപടികളാണ് കൃഷി വകുപ്പ് എടുത്തിരിക്കുന്നത്.
കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ഓണത്തിന് 2010 നാടൻ കർഷക ചന്തകൾ സജ്ജീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞിട്ടുണ്ട്. കൃഷിവകുപ്പിനൊപ്പം ഹോർട്ടി കോർപ്പും വി.എഫ്.പി.സി.കെയും സംയുക്തമായാണ് വിപണികൾ സംഘടിപ്പിക്കുന്നത്. കൃഷിവകുപ്പിന്റെ 1350 കർഷക ചന്തകളും ഹോർട്ടികോർപ്പിന്റെ 500 ചന്തകളും വി.എഫ്.പി.സി.കെ 160 ചന്തകളുമാണ് സംസ്ഥാനത്താകെ നടത്തുന്നത്. കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലുമായി സഞ്ചരിക്കുന്ന വിൽപ്പന ശാലകളും തയ്യാറായി കഴിഞ്ഞിട്ടുണ്ട്.
കേരളത്തിൽ ലഭ്യമല്ലാത്തതും എന്നാൽ ഗുണഭോക്താക്കൾക്ക് ആവശ്യമുള്ളതുമായ പച്ചക്കറികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കർഷക കൂട്ടായ്മകളിൽ നിന്നും ലഭ്യമാക്കുന്നതിനുള്ള നടപടികളും കൃഷി വകുപ്പ് കൈകൊണ്ടിട്ടുണ്ട്. ഇതിന് വേണ്ടി തമിഴ്നാട് കൃഷി വകുപ്പുമായി സഹകരിച്ച് തെങ്കാശിയിലെ കർഷക കൂട്ടായ്മകളിൽ നിന്ന് പച്ചക്കറികൾ വാങ്ങുന്നതിനുള്ള നടപടികൾ സർക്കാർ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ‘ കേരള ഫാം ഫ്രഷ് പഴം പച്ചക്കറി എന്ന പദ്ധതി പ്രകാരം 16 ഇനം പച്ചക്കറികൾക്ക് താങ്ങ് വില പ്രഖ്യാപിച്ചിട്ടുള്ള ഏക സംസ്ഥാനവും കേരളമാണ്. കൂടാതെ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കർഷകർക്കും ഈ പ്രയോജനം ലഭിക്കുന്നതാണ്.
വാണിജ്യടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കർഷകരിൽ നിന്നും ഹോർട്ടികോർപ്പ് പഴം പച്ചക്കറികൾ 13 ജില്ലാ സംഭരണ കേന്ദ്രങ്ങൾ വഴിയും അല്ലാതെ 6 ഉപ സംഭരണ കേന്ദ്രങ്ങൾ വഴിയും ഹോർട്ടി കോർപ്പിൻ്റെ സ്റ്റാളുകൾ വഴി തന്നെ വിപണനം നടത്തുന്നുണ്ട്.
മികച്ച രീതിയിൽ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുന്ന ഗ്രേഡഡ് പച്ചക്കറി ക്ലസ്റ്ററുകൾക്ക് 10,000 രൂപ അധികമായി നൽകാനും തീരുമാനം ആയിട്ടുണ്ട്.
കാർഷിക ഉത്പ്പന്നങ്ങൾ വിപണനം നടത്തുന്നതിന് വേണ്ടി ഹൈടെക്ക് സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ : ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ ഹോർട്ടിസ്റ്റോർ