എറണാകുളം: ചെറുധാന്യങ്ങളുടെ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചുമായി ധാരണാപത്രം ഒപ്പുവച്ചു.
കൃഷിവകുപ്പ് ഫാമുകള്‍ കാര്‍ബണ്‍ തുലിതമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷിവകുപ്പിലെ തിരഞ്ഞെടുക്കപ്പെട്ട 13 ഫാമുകളെ കാര്‍ബണ്‍ തുലിത കൃഷി ഫാമുകളായി ഉയര്‍ത്തുന്നതിനുള്ള ദ്വിദിന സംസ്ഥാനതല ശില്പശാലയുടെ ഉദ്ഘാടനം ആലുവ പാലസില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വിവിധ മാര്‍ഗങ്ങളിലൂടെ കാര്‍ബണ്‍ ബഹര്‍ഗമനം കുറക്കുക എന്ന ആശയത്തില്‍ കാര്‍ബണ്‍ തുലിതമായ ഇന്ത്യയിലെ ആദ്യ ഫാമായി ആലുവ വിത്തുല്പാദന കേന്ദ്രത്തെ ഉയര്‍ത്തുകയും തുടര്‍ന്ന് സംസ്ഥാനത്തെ 13 ഫാമുകളെ കൂടി കാര്‍ബണ്‍ തുലിതമാക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കുന്നതിന്റെ ഭാഗമായാണ് ദ്വിദിന ശില്പശാല സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
കേരളജനതയുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി കാര്‍ഷിക മേഖലയെ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പോഷകസമൃദ്ധി മിഷന്‍ രൂപീകരിച്ചു നടപ്പിലാക്കി വരുന്നു. പോഷക സമൃദ്ധമായ സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തോടെ ഉല്പാദന മേഖല മുതല്‍ വിപണന മേഖല വരെ സമഗ്രമായി സംയോജിപ്പിച്ചു കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതും പോഷകസമൃദ്ധി മിഷന്റെ ലക്ഷ്യമാണ്. പദ്ധതി പ്രകാരം സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലകളിലും ചെറുധാന്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും കേരളാഗ്രോ ബ്രാന്‍ഡിന് കീഴില്‍ വിവിധ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കും. പ്രാദേശിക തലങ്ങളില്‍ സംസ്‌കരണ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിലൂടെയും ഗ്രാമീണ - നഗര കേന്ദ്രങ്ങളിലെ വിപണികളില്‍ ചെറുധാന്യങ്ങളുടെയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും ലഭ്യത ഉറപ്പു വരുത്തുന്നതിലൂടെയും വിഭവ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും മൂല്യവര്‍ധനയ്ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിലൂടെയും കേരളത്തില്‍ ചെറുധാന്യങ്ങളുടെ ലഭ്യതയും ഉപഭോഗവും വര്‍ധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചുമായി ധാരണ പത്രം ഒപ്പ് വയ്ക്കുന്നത് വഴി ചെറുധാന്യങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ധന, വിപണനം കൂടാതെ ബ്രാന്‍ഡിങ് എന്നീ മേഖലകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകും. ഈ വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പോഷക സമൃദ്ധി മിഷന്റെ ഭാഗമായി കൃഷി വകുപ്പും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചുമായി ചെറുധാന്യങ്ങളുടെ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണപത്രം കൃഷി വകുപ്പ് ഡയറക്ടര്‍ കെ.എസ് അഞ്ജുവും ഐഐഎംആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ബി ദയാകര്‍ റാവുവും ചേര്‍ന്ന് ഒപ്പുവച്ചു.
കൃഷി വകുപ്പ് ഡയറക്ടര്‍ കെ. എസ് അഞ്ജു അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഡയറക്ടര്‍ ഡോ. കടമ്പോട്ട് എച്ച് എം സിദ്ദിഖ്, കാര്‍ഷിക വിലനിര്‍ണ്ണയ ബോര്‍ഡ് ചെയര്‍മാന്‍ പി. രാജശേഖരന്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, ബീന മോള്‍ ആന്റണി, ലൂയിസ് മാത്യു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിന്‍സി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ട് ദിവസമായി ആലുവ പാലസില്‍ നടക്കുന്ന ശില്പശാലയില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.