റിസർവ് ബാങ്ക് ഈടില്ലാത്ത കാർഷിക വായ്പകളുടെ പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 1.60 ലക്ഷം രൂപയായി ഉയർത്തി. വ്യാഴാഴ്ച അവസാനിച്ച പണനയ സമിതി യോഗത്തിലാണ് തീരുമാനം.ചെറുകിട കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ചെറുകിട കർഷകർക്ക് പ്രതിവർഷം 6,000 രൂപയുടെ ധനസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ ഇടക്കാല ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആർ.ബി.ഐയുടെ തീരുമാനം.
2010-ലാണ് ഈടില്ലാത്ത കാർഷിക വായ്പയുടെ പരിധി ഒരു ലക്ഷമായി ഉയർത്തിയത്. അതിനു ശേഷം ഇങ്ങോട്ട് കൃഷി ചെലവിലുണ്ടായ വർധനയും ഉയർന്ന പണപ്പെരുപ്പവും കണക്കിലെടുത്താണ് വായ്പാ പരിധി 1.60 ലക്ഷമായി ഉയർത്തിയതെന്ന് ആർ.ബി.ഐ. അറിയിച്ചു.കാർഷിക വായ്പയിൽ അടക്കം മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾ പരിശോധിക്കാൻ ആഭ്യന്തര സമിതിക്ക് രൂപം നൽകാനും റിസർവ് ബാങ്ക് തീരുമാനിച്ചു.