1. എറണാകുളം ജില്ലയിൽ KSEB ഉദ്യോഗസ്ഥർ വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് കൃഷിമന്ത്രി പി പ്രസാദ്. കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേ തന്നെ KSEB ഇടപെടേണ്ടതായിരുന്നുവെന്നും, വാഴകുലച്ച് വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകന്റെ അദ്ധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. കർഷകന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വൈദ്യുത മന്ത്രിയ്ക്ക് കൃഷിമന്ത്രി കത്തയച്ചു. എറണാകുളം കോതമംഗലത്ത് വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ 406 വാഴകളായിരുന്നു കെ.എസ്.സി.ബി വെട്ടിനിരത്തിയത്. ഹൈടെൻഷൻ ലൈൻ കടന്നുപോകുന്നതു മൂലമാണ് വാഴകൾ വെട്ടിയതെന്നാണ് കെ.എസ്.സി.ബിയുടെ വാദം. എന്നാൽ ഒരു മുന്നറിയിപ്പും കൂടാതെയാണ് വാഴകൾ നശിപ്പിച്ചതെന്ന് കർഷകൻ പറയുന്നു.
കൂടുതൽ വാർത്തകൾ: പ്രധാനമന്ത്രിയ്ക്ക് ഓണസമ്മാനം: കേരളത്തിന്റെ സ്വന്തം 'കൈത്തറി കുർത്ത'
2. സംസ്ഥാനത്ത് 4 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാട് തീരത്ത് രാത്രി പതിനൊന്നര വരെ 1.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. സാധാരണക്കാർ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.
3. ദോഹയിൽ സംഘടിപ്പിച്ച സൂഖ് വാഖിഫ് ഈന്തപ്പഴ മേളയിൽ റെക്കോർഡ് വിൽപന. പത്ത് ദിവസത്തെ മേള അവസാനിച്ചപ്പോൾ 219 ടൺ ഈന്തപ്പഴമാണ് വിൽപന ചെയ്തത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ മേള കാണാനെത്തിയത് അരലക്ഷത്തോളം പേർ. ഈന്തപ്പഴ സീസണിന് തുടക്കം കുറിച്ചുകൊണ്ടാണ് സൂഖ് വാഖിഫ് മേള നടക്കുന്നത്. 103 പ്രാദേശിക ഫാമുകളിൽ കൃഷി ചെയ്ത 20ഓളം ഈന്തപ്പഴങ്ങളാണ് മേളയിൽ വിറ്റത്. 20 ലക്ഷം റിയാലാണ് മേളയിലൂടെ ലാഭം നേടിയത്.