1. കേന്ദ്ര സർക്കാരിന്റെ കിസാൻ വികാസ് പത്ര പദ്ധതിയിലൂടെ ആയിരം രൂപ നിക്ഷേപിച്ച് 10 ലക്ഷം വരെ നേടാം. തപാൽ വകുപ്പിന് കീഴിലുള്ള ഈ പദ്ധതിയിലൂടെ ചെറു സമ്പാദ്യ നിക്ഷേപങ്ങളിലും ചേരാൻ സാധിക്കും. 124 മാസത്തെ കാലാവധിയുള്ള ഒരു ഗ്യാരണ്ടീഡ്-ടു-ഡബിൾ നിക്ഷേപമാണിത്. 6.9 ശതമാനമാണ് പ്രതിവർഷം കിസാൻ വികാസ് പത്ര നൽകുന്ന കൂട്ടുപലിശ നിരക്ക്. 1000 രൂപയിൽ തുടങ്ങുന്ന നിക്ഷേപ നിരക്കിന് പരിധികളില്ല. 10 വർഷവും 4 മാസവുമാണ് നിക്ഷേപ സമയപരിധി. നിക്ഷേപ തുക പിൻവലിക്കാതെ കാലാവധി മുഴുവനും തുടരുകയാണെങ്കിൽ പണം ഇരട്ടിയായി ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു
2. ഗ്രോ ബാഗിലെ കൃഷി ഉപേക്ഷിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പ്രകൃതിയ്ക്ക് ദോഷകരമെന്ന് ബോധ്യമായതോടെ ഗ്രോബാഗുകൾ ഉപേക്ഷിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. പ്രകൃതിസൗഹൃദ രീതികളിലൂടെ കൃഷി പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമെന്നും മണ്ണിന് ദോഷകരമായ വസ്തുക്കൾ ഉപേക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. മൺചട്ടികൾ, കയർ പിത് ചട്ടികൾ, റീസൈക്കിൾ ചെയ്യാവുന്നതും കൂടുതൽ കാലം ഉപയോഗിക്കാൻ സാധിക്കുന്നതുമായ എച്ച്.ഡി.പി.ഇ കണ്ടെയ്‌നറുകൾ തുടങ്ങിയവ കൃഷിയ്ക്കായി ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. പൊടിയരിയ്ക്ക് വില കൂടിയതോടെ പാൽ, മുട്ട എന്നിവയ്ക്കും വില കൂടുമെന്ന് ഭക്ഷ്യ മന്ത്രാലയം. പൊടിയരി ഉൽപാദനം കുറഞ്ഞതും കയറ്റുമതിയില്‍ 11 ശതമാനം വർധനവുണ്ടായതും വിലക്കയറ്റത്തിന് കാരണമാകും. ആഗോളതലത്തില്‍ പൊടിയരിയുടെ ആവശ്യം ഉയര്‍ന്നതോടെ കയറ്റുമതി നിരോധിച്ച് വില ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ സാധാരണക്കാരും കര്‍ഷകരും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പൊടിയരിയാണ്. കിലോയ്ക്ക് 16 രൂപയായിരുന്ന പല സംസ്ഥാനങ്ങളിലും 22 രൂപയായി ഉയര്‍ന്നു. കോഴിത്തീറ്റയുടെ 65 ശതമാനവും പൊടിയരിയാണ്. ഇതിന്റെ ഫലമായി പാല്‍, മുട്ട എന്നിവയ്ക്ക് വില കൂടുമെന്നാണ് നിഗമനം.
4. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' വിഷയത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരം ജനശ്രദ്ധ നേടുന്നു. കുടുംബശ്രീ യോഗങ്ങൾ, വിവിധ വനിതാ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കുടുംബശ്രീയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ആധാരമാക്കിയുള്ള ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. മികച്ച ചിത്രത്തിന് 25,000 രൂപയും, മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും, മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡ് ലഭിക്കും. കൂടാതെ മറ്റ് മികച്ച പത്ത് ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതം നല്‍കും. മത്സരത്തിന്റെ അവസാന തീയതി ഒക്ടോബര്‍ 13 ആണ്. ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലോ അയയ്ക്കാം.
5. ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പത്തനംതിട്ട അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിൽ നിർമിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരവും സമ്പത്തും ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ താഴേ തട്ടിലുള്ള ജനങ്ങളുടെ ജീവിത രീതിയില്‍ മാറ്റമുണ്ടാകുമെന്നും അവസരങ്ങളും ആനുകൂല്യങ്ങളും ഉപയോഗിക്കാൻ ജനങ്ങൾ മുൻകൈയെടുക്കണമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
6. കൊല്ലത്തെ മത്സ്യത്തൊഴിലാളികളുടെ വീടെന്ന സ്വപ്‌നം യാഥാർഥ്യമായി. പള്ളിത്തോട്ടം QSS കോളനിയിൽ സർക്കാർ നിർമിച്ച 114 വീടുകളുടെ താക്കോൽ കൈമാറ്റം ഈ മാസം 29ന് നടക്കും. ഫിഷറീസ് മന്ത്രി വി അബ്‌ദുറഹ്‌മാൻ താക്കോൽ നൽകും. കോളനിയിലെ 179 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് വീട് ലഭിക്കുന്നത്. ഫിഷറീസ് വകുപ്പ് ഫണ്ടുപയോഗിച്ചാണ് മൂന്നു നിലകളിലായി ഫ്ലാറ്റ് സമുച്ചയം നിർമിച്ചത്. 65 വീടുകൾ കൊല്ലം കോർപറേഷൻ ഫണ്ടുപയോഗിച്ചാണ് നിർമിക്കുന്നത്. തീരദേശ വികസന കോർപറേഷനായിരുന്നു നിർമാണച്ചുമതല.
7. കൃഷിനാശത്തിന് ഓഫ് ലൈനായി അപേക്ഷ നൽകിയ കർഷകർക്ക് ആനുകൂല്യം നൽകാൻ ഉത്തരവ്. എടത്വാ കൃഷിഭവന് കീഴിലുള്ള കർഷകർക്കാണ് കൃഷിവകുപ്പ് ആനുകൂല്യം ലഭിക്കുന്നത്. 2021ലെ വെള്ളപ്പൊക്കത്തിൽ ഇവരുടെ കൃഷി പൂർണമായും നശിച്ചിരുന്നു. അർഹമായ നഷ്ടപരിഹാരം നൽകാൻ കൃഷി ഡയറക്ടർ ശുപാർശ നൽകിയതിന് പിന്നാലെയാണ് ഉത്തരവ്. ദുരുതാശ്വാസ ക്യാമ്പിലായതിനാൽ കർഷകർക്ക് ഓൺലൈനായി അപേക്ഷ നൽകാൻ സാധിച്ചിരുന്നില്ല.
8. പാലക്കാട് ആലത്തൂരിലെ പാടശേഖരങ്ങളിൽ നടത്തിയ പരിശോധനയിൽ മുഞ്ഞ ബാധ സ്ഥിരീകരിച്ചു. മുഞ്ഞ ബാധയുണ്ടായാൽ തണ്ടും ഇലകളും മഞ്ഞനിറത്തിലാവുകയും ശേഷം കരിഞ്ഞ് പോകുകയും ചെയ്യും. കതിരുവന്ന പാടങ്ങളിലാണെങ്കിൽ വിള പൂർണമായും നശിക്കും. പറക്കാൻ കഴിവുള്ള കീടങ്ങളാണ് മുഞ്ഞ. മാരക കീടനാശിനികൾ പാടങ്ങളിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലെന്നാണ് അധികൃതരുടെ നിർദേശം.
9. വ്യാജൻ വിപണിയിൽ സജീവമായതോടെ മറയൂരിലെ കരിമ്പ് കർഷകർ നിരാശയിൽ. വ്യാപാരികൾ മറയൂർ ശർക്കരയുടെ വ്യാജന് മുൻതൂക്കം നൽകുമ്പോൾ കർഷകരും തൊഴിലാളികളും നോക്കുകുത്തികളാകുന്നു. ഓണസീസണ് മുമ്പ് വരെ 80 രൂപ വരെയായിരുന്ന ശർക്കരയ്ക്ക് ഇപ്പോൾ വില അറുപതിനും താഴെയാണ്. ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഭൗമസൂചിക പദവി വരെ നേടിയ ശർക്കരയ്ക്ക്, തമിഴ്നാട്ടിൽ നിന്നെത്തുന്ന വ്യാജന്മാരാണ് എതിരാളികൾ. മുതൽമുടക്ക് പോലും ലഭിക്കാത്ത സാഹചര്യത്തിൽ കരിമ്പ് കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് കർഷകർ. 3000ത്തിലധികം ഏക്കറിൽ ചെയ്തിരുന്ന കൃഷി ഇപ്പോൾ 700 ഏക്കറായി കുറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നും ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ മറയൂർ ശർക്കരയുടെ ഖ്യാതി നാമാവശേഷമാകും.
10. മനാമ ടൂബ്ലി ബേ സൗന്ദര്യവത്കരണ പദ്ധതികൾ വിലയിരുത്തി ബഹ്റൈൻ സർക്കാർ. നിലവിൽ ടൂബ്ലി ബേയിൽ നടക്കുന്ന പരിസ്ഥിതി സൗന്ദര്യവത്കരണ പദ്ധതികൾ മലിനജല സംസ്കരണ പ്ലാന്റിന്റെ നവീകരണ പദ്ധതികളോടനുബന്ധിച്ച്, പൂർത്തിയാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ഹസൻ അൽ ഹവാജ് പറഞ്ഞു. മആമീർ കനാൽ നവീകരണം, പാലം നവീകരണം എന്നിവയും ഇതിന്റെ ഭാഗമായി നടപ്പാക്കും. പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും വേണ്ടിയാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് പരിസ്ഥിതി, എണ്ണകാര്യ മന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന വ്യക്തമാക്കി.
11. കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കുന്നു. കാലവർഷം കഴിയാൻ ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും കാര്യമായ മഴ പ്രതീക്ഷിക്കുന്നില്ല. വരും ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ ഉണ്ടാകും. ഒറീസ തീരത്ത് ന്യുനമർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും ഇത് കേരളത്തെ ബാധിക്കില്ല.