1. സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷികമേഖലയില്‍ ഡ്രിപ്, സ്പ്രിങ്ക്ളര്‍, മൈക്രോ സ്പ്രിങ്ക്ളര്‍, റെയ്ന്‍ ഗണ്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനായാണ് അപേക്ഷ ക്ഷണിച്ചത്. ചെറുകിട കര്‍ഷകര്‍ക്ക് അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റു കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ച് ഹെക്ടര്‍ കൃഷിക്ക് ആനുകൂല്യം ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ സഹിതമുള്ള അപേക്ഷ കൊല്ലം ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8606069173, 9846302765 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.
2. കേരളത്തിൽ ഏറ്റവും ലാഭകരമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് കൂൺ കൃഷിയെന്നും വിവിധങ്ങളായ ഇനങ്ങൾ എന്ന് കേരളത്തിൽ കർഷകർ കൃഷി ചെയ്യുന്നുണ്ടെന്നും കൂണിനെ സൂപ്പർ ഫുഡ് ആയി ലോകം തന്നെ അംഗീകരിച്ചു കഴിഞ്ഞുവെന്നും കൃഷിമന്ത്രി പി പ്രസാദ്. ചേർത്തലയിലെ വീട്ടിലെ കൂണിന്റെ വിളവെടുപ്പ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 100% വിഷരഹിതമായി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന പ്രത്യേകതയും കൂണിനുണ്ട്. കൃഷി വകുപ്പ് കേരളത്തിലെ നൂറിടങ്ങളിൽ ഇപ്പോൾ കൂൺഗ്രാമങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞുവെന്നും ആരോഗ്യവും ആദായവും കൂൺ കൃഷിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 750 മുതൽ 1000 ബെഡ്ഡുകൾ വരെ ഉപയോഗിക്കാൻ കഴിയുന്ന മഷ്‌റൂം യൂണിറ്റാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ മുൻനിര കൂൺ ഉത്പാദകരായ മൺസൂൺ മഷ്‌റൂംസ് ആണ് മന്ത്രിയുടെ വസതിയിൽ ഹൈടെക് മഷ്‌റൂം യൂണിറ്റ് നിർമിച്ചു നൽകിയത്.
3. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതിനെത്തുടർന്നാണ് മഴ വീണ്ടും ശക്തി പ്രാപിച്ചത്. ഇതിനെ തുടര്‍ന്ന് മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ പതിനൊന്നാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.