കാർഷിക മേഖല കാലാനുസൃതമായി പുതിയവിപണി കണ്ടെത്തണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. അമ്പലവയൽ കാർഷിക കോളേജിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വർഷത്തിനകം കർഷകരുടെ പ്രതീശീർഷ വരുമാനം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാർഷികവിളകളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വിപണം ചെയ്താൽ മാത്രമേ ഇതിന് സാധിക്കുകയുളളു. ആന്ധ്രയിലെ അരക്കുവാലി ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. അതിനാൽ വിദേശ വിപണികളിൽ വയനാടൻ കാപ്പിയടക്കമുളള തനത് ഉൽപ്പന്നങ്ങൾക്ക് വൻ വില ലഭിക്കാൻ കാർഷിക രീതിയിലടക്കം മാറ്റങ്ങൾ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും കാർഷിക വരുമാനവർധനയുമെന്ന ലക്ഷ്യം കൈവരിക്കാൻ കർഷകരെ പ്രാപ്തരാക്കാനുളള വെല്ലുവിളി ഏറ്റെടുക്കാൻ അധ്യാപക, വിദ്യാർഥി സമൂഹം മുന്നോട്ട് വരണം. വയനാടിനെ കാർബൺ ന്യൂട്രൽ ജില്ലയാക്കി മാറ്റുന്ന കാര്യത്തിൽ ഏവരുടെയും പിന്തുണ അനിവാര്യമാണ്. കാലവാസ്ഥ വ്യതിയാനത്തിനനുസരിച്ചുള്ള കാർഷിക രീതികൾ അവലംഭിക്കേണ്ടതുണ്ട്. മീനങ്ങാടി പഞ്ചായത്ത് നടപ്പാക്കുന്ന കാർബൺ ന്യൂട്രൽ പദ്ധതി മാതൃകയാക്കാൻ എല്ലാ പഞ്ചായത്തുകളും മുന്നോട്ട് വരണമെന്നും ധനകാര്യമന്ത്രി പറഞ്ഞു.
പെൺകുട്ടികൾക്കുളള ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും മന്ത്രി തോമസ് ഐസക്ക് നിർവഹിച്ചു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായി. സംസ്ഥാനത്ത് മൂന്ന് കാർഷിക കോളേജുകൾ കൂടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുമരകം, പാലക്കാട്, കോഴിക്കോട് എന്നിവടങ്ങളിലാണ് കോളേജുകൾ സ്ഥാപിക്കുക. തുറമുഖ - മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി മുഖ്യ പ്രഭാഷണം നടത്തി. സീറോകാർബൺ ക്യാമ്പെയിന്റെ ഭാഗമായി വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. കേരള കാർഷിക സർവകലാശാലയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വിവിധ മേഖലകളിൽ മികവു തെളിയിച്ച വിദ്യാർഥികളെ അനുമോദിക്കലും പഠനസഹായികളുടെ വിതരണവും നടന്നു.