പ്രമുഖ കാർഷികശാസ്ത്രജ്ഞയും തഴവ കുതിരപ്പന്തി വെങ്ങാട്ടം പള്ളി മഠത്തിൽ അക്ഷയ റിട്ട. കൃഷി ശാസ്ത്രജ്ഞൻ ഡോ.ആര്‍ ഡി. അയ്യരുടെയുമായ ഭാര്യ ഡോ. രോഹിണി അയ്യർ (79) നിര്യാതയായി. തഴവ നവശക്തി ട്രസ്റ്റിന്റെ സ്ഥാപകയും കൂടിയായിരുന്നു ഡോ. രോഹിണി അയ്യർ. സി.പി.സി.ആര്‍.ഐയില്‍ ദീര്‍ഘകാലം ശാസ്ത്രജ്ഞയായിരുന്ന അവർ നിരവധി ശാസ്ത്രലേഖനങ്ങളും രചിച്ചിട്ടുണ്ട്.
വിവിധ കാർഷിക ഗവേഷണകേന്ദ്രങ്ങളിൽ മേധാവിയായി സേവനമനുഷ്ടിച്ചിട്ടുള്ള ഡോ. രോഹിണി അയ്യർ വിരമിച്ചത് കാസർഗോഡ് സി.പി.സി.ആര്‍.ഐ.യിലെ മേധാവിയായിട്ടായിരുന്നു. 2007-ൽ കൊല്ലം ജില്ലയിലെ തഴവ വില്ലേജിലെ വെങ്ങാട്ടമ്പള്ളിയിൽ 'നവശക്തി ട്രസ്റ്റ്' എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ഡോ. എം.എസ്. സ്വാമിനാഥന്റെ നിർദ്ദേശ പ്രകാരം 'സുസ്ഥിരകൃഷിയിലൂടെ കർഷകരുടെ ഉന്നമനം' എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം രൂപീകൃതമായത്. പ്രകൃതിമിത്ര റബർ ചെടിച്ചട്ടികൾ ഉൾപ്പെടെയുള്ള നിരവധി പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും ട്രസ്റ്റിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി നടത്തി.
നബാർഡിന്റെ സഹായത്തോടെ ഭക്ഷ്യസുരക്ഷാ ബോധവത്ക്കരണ പരിശീലനപരിപാടികളും വിദ്യാർത്ഥികളെ കാർഷികമേഖലയിലേക്ക് ആകർഷിക്കുന്നതിനായി സ്കൂളുകൾ കേന്ദ്രീകരിച്ച് വിവിധ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. പ്രകൃതിമിത്ര റബർ ചെടിച്ചട്ടികൾ കൂടാതെ ജൈവവളങ്ങൾ, വിവിധയിനം കൂണുകൾ, മിത്രകുമിളായ ട്രൈക്കോഡെർമ, മെത്തപ്പായ നിർമിക്കുന്നതിനായി മുള്ളില്ലാത്ത ടിഷ്യുകൾചർ കൈതച്ചെടി എന്നിവയും വികസിപ്പിച്ചെടുത്തു.
ഡോ. എം.എസ്. സ്വാമിനാഥന്റെ ജീവിതത്തിലൂടെ ഇന്ത്യന്‍ കാര്‍ഷികമേഖലയിലുണ്ടായ പരിവര്‍ത്തനം മലയാളത്തിൽ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപാണ് കവിതകള്‍ മാത്രമെഴുതിരുന്ന ഡോ. രോഹിണി "സാക്ഷി" എന്ന നോവല്‍ രചിച്ചത്. കേരളത്തിലെ തമിഴ് ബ്രാഹ്‌മണരുടെ കഥ പറയുന്ന "സാക്ഷി" അവരുടെ ആത്മകഥനം കൂടിയാണ്. 1944ല്‍ ജനിച്ച ഡോ. രോഹിണി തന്റെ 80-ാം വയസ്സടുക്കുന്ന സമയത്ത്, 2023-ല്‍ ഈ വലിയ നോവല്‍ എഴുതി പൂര്‍ത്തിയാക്കിയെന്നത് വിസ്മയകരമായ കാര്യമാണ്.
ബാല്യം, യൗവ്വനം, വാര്‍ധക്യം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് ഈ നോവല്‍ രചിച്ചിരിക്കുന്നത്. പുസ്തക പ്രകാശനം 2023, മെയ് 25-ന് നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നിരവധി പുരസ്കാരങ്ങളും ഡോ. രോഹിണി അയ്യരെ തേടിയെത്തിയിട്ടുണ്ട്.
പ്രശസ്ത പിന്നണിഗായിക ചിത്ര അയ്യർ മകളാണ്. മറ്റുമക്കൾ: ശാരദാ അയ്യർ (ജർമനി), ഡോ. രമ അയ്യർ (യു.കെ), മരുമകൻ: വിനോദ് ശിവരാമൻ (പൈലറ്റ്, ഇൻഡിഗോ).
ചിത്രങ്ങൾക്ക് കടപ്പാട്: ഫേസ്ബുക്