1. കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കാര്‍ഷികമേഖലയില്‍ ചെലവുകുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ അഥവാ സ്‌മാം (SMAM) പദ്ധതി. കേന്ദ്രസർക്കാരിന് കീഴിലുള്ള ഫാം മിഷനറി ട്രെയിനിങ് ആൻഡ് ടെസ്റ്റിങ് സെന്ററുകൾ അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന കൃഷി മന്ത്രാലയം അംഗീകരിച്ച സ്ഥാപനങ്ങളിൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും അംഗീകൃത പട്ടികയിൽ നിന്നും തിരഞ്ഞെടുക്കുന്നവയ്ക്കായിരിക്കും ധനസഹായം അനുവദിക്കുന്നത്. പട്ടികജാതി, പട്ടികവർഗ, ചെറുകിട, വനിതാ സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, സംരംഭകർ, കർഷക സംഘങ്ങൾ എന്നിവർക്ക് പവർ ടില്ലർ, ട്രാക്ടർ, കൊയ്ത്ത് മെതിയന്ത്രം, നടീൽ യന്ത്രം തുടങ്ങിയ കാർഷിക യന്ത്രങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി 40% മുതൽ 60% വരെയാണ് സബ്സിഡി ലഭിക്കുക. കൂടാതെ വ്യക്തിഗത ആനുകൂല്യവും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹിയറിംഗ് സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുമായി agrimachinery.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2. ആലുവ തുരുത്തിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ ‘ആലുവ ഫാം ഫെസ്റ്റ് 2025’ ന് തുടക്കമായി. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ മെയ് 5, 6, 7 തീയതികളിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കാർഷിക പ്രദർശന - വിപണന മേള, സെമിനാറുകൾ, ക്ളാസുകൾ, ഡോക്യുമെന്ററി - വീഡിയോ പ്രദർശനം, മഡ് പ്ലേ, ചൂണ്ടയിടൽ, വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. മൂന്ന് ദിവസവും രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറു മണി വരെ പൊതുജനങ്ങൾക്ക് സൗജന്യപ്രവേശനത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൃഷി മന്ത്രി പി.പ്രസാദ് ഉദ്‌ഘാടനകർമം നിർവഹിച്ച ചടങ്ങിന് അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.
3. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെയടിസ്ഥാനത്തിൽ ഒൻപതാം തീയതി വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, പകൽ താപനില ഉയർന്നു തന്നെ തുടരും.