കഴിഞ്ഞ ആഴ്ചയാണ് ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് എൺപത് ശതമാനം ഡിസ്‌കൗണ്ട് ഓഫറുകൾ ഇറക്കിയത്. ഫ്ലിപ്കാർട്ടിൻറെ മുഖ്യ എതിരാളിയായ ആമസോണും വമ്പൻ ഓഫറുകളുമായി പുറകെ തന്നെ എത്തിയിരിക്കുകയാണ്.
ഫ്ലിപ്കാര്‍ട്ടിന് സമാനമായി തന്നെ വിവിധ വിഭാഗങ്ങളിൽ 80 ശതമാനം വരെ ഓഫറുകൾ നൽകുന്ന വിൽപനയാകും ആമസോണും സംഘടിപ്പിക്കുക. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിലാണ് എല്ലാവര്‍ഷത്തെയും ഈ ഉത്സവകാല വിൽപ്പന.
ഫ്ലിപ്കാര്‍ട്ട് ഉത്സവകാല വിൽപ്പനയായ ബിഗ് ബില്യൺ ഡേയ്സിൻെറ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും തിയതികൾ പുറത്ത് വിട്ടിരുന്നില്ല. ആമസോണും തിയതികൾ പ്രഖ്യാപിക്കാതെ തന്നെയാണ് ഓഫര്‍ വിൽപ്പനയുടെ സൂചനകൾ നൽകുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട്ട്ഫോണുകൾ, സ്മാർട്ട് ടിവി, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, വയർലെസ് ഇയർബഡുകൾ, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ആകര്‍ഷകമായ ഇളവുകൾ ലഭിക്കും.
തുണിത്തരങ്ങൾ മറ്റ് ലൈഫ്സ്റ്റൈൽ ഉത്പന്നങ്ങൾ തുടങ്ങിയവയും കുറഞ്ഞ ചെലവിൽ വാങ്ങാം. ആമസോൺ പേയിലൂടെ നടത്തുന്ന ഓൺലൈൻ ഇടപാടുകൾക്ക് അഞ്ച് ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. ജോയിനിങ് ബോണസായി 750 രൂപയും വാലറ്റിൽ ലഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കുമുണ്ട് ഇളവുകൾ. അഞ്ച് ശതമാനം പ്രത്യേക ഇളവ് ലഭിക്കും. ബജാജ് ഫിൻസെർവ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പര്‍ച്ചേസുകൾക്ക് പലിശ രഹിത ഇഎംഐ ഓഫർ ചെയ്യും. ഒരു ലക്ഷം രൂപ വരെയാണിത്..
ഫെസ്റ്റിവൽ വിൽപ്പനയുടെ ഭാഗമായി ആമസോൺ എക്സ്ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. 25,000 രൂപ വരെയുള്ള തുകയിൽ എക്സ്‍ചേഞ്ച് ഓഫര്‍ സംഘടിപ്പിക്കും.
എല്ലാ വർഷത്തെയും പോലെ, ആമസോൺ പ്രൈം അംഗങ്ങൾക്കും സാധാരണ അംഗങ്ങൾക്കും കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ ലഭിക്കും. പ്രൈം അംഗത്വം ലഭിക്കാൻ മൂന്ന് മാസത്തേക്ക് 329 രൂപയും ഒരു വർഷത്തേക്ക് 999 രൂപയുമാണ് നൽകേണ്ടത്. ആമസോൺ പ്രൈം വെബ്സൈറ്റിലുടെ അംഗത്വമെടുക്കാം. സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ തുടങ്ങി ഓൺലൈനിൽ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന വിഭാഗങ്ങളിൽ വമ്പിച്ച ഡിസ്കൗണ്ട് നൽകിയേക്കും.
റിയൽമി 4 കെ സ്മാര്‍ട്ട് ടിവിയുടെ ലോഞ്ചിങ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സ്മാര്‍ട്ട് ടിവി ഫ്ലിപ്കാര്‍ട്ടി ഓഫറിൽ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട്. അതേസമയം ടിവിയുടെ യഥാര്‍ത്ഥ വില എത്രയാണെന്നത് പുറത്ത് വിട്ടിട്ടില്ല. ഫ്ലിപ്കാർട്ട് ഉത്സവകാല വിൽപ്പനയായ ബിഗ് ബില്യൺ ഡേയ്സിൽ 10-70 ശതമാനം വരെ കിഴിവിൽ ഉത്പന്നങ്ങൾ വിറ്റഴിച്ചേക്കും എന്നാണ് സൂചന. പ്രത്യേക ഓഫറുകൾക്കായി ഫ്ലിപ്കാര്‍ട്ട് ആക്സിസ് ബാങ്കും ഐസിഐസിഐ ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, പേടിഎം ഉപഭോക്താക്കൾക്കും ക്യാഷ് ബാക്ക് ഉൾപ്പെടെ അധിക ഓഫര്‍ ലഭിച്ചേക്കും.