കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് അന്താരാഷ്ട്ര യോഗ കേന്ദ്രം ആരംഭിക്കുമെന്ന് കായിക- ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. തലശ്ശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര യോഗ കേന്ദ്രത്തിനായി 15 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ 75 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിക്കുക. വിദേശത്തുനിന്നുള്ളവർക്ക് അടക്കം യോഗ അഭ്യസിക്കാനുള്ള സൗകര്യം ഇവിടെ ലഭിക്കും. മൂന്നുവർഷത്തിനകം ഇത് പൂർത്തീകരിക്കും.
കായികരംഗത്ത് ആറു വർഷം കൊണ്ട് 1500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ജില്ലാ ആസ്ഥാനങ്ങളിൽ പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിച്ചു. ഏകദേശ കണക്ക് പ്രകാരം 45000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിൽ കായിക രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന സ്വകാര്യ ടർഫുകൾ ഇതിനുദാഹരണമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് ഭദ്രമായ ദീർഘ വീക്ഷണമുള്ള കായിക നയം കൊണ്ടുവരാൻ ഉദേശിക്കുന്നുണ്ട്. സ്വന്തമായി കളിക്കളം ഇല്ലാത്ത 465 പഞ്ചായത്തുകളിൽ സ്വന്തം കളിക്കാൻ നിർമ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കി വരുന്നു.
കായികക്ഷമത മിഷന്റെ പ്രവർത്തന ഫലമായി കേരളത്തിൽ അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നു. കോഴിക്കോട് സർവ്വകലാശാലയുമായി ചേർന്ന് അവിടെ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും. കായിക സർട്ടിഫിക്കറ്റുകളുടെ വിതരണം പൂർണമായും ഓൺലൈൻ വഴിയാക്കും. ഈ മാസം തന്നെ ഇത് ആരംഭിക്കും. വ്യാജ സർട്ടിഫിക്കറ്റുകകളിലൂടെ ജോലി നേടുന്ന പ്രവണത ഇല്ലാതാവും . ജനുവരിയിൽ ഒമ്പത് ജില്ലകളിൽ ബീച്ച് സ്പോർട്സ് ആരംഭിക്കും. തീരദേശങ്ങളിലെ ഫിഷറീസ് സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഒരു വർഷത്തിനുള്ളിൽ ആറ് സ്പോർട്സ് അക്കാദമികൾ ആരംഭിക്കും. ഓരോ ജില്ലകളിലും പ്രത്യേകം തിരഞ്ഞെടുത്ത ഒളിമ്പിക്ക് ഇനങ്ങളിൽ പരിശീലനം നൽകും. ഇതിനായി 14 ജില്ലകളിൽ 14 പുതിയ അക്കാദമികൾ ആരംഭിക്കും. ഇവിടങ്ങളിൽ പരിശീലനത്തിന് വിദേശരാജ്യങ്ങളിലെ കോച്ചുകളെ എക്സ്ചേഞ്ച് ചെയ്യാൻ സർക്കാർ ഒപ്പുവച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ കായിക രംഗത്ത് വിവിധ പദ്ധതികൾ നടന്നു വരുന്നുണ്ട്. സ്‌റ്റേഡിയം നിർമ്മാണത്തിന് പയ്യന്നൂരിൽ 13 കോടി രൂപ , പരിയാരം മെഡിക്കൽ കോളേജിന് ഏഴ് കോടി, മയ്യിൽ നാലു കോടി, കല്ല്യാശ്ശേരിയിൽ മൂന്ന് കോടി രൂപ വീതവും പാപ്പിനിശ്ശേരി ഇൻഡോർ സ്റ്റേഡിയത്തിന് അഞ്ചു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അഴീക്കോടും ആന്തൂരും അത്യാധുനിക ഫിറ്റ്നസ് സെൻററുകൾ എന്നിവ ഒരുക്കും. കൂടാതെ തലശ്ശേരി സ്റ്റേഡിയത്തിൽ ജിംനാഷ്യവും അനുവദിക്കുമെന്ന് അദ്ദഹം കൂട്ടിച്ചേർത്തു.
സർക്കാർ കോടികൾ മുടക്കി നവീകരിച്ച സ്റ്റേഡിയം കാലങ്ങളിലും ഇതുപോലെ നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കിഫ്ബി സ്റ്റേഡിയങ്ങൾ ഏറ്റെടുക്കുമ്പോൾ സർക്കാർ ധാരണ പ്രകാരം ഇവ നടത്താൻ മാനേജ്മെന്റ് കമ്മിറ്റി ഉണ്ടാകണമെന്നത് നിർബന്ധമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേധാവിയാണ് കമ്മിറ്റിയുടെ അധ്യക്ഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലശ്ശേരി ഗുണ്ടർട്ട് റോഡിലെ 6.2 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലാണ് നവീകരിച്ചത്. കിഫ്ബി ഫണ്ടിൽ നിന്ന് 13.05 കോടി രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. എട്ട് ലൈനോട് കൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ കോർട്ടുകൾ, ഗ്യാലറി, കളിക്കാർക്ക് വസ്ത്രം മാറാനുള്ള നാല് മുറികൾ, 250 പേരെ വീതം ഉൾക്കൊളളുന്ന പാർട്ടി, മീറ്റിംഗ് ഹാളുകൾ, പൊതുജനങ്ങൾക്കുള്ള ശുചിമുറികൾ, വി ഐ പി ലോഞ്ച്, മീഡിയ റൂം, കളിക്കാർക്കുള്ള മുറികൾ, ഓഫീസ് മുറി എന്നിവയാണ് സ്റ്റേഡിയത്തിലുള്ളത്. കായിക വകുപ്പിന് കീഴിലെ സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് നടത്തിപ്പ് ചുമതല.
ബന്ധപ്പെട്ട വാർത്തകൾ: അരുൺ ഗോയൽ, പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു