1. കുറഞ്ഞ കൃഷിയിടത്തിൽ കൂടുതൽ വിളവ് നേടുന്ന ബ്രസീലിയൻ കൃഷിരീതി രാജ്യത്ത് പരീക്ഷിക്കാനുള്ള തയ്യാറെടുപ്പുമായി കേന്ദ്ര കൃഷിമന്ത്രാലയം. നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം, കാര്യക്ഷമമായ ഭൂവിനിയോഗം, സുസ്ഥിരകൃഷി എന്നിവയിലൂടെ വിളവ് വർധിപ്പിക്കുന്ന മാതൃക ഇന്ത്യയിലും നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര കൃഷിമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ ബ്രസീൽ സന്ദർശനത്തിനു പിന്നാലെയാണ് തീരുമാനം. സോയാബീൻ, ചോളം, തക്കാളി തുടങ്ങിയ വിളകളുടെ കൃഷിരീതികളിലാണ് ആദ്യഘട്ടത്തിൽ ബ്രസീലിയൻ കൃഷിരീതി പരീക്ഷിക്കുന്നത്. മണ്ണിന്റെ ആരോഗ്യം വർധിപ്പിക്കുക, ജലസേചനത്തിൽ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുക, വളപ്രയോഗത്തിനായി ജി.പി.എസ്-സംവിധാനങ്ങളോടു കൂടിയ ഉപകരണങ്ങൾ, ഡ്രോണുകൾ എന്നിവ ഉപയോഗിക്കുക, ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് കൃഷി വിലയിരുത്തുക തുടങ്ങിയ മാർഗങ്ങളാണ് ബ്രസീൽ കൃഷിയിൽ അവലംബിച്ചുവരുന്നത്.
2. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അംഗങ്ങൾക്ക് തടസ്സമില്ലാതെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി അംഗങ്ങളുടെ ആധാർ കാർഡ്, ഉപയോഗത്തിലുള്ള ബാങ്ക് പാസ്ബുക്ക്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ബോർഡിന്റെ സോഫ്റ്റ്‌വെയറിൽ ചേർക്കുന്നതിനായി എത്രയും വേഗം ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. 2020 നു ശേഷം പുതിയ അംഗത്വം എടുത്തവരും വിവാഹം, പ്രസവം, ചികിത്സ, വിദ്യാഭ്യാസം എന്നീ ആനുകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിച്ചവരും വീണ്ടും രേഖകൾ നൽകേണ്ടതില്ല. ജനന തീയതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി / ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കണം. ക്ഷേമനിധി പാസ്ബുക്കിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2729175. എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇന്ന് വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ബുധൻ വ്യാഴം ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേ സമയം പകൽ താപനില ഉയർന്നു തന്നെ തുടരും. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.