സമസ്ത മേഖലയിലുമുള്ള തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കി മുന്നേറുകയാണ് തൊഴിൽ വകുപ്പ്. കേരളത്തിൽ എത്തുന്ന അതിഥി തൊഴിലാളികൾക്ക് 'അപ്നാ ഘർ പദ്ധതി' വഴി ചെലവ് കുറഞ്ഞ താമസസൗകര്യം ഒരുക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീരകർഷകന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന കിടിലം പദ്ധതികൾ
പദ്ധതിയുടെ ഭാഗമായി കളമശേരി കിൻഫ്ര ഹൈടെക് പാർക്കിൽ ആയിരം പേർക്ക് താമസിക്കാവുന്ന ഹോസ്റ്റൽ സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. തൊഴിൽദാതാവ് താമസ സൗകര്യം നൽകാത്തതുമൂലം വൃത്തിഹീനമായ ചുറ്റുപാടിലാണ് പല അതിഥി തൊഴിലാളികളും ജീവിക്കുന്നത്. ഇത് പകർച്ചവ്യാധികളിലേക്കും സാമൂഹിക പ്രശ്നങ്ങളിലേക്കും നയിക്കുന്നു. പദ്ധതി വഴി ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിക്കും.
വാക്സിനേഷനിലും സജീവ പ്രവർത്തനങ്ങൾ
അതിഥി തൊഴിലാളികളിൽ കോവിഡിന് എതിരെയുള്ള ഒന്നാം ഡോസ് വാക്സിനേഷൻ 1,19,620 പേർക്കും, രണ്ടാം ഡോസ് വാക്സിനേഷൻ 65,360 പേർക്കുമാണ് നൽകിയത്. കുടിയേറ്റ തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ നൽകുന്നതിനുമായി കേരള അതിഥി എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു. അതിഥി തൊഴിലാളികൾക്ക് ശുചിത്വവും സുരക്ഷിതവുമായ താമസസൗകര്യം ഉറപ്പാക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച മറ്റൊരു പദ്ധതിയാണ് 'ഗസ്റ്റ് വർക്കേഴ്സ് ഫ്രണ്ട്‌ലി റെസിഡൻസ് ഇൻ കേരളം (ആലയ്)'. ജില്ലയിലെ ബംഗാൾ കോളനിയിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികൾക്ക് സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കി തൊഴിൽ വകുപ്പ്
സ്ത്രീ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ പരാതിപ്പെടാനും സമയബന്ധിതമായി പരിഹാരം കാണാനുമായി തൊഴിൽ വകുപ്പ് ആരംഭിച്ച സഹജ കോൾ സെന്റർ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. അസംഘടിത തൊഴിലാളികൾക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി വഴി തൊഴിലാളികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്നതിനും നിലവിലുള്ള ക്ഷേമനിധി ബോർഡുകളും സംസ്ഥാന പദ്ധതികളും ഏകോപിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. തൊഴിൽ വകുപ്പിന് കീഴിൽ വരുന്ന 16 ക്ഷേമനിധി ബോർഡുകളെ ഡിജിറ്റൽവത്കരിക്കുന്നതിനും ഒന്നിലധികം ബോർഡുകളിൽ അംഗത്വം എടുക്കുന്നത് ഒഴിവാക്കുന്നതിനും അംശാദായം ഓൺലൈനായി അടയ്ക്കുന്നതിന് വേണ്ടിയുള്ള അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം സോഫ്റ്റ്‌വെയർ പ്രവർത്തനമാരംഭിച്ചു.
മികച്ച തൊഴിലാളികളെ തെരഞ്ഞെടുത്ത് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നൽകി വരുന്നു. സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമാണ തൊഴിലാളി, ചെത്ത് -മരം കയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, ഗാർഹിക തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി, സെയിൽസ്മാൻ- സെയിൽസ് വുമൺ, നഴ്സ് തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച തൊഴിലാളികളെ കണ്ടെത്തി അവാർഡ് നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാനായി ഏതൊക്കെ ബാങ്കുകൾ വായ്പ തരും?
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ ഗുണനിലവാരം അനുസരിച്ച് തരംതിരിക്കുന്ന പദ്ധതി തൊഴിൽ വകുപ്പ് നടപ്പിലാക്കിവരുന്നു. തൊഴിൽ നിയമം അനുശാസിക്കുന്ന ക്ഷേമ പരിപാടികൾ, കുറഞ്ഞ വേതന മാനദണ്ഡങ്ങൾ നടപ്പിലാക്കുക, സ്ത്രീ സൗഹൃദ സൗകര്യങ്ങൾ, ശുചിത്വം, ഗുണഭോക്താക്കൾക്ക് ഗുണമേന്മ ഉറപ്പുവരുത്തൽ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ വിലയിരുത്തുന്നതാണ് പദ്ധതി.