1. കാപ്കോസിന് നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രകച്ചറൽ ഡെവലപ്പ് മെന്റ് ഫണ്ട് (ആർ. ഐ. ഡി. എഫ്) പദ്ധതിപ്രകാരമുള്ള 74 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. നെൽകർഷകരുടെ തീരാദുരിതത്തിന് പരിഹാരമായി സഹകരണമേഖലയിൽ തുടങ്ങിയതാണ് കാപ്കോസ് അഥവാ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. സർക്കാർ ഗ്യാരന്റിയിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്. കാപ്കോസിന്റെ ആദ്യമില്ലിന്റെ നിർമ്മാണ പ്രവർത്തനം ഏറ്റുമാനൂർ കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം പത്തേക്കർ ഭൂമിയിൽ ആരംഭിച്ചു. നൂതനമായ സാങ്കേതികവിദ്യയിൽ അധിഷ്ടമായ മില്ലാണ് നിർമ്മിക്കുന്നത്. ഇവിടെ 50,000 മെട്രിക് ടൺ നെല്ല് പ്രതിവർഷം സംസ്‌ക്കരിക്കാൻ സാധിക്കും. റൈസ് മില്ലിന്റെ നിർമാണം പതിനെട്ടുമാസത്തിനുള്ളിൽ പൂർത്തികരിച്ച് അരി ജനങ്ങൾക്ക് എത്തിക്കുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
2. ആലപ്പുഴ ജില്ലാ അഗ്രി ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി സമ്മിശ്രകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏറ്റവും മികച്ച കർഷകനെ തെരഞ്ഞെടുത്ത് നല്‍കുന്ന ആര്‍ ഹേലി സ്മാരക കര്‍ഷകശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിജ്ഞാനമുള്ള കര്‍ഷകനാണെന്ന സ്ഥലത്തെ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റോടുകൂടിയുള്ള അപേക്ഷകള്‍ ഡിസംബര്‍ 18 ന് അഞ്ചു മണിയ്ക്ക് മുമ്പായി രവി പാലത്തുങ്കല്‍, സെക്രട്ടറി, ആലപ്പുഴ ജില്ലാ അഗ്രി ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി, എവിപി ബില്‍ഡിംഗ്, സനാതനം വാര്‍ഡ്, അലപ്പുഴ-688001 എന്ന മേൽവിലാസത്തില്‍ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447225408 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. 15,551 രൂപയുടെ ക്യാഷ് അവാര്‍ഡ്, പ്രശംസാപത്രം, ഫലകം എന്നിവയാണ് പുരസ്കാര ജേതാവിന് ലഭിക്കുന്നത്.
3. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലാണ് മഴ സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അതിതീവ്ര മഴയിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിൽ പറയുന്നുണ്ട്. അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് റവന്യു വകുപ്പും അറിയിച്ചിട്ടുണ്ട്.